ഇസ്‌ലാമാബാദ്: മുഹമ്മദ് സബീല്‍ ഹൈദര്‍ എന്ന പതിനൊന്നു വയസ്സുകാരൻ പാകിസ്ഥാൻ പ്രസിഡന്റിനെതിരെ പരാതിയുമായി രംഗത്ത്. പ്രസംഗം മോഷ്ടിച്ചെന്നാരോപിച്ചാണ് പാകിസ്ഥാന്‍ പ്രസിഡന്റ് മമ്നൂന്‍ ഹുസൈനെതിരെ ആറാം ക്ലാസുകാരന്റെ പരാതി. പാകിസ്ഥാന്റെ ശില്‍പ്പിയായ മുഹമ്മദലി ജിന്നയുടെ ജന്മദിനത്തില്‍ നടത്താനായി താന്‍ തയ്യാറാക്കിയ പ്രസംഗം പ്രസിഡന്റ് മോഷ്ടിച്ച് മറ്റൊരാള്‍ക്ക് നല്‍കിയെന്നാണ് മുഹമ്മദ് സബീലിന്റെ പരാതി. പിതാവ് നസീം അബ്ബാസ് നാസിര്‍ മുഖേന ഇസ്‌ലാമാബാദ് ഹൈക്കോടതിയിലാണ് സബീല്‍ പരാതി നല്‍കിയിരിക്കുന്നത്.
മാര്‍ച്ച് 23 ന് പാകിസ്ഥാന്‍ പ്രസിഡന്റിന്റെ ഓഫീസ് സംഘടിപ്പിച്ച പ്രസംഗ മത്സരത്തില്‍ ഇസ്‌ലാമാബാദ് മോഡല്‍ ബോയ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ സബീല്‍ ഹൈദര്‍ വിജയിച്ചിരുന്നു. ഇതേ തുടർന്ന് ഈ മാസം 25 ന് നടക്കുന്ന മുഹമ്മദലി ജിന്നയുടെ 141 ആം ജന്മവാര്‍ഷിക ദിനത്തില്‍ പ്രസംഗിക്കാന്‍ പ്രസിഡന്റിന്റെ ഓഫീസ് ക്ഷണിച്ചിരുന്നു. ഇതനുസരിച്ച് എഴുതി തയ്യാറാക്കിയ പ്രസംഗം സബീല്‍ ഹൈദര്‍ പ്രസിഡന്റിന്റെ ഓഫീസില്‍ അയച്ചു കൊടുത്തു. പ്രസംഗം ഓഫീസ് അംഗീകരിച്ചതിനെ തുടര്‍ന്ന് ഡിസംബര്‍ 22 ന് പ്രസംഗം റെക്കോര്‍ഡ് ചെയ്യാനായി ഹൈദര്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിലെത്തി.
എന്നാല്‍ പ്രസംഗം അവതരിപ്പിക്കുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്ന വാര്‍ത്തയാണ് കേള്‍ക്കാന്‍ കഴിഞ്ഞത്. നിരവധി തവണ റിഹേഴ്‌സല്‍ നടത്തി അവസാനം മേക്കപ്പുമിട്ട് പ്രസംഗം ഷൂട്ട് ചെയ്യാനെത്തിയപ്പോഴാണ് തന്നെ ഒഴിവാക്കിയ കാര്യം അറിയുന്നതെന്ന് ബാലന്‍ പറഞ്ഞു. സബീലിന്റെ പ്രസംഗം ഒാഫീസര്‍മാര്‍ മറ്റൊരു പെണ്‍കുട്ടിക്ക് നല്‍കുകയായിരുന്നു. താന്‍ വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ സബീല്‍ ഹൈദര്‍ പ്രസിഡന്റിനെതിരേയും ഓഫീസിലെ മറ്റു ഉദ്യോഗസ്ഥര്‍ക്കെതിരേയും കോടതിയില്‍ പരാതി നല്‍കിയായിരുന്നു. ബാലന്റെ പരാതി കോടതി സ്വീകരിച്ചിട്ടുണ്ട്.
Post Your Comments