Kerala

ഷംനയുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി

കൊച്ചി : മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഷംന തസ്‌നീം എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ കുത്തി വെയ്പിനെത്തുടര്‍ന്ന് മരിച്ച സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടി വീണ്ടും പരിഗണനയില്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി മോഹനദാസിനെയാണ് സര്‍ക്കാര്‍ തീരുമാനം ആരോഗ്യവകുപ്പ് സത്യവാങ്മൂലത്തില്‍ അറിയിച്ചത്. സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് സര്‍വീസില്‍ പ്രവേശിപ്പിച്ച രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെയാണ് വീണ്ടും നടപടിയുണ്ടാവുക. മെഡിക്കല്‍ ബോര്‍ഡിലെ ഫോറന്‍സിക് വിഭാഗം നല്‍കിയ വിശദീകരണക്കുറിപ്പില്‍ ചികിത്സ റിപ്പോര്‍ട്ടിലെ അപൂര്‍ണതയും പൊരുത്തക്കേടും ചൂണ്ടിക്കാണിച്ചിരുന്നു. പൊലീസ് കേസെടുത്തതു കൂടാതെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടതോടെയാണ് അന്വേഷണത്തില്‍ വഴിത്തിരിവുണ്ടായത്.

രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായിരുന്ന കണ്ണൂര്‍ ശിവപുരം ആയിഷ മന്‍സിലില്‍ കെഎ അബൂട്ടിയുടെ മകളായ ഷംന ജൂലൈ 18നാണ് പനിക്കുള്ള കുത്തിവെപ്പിനത്തെുടര്‍ന്ന് കുഴഞ്ഞു വീണ് മരിച്ചത്. മരണത്തിന് ഉത്തരവാദി കൊച്ചി ഗവ. മെഡിക്കല്‍ കോളജാണെന്നായിരുന്നു എറണാകുളം ഡിഎംഒ അധ്യക്ഷനായ സമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ടിലും കണ്ടത്തെിയത്. എന്നിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് പിതാവ് മനുഷ്യാവകാശ കമ്മീഷനില്‍ പരാതിപ്പെട്ടത്. വിദ്യാര്‍ത്ഥിനിയുടെ മരണം മെഡിക്കല്‍ ഓഫിസര്‍മാരുടെ തികഞ്ഞ അനാസ്ഥയാണെന്ന് പരാതി പരിഗണിച്ച മനുഷ്യാവകാശ കമ്മീഷന്‍ ഒക്ടോബര്‍ 16ന് വിലയിരുത്തിയിരുന്നു. ഇതേതുടര്‍ന്ന് തൊട്ടടുത്ത ദിവസം ഡോ. ജില്‍സ് ജോര്‍ജിനെയും ഡോ. ബിനോ ജോസിനെയും സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍, വകുപ്പുതല, പൊലീസ് അന്വേഷണങ്ങള്‍ പൂര്‍ത്തിയാകുന്നതിനുമുമ്പ് സസ്‌പെന്‍ഷന്‍ സര്‍ക്കാര്‍ പിന്‍വലിക്കുകയായിരുന്നു. ഇതിനെതിരെ വിദ്യാര്‍ത്ഥിനിയുടെ പിതാവ് മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതി ആരോഗ്യവകുപ്പിന് കൈമാറിയിരുന്നു.

മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിക്കല്‍ വിഭാഗം മേധാവി ഡോ. ജില്‍സ് ജോര്‍ജിനും ജനറല്‍ മെഡിസിന്‍ വിഭാഗം റെസിഡന്റ് ഡോക്ടര്‍ ബിനോ ജോസിനും എതിരെയാണ് നടപടിക്കൊരുങ്ങുന്നത്. ഇതുവരെ വിവിധ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ ഇരുവര്‍ക്കുമെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതോടെ കേസ് വഴിത്തിരിവിലാകും. രോഗനിര്‍ണയത്തിന് ആവശ്യമായ പരിശോധനകള്‍ നടത്താതെ ആന്റിബയോട്ടിക് കുത്തിവെപ്പെടുത്തത് മെഡിക്കല്‍ വിഭാഗം മേധാവിയുടെ വീഴ്ചയാണെന്നും പരാതിയില്‍ പറഞ്ഞിരുന്നു. തങ്ങളുടെ വിശ്വാസത്തേയും ആചാരത്തേയും മുറിവേല്‍പ്പിക്കുന്ന സമീപനമാണ് ഷംനയുടെ മൃതദേഹത്തോട് സ്വീകരിച്ചതെന്ന് പിതാവ് പരാതിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button