KeralaNews

അപകടത്തില്‍പ്പെട്ട് മകള്‍ മരിച്ചപ്പോള്‍ അച്ഛന്‍ ഓര്‍ത്തത് മകള്‍ക്ക് നല്‍കിയ വാക്കാണ്; ചേതനയറ്റ അവളുടെ പാദത്തില്‍ ആ അച്ഛന്‍ കൊലുസ് ചാര്‍ത്തി

മൂലമറ്റം: അപകടത്തില്‍പ്പെട്ട് മകള്‍ മരിച്ചപ്പോള്‍ അച്ഛന്‍ ഓര്‍ത്തത് മകള്‍ക്ക് നല്‍കിയ വാക്കാണ്. ചേതനയറ്റ അവളുടെ പാദത്തില്‍ ആ അച്ഛന്‍ കൊലുസ് ചാര്‍ത്തി. മകളുടെ വിറങ്ങലിച്ച പാദങ്ങളില്‍ സ്വര്‍ണക്കൊലുസ്സണിയിച്ച് ഒരുനിമിഷം ആ അച്ഛന്‍ നോക്കിനിന്നു.ക്രിസ്മസ് നാളില്‍ മൂലമറ്റം ജി.വി.എച്ച്.എസ്.എസിന്റെ മുറ്റത്ത് ആ കാഴ്ച കണ്ടുനിന്നവരുടെയും കണ്ണുകള്‍ നിറഞ്ഞുപോയി.

കുളമാവ് പുതുപ്പറമ്പില്‍ അനില്‍കുമാറിന്റെയും ശാന്തയുടെയും മകളാണ് മൂലമറ്റം ജി.വി.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാര്‍ഥിനി അനഘ. ഈ മാസം 16-ന് പിക്കപ്പ് വാനിടിച്ച് ചികിത്സയിലായിരുന്നു അനഘ ശനിയാഴ്ചയാണ് മരിച്ചത്. ക്രിസ്മസ് ദിനത്തിലാണ് അനഘയുടെ മൃതദേഹം വിദ്യാലയത്തില്‍ പൊതുദര്‍ശനത്തിനുവെച്ചത്.

തുച്ഛവരുമാനത്തില്‍നിന്ന് മിച്ചംപിടിച്ച് അനില്‍ വാങ്ങിക്കൊടുത്ത സമ്മാനമായിരുന്നു ആ കൊലുസ്സ്. പക്ഷെ അപകടത്തിന് മാസങ്ങള്‍ക്കുമുമ്പ് അനില്‍, മകളുടെ കൊലുസ്സുവാങ്ങി പണയംവച്ചിരുന്നു. കൊലുസ്സ് പണയം വെച്ചതിന് അവള്‍ മുഖംവീര്‍പ്പിച്ചുനടന്നു. ക്രിസ്മസിന് അത് തിരിച്ചെടുത്ത് നല്‍കാമെന്നുപറഞ്ഞാണ് അനില്‍ പിണക്കം തീര്‍ത്തത്. പക്ഷേ, അതണിയാന്‍ നില്‍ക്കാതെ അനഘ പോയി. ആശുപത്രിക്കിടക്കയിൽ അനഘയുടെ നില മാറിയും മറിഞ്ഞും നിന്നു. മകള്‍ തിരിച്ചുവരുന്നതും കാത്ത് വെന്റിലേറ്ററിനുപുറത്ത് ഉറക്കമിളച്ച് കാത്തിരിക്കുകയായിരുന്നു അച്ഛന്‍. പക്ഷെ എല്ലാവരുടെയും പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ട് 23-ന് അനഘയുടെ നില വഷളാക്കുകയായിരുന്നു. മകളുടെ കാര്യത്തില്‍ ഡോക്ടര്‍മാര്‍ നിസ്സഹായരായപ്പോള്‍ അവള്‍ക്കുനല്‍കിയ വാക്കാണ് അനിലിന് ഓര്‍മവന്നത്.

ഉടൻ തന്നെ ആളെവിട്ട് പണയമെടുപ്പിച്ചു. അച്ഛന്റെ നെഞ്ചിന്റെ ചൂടുപറ്റി കൊലുസ്സ് പോക്കറ്റില്‍കിടന്നു. മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചപ്പോള്‍ അനില്‍ അവ മകളുടെ കാലില്‍ ചാര്‍ത്തി. മകള്‍ക്കുകൊടുത്ത മാറ്റൊരു വാക്കുകൂടി അച്ഛന്‍ സാധിച്ചു. കാശുണ്ടാകുമ്പോള്‍ അച്ഛന്‍ വിലകൂടിയ ഷര്‍ട്ടിടണമെന്ന് അനഘ പറയുമായിരുന്നു. കാശുണ്ടാവുന്ന കാലത്ത് അച്ഛന്‍ നല്ല ഷര്‍ട്ടിടുന്നത് കാണാനും അവള്‍ നിന്നില്ല. മകളെ അവസാനമായി കൊലുസ്സണിയിക്കാന്‍ വിലകൂടിയ ഷര്‍ട്ടിട്ടാണ് അനിലെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button