Kerala

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൊള്ളയടിക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്ന് മുരളീധരന്‍

തിരുവനന്തപുരം: സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന കൊള്ളയെക്കുറിച്ച് സിപിഐഎം മിണ്ടാതിരിക്കുകയാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍. സേവന വേതന വ്യവസ്ഥകള്‍ അംഗീകരിച്ചാല്‍ പുതിയ കോളേജുകള്‍ സ്വാശ്രയ മേഖലയില്‍ അനുവദിക്കാമെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുരളീധരന്‍.

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വന്‍തോതില്‍ കടന്നുവരാനുള്ള ക്ലീന്‍ ചിറ്റാണ് സര്‍ക്കാര്‍ നല്‍കുന്നത്. സേവന വേതന വ്യവസ്ഥകള്‍ മാത്രം പാലിച്ചാല്‍ മതിയെന്നും തലവരിപ്പണവും വന്‍തോതിലുള്ള ഫീസും അനുവദനീയമാണെന്നുമാണോ കോടിയേരി ഉദ്ദേശിക്കുന്നതെന്ന് മുരളീധരന്‍ ചോദിക്കുന്നു. വിദ്യാര്‍ത്ഥികളുടെ മെറിറ്റ് പൂര്‍ണമായി അട്ടിമറിച്ച്, തന്നിഷ്ടപ്രകാരം പ്രവേശന നടപടികള്‍ നടത്തുകയാണ് സ്വാശ്രയ മാനേജ്മെന്റുകള്‍. തലവരിപ്പണം എന്ന പേരില്‍ ലക്ഷങ്ങള്‍ വാങ്ങുകയും ചെയ്തുകൊണ്ട് വിദ്യാഭ്യാസ മേഖലയെ വന്‍ വ്യവസായമാക്കി മാറ്റുകയാണ് സ്വാശ്രയ മാനേജ്മെന്റുകളെന്നും മുരളീധരന്‍ ആരോപിക്കുന്നു.

റെയ്ഡില്‍ പാലക്കാട് കരുണ മെഡിക്കല്‍ കോളേജില്‍നിന്നും 70 ലക്ഷത്തിന്റെ കള്ളപ്പണം പിടിച്ചത് സ്വാശ്രയ കോളേജുകള്‍ നടത്തുന്ന കൊള്ളയ്ക്ക് തെളിവാണ്. സുപ്രീംകോടതിയുടെ ഇടപെടലിലൂടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റിന്റെയും അര്‍ഹതയുടേയും അടിസ്ഥാനത്തില്‍ പ്രവേശനം ലഭിച്ചത്. അതിനു ശേഷം രണ്ടുമാസം പിന്നിട്ടിട്ടും കോടതി വിധിയുടെ ചുവടുപിടിച്ച് നിയമം പാസാക്കാനോ, സമഗ്രമായൊരു വിദ്യാഭ്യാസ നയം കൊണ്ടുവരാനോ ഈ സര്‍ക്കാരിനായിട്ടില്ലെന്ന് മുരളീധരന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button