ബംഗലൂരു●നോട്ട് നിരോധനം ‘മോദി നിര്‍മ്മിത ദുരന്തം’ എന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മനുഷ്യ നിർമ്മിതമായ ദുരന്തമെന്ന് ചിലതിനെ പറയാറുണ്ട്. അത്തരത്തിൽ മോദി നിർമ്മിത ദുരന്തമാണ് നോട്ടു നിരോധനമെന്ന്‍ അദ്ദേഹം പറഞ്ഞു. രാജ്യത്തെ സ്വത്തിന്റെ 85 % കൈയ്യാളുന്ന ഒരു ശതമാനം ധനികര്‍ക്ക് വേണ്ടിയായിരുന്നു മോദിയുടെ തീരുമാനം. മോദിയുടെ സുഹൃത്തുക്കളായ 50 കുടുംബങ്ങൾക്കാണ് നോട്ടുനിരോധനത്തിന്റെ പ്രയോജനം ലഭിച്ചതെന്നും രാഹുല്‍ ആരോപിച്ചു.
പാർലമെന്റിൽ പോലും രാജ്യത്തെ കർഷകരെ അപമാനിക്കുന്ന നടപടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നും ഉണ്ടായത്. സ്വയം കുഴി കുഴിക്കുന്നവരാണ് കർഷകരെന്നാണ് മോദിയുടെ ആക്ഷേപമെന്നും കര്‍ണാടകയിലെ ബെല്‍ഗാമില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുല്‍ പറഞ്ഞു.
കോടികളുടെ വായ്‌പ്പയെടുത്ത് മുങ്ങിയ മദ്യരാജാവ് വിജയ് മല്യ കള്ളനാണെന്ന് അറിയാമായിരുന്നിട്ടും എന്ത് അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ 1,200 കോടിയുടെ സാമ്പത്തിക ഇളവ് അനുവദിച്ചതെന്നും രാഹുൽ ഗാന്ധി ചോദിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വിദേശത്തുള്ള കള്ളപ്പണത്തെക്കുറിച്ചായിരുന്നു മോദി പറഞ്ഞിരുന്നത്. അത് തിരിച്ചുപിടിക്കുമെന്നും ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടിൽ 15 ലക്ഷം വീതം നിക്ഷേപിക്കുമെന്നുമായിരുന്നുവാഗ്ദാനം. എന്നാൽ ഒരു കള്ളപ്പണക്കാരൻ പോലും അറസ്റ്റ് ചെയ്യപ്പെട്ടില്ല. സ്വിസ്സ് ബാങ്കിൽ കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ പേരുകൾ പുറത്തുവിടാനും ഇതുവരെ മോദി തയ്യാറായിട്ടില്ല. ആദ്യം ആ പേരുകൾ പാർലമെന്റിൽ വയ്ക്കുകയാണ് മോദി ചെയ്യേണ്ടതെന്നും രാഹുല്‍ പറഞ്ഞു.
നോട്ട് നിരോധനം മൂലം രാജ്യത്ത് നൂറിലധികം പേരാണ് മരിച്ചത്. ക്യൂബൻ ഭരണാധികാരി ഫിദൽ കാസ്‌ട്രോ മരിച്ചപ്പോൾ പാർലമെന്റിൽ ദുഖാചരണം നടത്തിയ കേന്ദ്രസർക്കാർ രാജ്യത്ത് മരിച്ചവരെക്കുറിച്ച് മിണ്ടുന്നില്ലെന്നും രാഹുൽ കൂട്ടിച്ചേര്‍ത്തു.
Post Your Comments