ശബരിമല: അണമുറിയാതെത്തിയ തീര്‍ഥാടക ലക്ഷങ്ങളും ദിഗന്തങ്ങള്‍ ഭേദിക്കുന്ന ശരണഘോഷങ്ങളും സാക്ഷിയാക്കി, ശബരീശനു തങ്ക അങ്കികള്‍ ചാര്‍ത്തി. ഇന്നാണു വിശ്രുതമായ മണ്ഡല പൂജ. സീസണിലെ 41 ദിവസങ്ങളിലെ ദിനരാത്ര പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല മഹാ ക്ഷേത്രം ഇന്നു രാത്രി 11 ന് അടയ്ക്കും. മകരവിളക്കു മഹോത്സവങ്ങള്‍ക്കായി 30 നു പുലര്‍ച്ചെ തിരുനട വീണ്ടും തുറക്കും.
മണ്ഡല പൂജയ്ക്കു മുന്നോടിയായി ശബരീശ വിഗ്രഹത്തില്‍ അണിയിക്കാനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയ്ക്ക് പമ്പയിലും സന്നിധാനത്തും വന്‍ വരവേല്പാണ് ഇന്നലെ ലഭിച്ചത്. ശീചിത്തിര തിരുനാള്‍ ബാലരാമവര്‍മ മാഹരാജാവിന്റെ കാലത്ത് തിരുവിതാംകൂര്‍ കവടിയാര്‍ കൊട്ടാരമാണു തങ്ക അങ്കി ശബരീശനു സമര്‍പ്പിച്ചത്. 425 പവന്‍ തൂക്കമുള്ള ആഭരണങ്ങള്‍ ആറന്മുള പാര്‍ഥ സാരഥി ക്ഷേത്രത്തില്‍ നിന്നാണ് ശബരിമലയില്‍ എത്തിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ പമ്പയിലെത്തിയ തങ്ക അങ്കി പേടകങ്ങള്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികളും ക്ഷേത്രം പൂജാരിമാരും ഭക്തരും ചേര്‍ന്നു സ്വീകരിച്ചു. ഉച്ച കഴിഞ്ഞു മൂന്നു വരെ പമ്പയില്‍ സോപാനത്ത് ദര്‍ശനത്തിനു വച്ചു. പിന്നീടു തലച്ചുമടായി സന്നിധാനത്തേക്കു കൊണ്ടു പോയി. വൈകുന്നേരം ആറരയോടെ സന്നിധാനത്തെത്തിയ തങ്ക അങ്കി ശബരീശ വിഗ്രഹത്തില്‍ അണിയിച്ചു ദീപാരാധന നടത്തി. ഉച്ചമുതല്‍ പമ്പയില്‍ നിയന്ത്രിച്ചു നിര്‍ത്തിയിരുന്ന തീര്‍ഥാടകരെ പിന്നീടാണ് മല ചവിട്ടാന്‍ അനുവദിച്ചത്. വൈകുന്നേരം അഞ്ചു മുതല്‍ പതിനെട്ടാംപടി വഴി ഭക്തരെ കയറ്റിവിട്ടില്ല.
ഇന്നാണു മണ്ഡല പൂജ. ഉച്ച കഴിഞ്ഞു 12നും 12.30നും മധ്യേ നടക്കുന്ന മണ്ഡല പൂജയ്ക്കു മുന്‍പേ തങ്ക അങ്കി അയ്യപ്പ വിഗ്രഹത്തില്‍ അണിയിക്കും.
Post Your Comments