KeralaNews

ആനമണ്ടത്തരത്തിനു നിത്യസ്‌മാരകമായി ഒരു രണ്ടുനില കെട്ടിടം തയ്യാർ

കാസർഗോഡ്: ആനമണ്ടത്തരത്തിനു നിത്യസ്മാരകമായി ഒരു രണ്ടു നില കെട്ടിടം. അടുക്കത്ത്ബയൽ ഗവ.യു പി സ്‌കൂളിലെ കുട്ടികൾക്ക് മഴയും വെയിലുമേൽക്കാതെ ഇരുന്ന് പഠിക്കാൻ സ്കൂൾ അധികൃതർ രണ്ടാം നിലയിൽ ഉന്നത നിലവാരമുള്ള രണ്ട് ക്ലാസ്സ്മുറികൾ നിർമ്മിച്ചു. പക്ഷെ പണി തീർന്നപ്പോഴാണ് മണ്ടത്തരം മനസിലായത്. രണ്ടാം നിലയിലേക്ക് കടക്കാനുള്ള ഗോവണി നിർമ്മിച്ചിട്ടില്ല. അഞ്ചു വർഷം മുൻപ് ഏഴ് ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടം ഇപ്പോഴും ആർക്കും പ്രയോജനമില്ലാതെ കിടക്കുകയാണ്.

2009 ലാണ് സ്കൂളിന് കെട്ടിടം നിർമ്മിക്കാനായി എസ് എസ് എ വഴി ഏഴു ലക്ഷം അനുവദിച്ചത്. നിർമ്മാണത്തിന്റെ മേൽനോട്ടം കാസർഗോഡ് നഗരസഭയ്ക്കായിരുന്നു. നിലവിൽ ഒന്നാം ക്ലാസ് രണ്ട് ഡിവിഷനുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന് മേൽ രണ്ടു മുറികളുള്ള കെട്ടിടം പണിയാനായിരുന്നു പദ്ധതി. ഇതിനായി പിടിഎ അംഗങ്ങളും സ്കൂൾ വികസന സമിതിയും ചേർന്നുള്ള കമ്മിറ്റി രൂപികരിച്ചു നിർമ്മാണം തുടങ്ങി.

നിർമ്മാണാവശ്യങ്ങൾക്കു മരം കൊണ്ട് താത്കാലികമായി ഗോവണി നിർമ്മിച്ചിരുന്നു. നാലു ലക്ഷത്തോളം രൂപ ചിലവഴിച്ചു മേൽക്കൂരയും ചുവരുകളും ഉൾപ്പടെ ഭൂരിപക്ഷവും പൂർത്തിയായെങ്കിലും ചട്ടങ്ങൾ അനുസരിച്ചായിരുന്നല്ല നിർമ്മാണമെന്നു നഗരസഭ കെട്ടിട വിഭാഗം കണ്ടെത്തി. കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഗോവണി ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്നും കെട്ടിടത്തിന്റെ നാല് കോൺക്രീറ്റ് തൂണുകൾക്കു വളവുകളുണ്ടെന്നും നഗരസഭാ അധികൃതർ കണ്ടെത്തി. തുടർന്ന് ഫണ്ട് അനുവദിക്കേണ്ടെന്നു നഗരസഭാ അധികൃതർ തീരുമാനിച്ചു. ഫണ്ട് നിലച്ചതോടെ കെട്ടിടനിർമ്മാണം മുടങ്ങി. താത്കാലിക മരഗോവണി നിർമാണത്തൊഴിലാളികൾ എടുത്തുമാറ്റിയതോടെ ക്ലാസ്സ്മുറിയിലേക്കുള്ള വഴി അടഞ്ഞു. കൃത്യമായ രൂപരേഖയും എസ്റ്റിമേറ്റും ഇല്ലാതെ സ്കൂൾ കെട്ടിട നിർമ്മാണം തുടങ്ങിയതും ഫണ്ട് ചിലവഴിച്ചതും സംബന്ധിച്ചു വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button