News StoryPrathikarana Vedhi

പ്രമുഖ മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസിന്റെ വസ്തുനിഷ്ഠമായ കണ്ടെത്തലുകൾ; ഇനിയൊരു മേൽക്കോടതിയുടെ വിധിവരെ എം.എം. മണി എന്ന മന്ത്രി കുറ്റവാളി തന്നെ :വരാൻ പോകുന്ന ലാവ്‌ലിൻ കേസും വിഎസ് ന്റെ നിലപാടും സി. പി.എമ്മിന് നിർണ്ണായകം

കേരളത്തിലെ വൈദ്യുതി മന്ത്രിയും സിപിഎം നേതാവുമായ എം എം മണിക്കെതിരായ ഇടുക്കി അഡീഷണൽ സെഷൻസ് കോടതിയുടെ വിധി പിണറായി വിജയൻ സർക്കാരിനും സിപിഎമ്മിനും പുതിയ തലവേദനയാവുകയാണ്. വർഷങ്ങൾക്കുമുൻപ് നടന്ന ഒരു കൊലക്കേസ് സംബന്ധിച്ച കേസിലാണ് മണി സ്വന്തം പ്രസ്താവനയുടെ പേരിൽ പ്രതിചേർക്കപ്പെട്ടത് . ഇന്നിപ്പോൾ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രനും സിഐടിയു നേതാവ് എ കെ ദാമോദരനും ഇതേ കൊലക്കേസിൽ പ്രതിയായിരിക്കുന്നു. സെഷൻസ് കോടതിയാണ് എംഎം മണിയേയും മറ്റും പ്രതിചേർക്കുന്നതിനാവശ്യമായ തെളിവുണ്ട് എന്ന് ഇന്ന് വിധിച്ചത്. മന്ത്രിയും സിപിഎം ജില്ലാ സെക്രട്ടറിയുമൊക്കെ പറയുന്നതുപോലെ സെഷൻസ് കോടതിക്ക് മുകളിൽ കോടതികൾ ഉണ്ടെങ്കിലും ഇന്നത്തെ ഉത്തരവ് ഒരർഥത്തിൽ ഒരു ശിക്ഷാവിധിപോലെ തന്നെയാണ്. പ്രതിചേർക്കാൻ ആവശ്യമായ തെളിവുണ്ട് എന്നതാണ് കോടതി കണ്ടെത്തിയത്. അതുകൊണ്ടാണ് വിടുതൽ ഹർജി തള്ളിക്കളഞ്ഞത്. ഇന്നിപ്പോൾ എംഎം മണി എന്ന കേരളത്തിലെ വൈദ്യുതി കൊലപാതകക്കേസിൽ പ്രതിയാണ്. അത്തരമൊരാൾ മന്ത്രിയായി തുടരാമോ എന്നതാണ് ചോദ്യം. അത് നിയമവശാൽ തെറ്റാവണമെന്നില്ല. പക്ഷെ ഇതൊരു മനസാക്ഷിയുടെ പ്രശ്നമാണ്. മുൻകാലങ്ങളിൽ സിപിഎമ്മും ഇടതുമുന്നണിയും ഒക്കെ കൈക്കൊണ്ട നിലപാടുകളുടെ പശ്ചാത്തലത്തിൽ വേണം അതിനെ വിലയിരുത്താൻ.

1982- ലാണ് വിവാദമായ കൊലപാതകം നടക്കുന്നത്. യൂത്ത് കോൺഗ്രസ് നേതാവായ അഞ്ചേരി ബേബി കൊലചെയ്യപ്പെട്ടു. അതിൽ പ്രതിയായതു സിപിഎം നേതാക്കൾ തന്നെയാണ്. തങ്ങൾ അങ്ങിനെ പലരെയും കൊന്നിട്ടുണ്ട് എന്ന് വിളിച്ചുകൂവിയത് ഇതേ എംഎം മണിതന്നെയാണ് ; തൊടുപുഴ മണക്കാട്ട് അദ്ദേഹം നടത്തിയ പ്രസിദ്ധമായ വൺ ടു ത്രീ പ്രസംഗത്തിൽ. അതിനെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അന്ന് ഉടുമ്പൻചോല ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന പിഎൻ മോഹൻദാസിന്റെ സുപ്രധാനമായ മൊഴി കിട്ടിയത്. 164 പ്രകാരമുള്ള പ്രസ്താവനയാണ് മോഹൻദാസ് നൽകിയത്. അതായതു ഒരു മജിസ്‌ട്രേറ്റ് കോടതിയിൽ മജിസ്‌ട്രേറ്റ് മുൻപാകെ നൽകുന്ന കുറ്റസമ്മത പ്രസ്താവനയാണ് അത്. അതുകൊണ്ടുതന്നെ അതിനു നിയമത്തിന്റെ പിൻബലം കൂടുതലാണ്. കൊലപാതകം സംബന്ധിച്ച ഗൂഡാലോചനയിൽ അക്കാലത്തു സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം എം മണിയും അന്ന് ഏരിയ സെക്രട്ടറിയായിരുന്ന കെകെ ജയചന്ദ്രനും സിഐടിയു നേതാവായ എകെ ദാമോദരനും ഉൾപ്പെട്ടിരുന്നു എന്നതാണ് പോലീസ് കണ്ടെത്തിയത്. അവരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് കൊലനടത്താൻ നിശ്ചയിച്ചത് എന്നും അതിൽ ആരെല്ലാം പ്രതികളാവണം എന്ന് തീരുമാനിച്ചിരുന്നുവെന്നും മോഹൻദാസ് വെളിപ്പെടുത്തിയിട്ടുണ്ട്.
സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ കാര്യമാവണമെന്നില്ല. മറ്റൊന്ന്, മണിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൽ പാർട്ടി തീരുമാനിച്ച വേളയിൽ ഇത്തരമൊരു കേസിന്റെ കാര്യം നേതൃത്വത്തിന് അറിയാവുന്നതായിരുന്നു. അതായത്‌ , ഇക്കാര്യത്തിൽ കോടതിവിധി എതിരായാൽ എന്നതാണ് വേണ്ടതെന്ന്‌ ഒരു പക്ഷെ അന്നുതന്നെ നേതാക്കൾ തീരുമാനിച്ചിരിക്കാം. മറ്റൊരു ന്യായീകരണം, ഇതൊരു രാഷ്ട്രീയപ്രേരിതമായ കേസാണ് എന്നതാണ്. കോടതി ശിക്ഷിച്ചിട്ടില്ല, കേസിൽ പ്രതിയായിരുന്നത് ശരിവെച്ചു എന്നതേയുള്ളൂ എന്നും പറയാനാവും. കോടതി ശിക്ഷിക്കുന്നതുവരെ ഒരാളെ കുറ്റവാളിയായി കാണാൻ പറ്റില്ല എന്നും പറയാം. ഇക്കാരണങ്ങളാൽ തന്നെ ഭരണകക്ഷിക്ക് ന്യായീകരിക്കാൻ കാരണങ്ങൾ ഉണ്ടായേക്കാം. പക്ഷെ ഇവിടെയുള്ളത് ധാർമ്മികതയുടെ പ്രശ്നമാണ്. മണക്കാട് പ്രസംഗത്തെ തുടർന്ന് എംഎം മണിയെ സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നുപോലും ഒഴിവാക്കിയത് ഓർക്കേണ്ടതുണ്ട്. സ്വന്തം പാർട്ടിയിൽ ഒരു ചുമതലവഹിക്കാനുള്ള അർഹത നഷ്ടമായി എന്നതാണല്ലോ അന്ന് സിപിഎം കരുതിയത്. അങ്ങിനെയുള്ള ഒരാളെ ഇന്നിപ്പോൾ മന്ത്രിയായി തുടരാൻ അനുവദിക്കാമോ എന്നത് വെളിപ്പെടുത്തേണ്ടത് സിപിഎം തന്നെയാണ്.

മറ്റൊന്ന്, ഇക്കാര്യത്തിൽ വിഎസ് അച്യുതാനന്ദൻ എന്തുനിലപാട് സ്വീകരിക്കും എന്നതാണ്. മണിയെ അന്ന് ഇടുക്കി ജില്ല സെക്രട്ടറി പദവിയിൽ നിന്ന് ഒഴിവാക്കി നിർത്തുന്നതിൽ വലിയ പങ്കുവഹിച്ചയാളാണ് അച്യുതാനന്ദൻ. അദ്ദേഹം അന്ന് ആ വിഷയം പാർട്ടിയിലും പുറത്തുമൊക്കെ ഉന്നയിച്ചത് മറന്നുകൂടാ. എംഎം മാണിയും വിഎസും തമ്മിലുള്ള ബന്ധവും അത്ര സുഖകരമാണ് എന്ന് ആരെങ്കിലും കരുതുന്നുണ്ട് എന്ന് തോന്നുന്നില്ല. മണിയുടെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് വിഎസ് പോയിരുന്നില്ല എന്നതും ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്. അതുകൊണ്ട്‌ പിണറായിയും സിപിഎം സംസ്ഥാന നേതൃത്വവും എന്തൊക്കെ തീരുമാനിച്ചാലും ഇക്കാര്യത്തിൽ വിഎസിന്റെ ഒരു ഇടപെടലുണ്ടാവും എന്നതുതന്നെയാണ് കരുതേണ്ടത്.

ബിജെപി അധ്യക്ഷൻ അമിത് ഷാക്കെതിരെ കോൺഗ്രസുകാരും സിപിഎമ്മും നടത്തിയ പ്രചാരണവും കോലാഹലവും മറന്നുകൂടാ. സൊഹ്രാബുദ്ദിൻ കേസിലായിരുന്നു അത്. അന്ന് ഗുജറാത്തിൽ മന്ത്രിയായിരുന്ന അമിത് ഷായെ തകർക്കലായിരുന്നു കേസിന്റെ ലക്ഷ്യമെന്ന് ഇതിനകം എല്ലാർക്കും ബോധ്യമായിട്ടുണ്ട്. പക്ഷെ അന്ന് അറസ്റ്റും ബഹളവുമൊക്കെ തുടങ്ങുന്നതിനുമുമ്പ് തന്നെ അമിത്ഷായുടെ രാജിയും മറ്റും ആവശ്യപ്പെട്ടവരാണിവർ.

കോൺഗ്രസ് നേതാവ് ശശിതരൂരിനെതിരെ കേരളത്തിൽ സിപിഎം സ്വീകരിച്ച ഒരു നിലപാട് നമ്മുടെയൊക്കെ മുന്നിലുണ്ട്. മാർക്സിസ്റ്റ് പാർട്ടി മാത്രമല്ല ബിജെപിയും അക്കാര്യത്തിൽ ഏതാണ്ടൊക്കെ സമാനമായ സമീപനമാണ് സ്വീകരിച്ചിരുന്നത്. സുനന്ദ പുഷ്‌കറുടെ മരണമാണ് സൂചിപ്പിച്ചത്‌ . തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് വേളയിലും അതിനു മുൻപും അവർ അവിടെ അദ്ദേഹത്തിനെതിരെ തെരുവിൽ നടത്തിയ സമരങ്ങളെക്കുറിച്ചാണ് ഓർമ്മിപ്പിച്ചത്. സുനന്ദ പുഷ്കർ കേസിൽ ഇനിയും വ്യക്തത വന്നുവെന്നു തോന്നുന്നില്ല. അന്വേഷണം പലഘട്ടങ്ങളിലാണ്. എന്നാൽ എംഎം മണിയുടെ കാര്യത്തിൽ അതല്ല സ്ഥിതി. പോലീസ് ഒരു കൊലപാതക കേസിൽ അദ്ദേഹത്തെ പ്രതിചേർത്തു. അതിനായി പോലീസ് പ്രധാനമായും ആശ്രയിച്ചത്, നേരത്തെ സൂചിപ്പിച്ചതുപോലെ, മജിസ്‌ട്രേറ്റിനു മുൻപിൽ ഒരു മുൻ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി നൽകിയ മൊഴിയാണ്. അതൊക്കെ പരിശോധിച്ചശേഷം, മണിയെയും മറ്റു സിപിഎം നേതാക്കളെയും പ്രതിചേർത്തത് ശരിയാണ് വിധിയെഴുതുകയാണ് ചെയ്‌തത്‌ . പ്രഥമദൃഷ്ട്യാ കേസുണ്ട് എന്ന് കോടതിക്ക് ബോധ്യമായി എന്നുവേണമെങ്കിൽ പറയാം എന്നതായി സ്ഥിതി. ഇത്തരമൊരാൾ മന്ത്രിയായി തുടരാൻ പോയാലോ…………..?.അതുകൊണ്ട്‌ എംഎം മണി സ്ഥാനമൊഴിയുന്നതാണ് നല്ലതെന്ന നിലപാടാണ് പൊതുവെ സിപിഎമ്മിന് ഗുണകരമാവുക എന്നതാണ് തോന്നുന്നത്.

ഇതിനേക്കാളൊക്കെ പ്രധാനമായ ഒരു കാര്യം കൂടിയുണ്ട്. ഇതുപോലെ ഒരു വിടുതൽ ഹർജി അനുവദിച്ചുകിട്ടിയതിന്റെ ബലത്തിലാണല്ലോ പിണറായി വിജയൻ നമ്മുടെ മുഖ്യമന്ത്രിയായത് . ലാവ്‌ലിൻ കേസിന്റെ കാര്യമാണ് സൂചിപ്പിച്ചത്‌ . ആ കേസ് നിലവിലുണ്ടായിരുന്ന കാലത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാനോ പാർലമെന്ററി രംഗത്തേക്ക് കടക്കാനോ പിണറായി തയ്യാറായില്ല എന്നത് മറന്നുകൂടാ. സിബിഐ കോടതി അദ്ദേഹത്തിന്റെ വിടുതൽ ഹർജി അനുവദിച്ചതിനുശേഷം മത്സരരംഗത്തുവന്നു. എന്നാൽ സിബിഐ അതിനെതിരെ അപ്പീൽ നൽകിയിരുന്നു.ക്രിസ്തുമസ് അവധി കഴിഞ്ഞയുടനെ സിബിഐ സമർപ്പിച്ച ഹർജി കേരള ഹൈക്കോടതി പരിഗണിക്കാൻ പോകുകയാണ്. അതായത് 2017 ജനുവരിയിൽ തന്നെ അതുസംബന്ധിച്ച തീരുമാനം ഉണ്ടായാൽ അതിശയിക്കാനില്ല. സിബിഐ പ്രത്യേക കോടതിവിധി ഹൈക്കോടതി അസാധുവാക്കിയാൽ കാര്യങ്ങൾ കീഴ്‌മേൽ മറിയുക തന്നെചെയ്യും. പിണറായിക്ക്‌ പിന്നെ പിടിച്ചുനിൽക്കാൻ പ്രയാസമാകും. ശരിയാണ്, എംഎം മണി ഇന്നിപ്പോൾ പറയുന്നതുപോലെതെന്നെയാണ് ലാവ്‌ലിനിലും സിപിഎം എടുത്തിട്ടുള്ള നിലപാട്. ലാവ്‌ലിൻ ഒരു രാഷ്ട്രീയപ്രേരിതമായ കേസാണ് എന്നതാണല്ലോ സിപിഎം നിലപാട് ; വിഎസിന് മാത്രം അത് ബോധ്യപ്പെട്ടിട്ടില്ലെങ്കിലും. ഞാൻ സൂചിപ്പിച്ചത്‌ , സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ആശങ്കക്ക് വകയുള്ള സംഭവങ്ങൾ വരാനിരിക്കുന്നു എന്നാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button