Prathikarana Vedhi

ഒടുവില്‍ അതും സംഭവിച്ചു: കളി നരേന്ദ്ര മോദിയോടോ ? പ്രതിപക്ഷം അനുസരണയുള്ള കുട്ടികളായത് മോദി മാജിക്കോ, മനസ്സു മാറിയതോ മാറ്റിയതോ?

കെ.വി.എസ് ഹരിദാസ് 

ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന ദിനങ്ങളിൽ ഒന്നാണ് ഡിസംബർ 16. 1991 -ലെ ഈ ദിവസമാണ് പാക്കിസ്ഥാൻ സേന ഇന്ത്യക്ക്‌ കീഴടങ്ങിയതും ബംഗ്ലാദേശ് എന്ന സ്വതന്ത്ര രാഷ്ട്രം ജന്മമെടുത്തതും. സ്വതന്ത്ര ഇന്ത്യയെ അതിന്റെ ആദ്യദിനം മുതൽ വെല്ലുവിളിക്കുകയും അതിനെ തകർക്കാൻ എന്തോക്കെവേണോ അതൊക്കെ ചെയ്തതുമായ പാക്കിസ്ഥാന് കടുത്ത തിരിച്ചടി നൽകിയ ദിനമാണ് അതെന്നർദ്ധം. പാക്കിസ്ഥാനെ പിളർത്തി ബംഗ്ലാദേശിന് ജന്മമേകിയ ഈ കരുത്തിനെ അന്നത്തെ പ്രതിപക്ഷം ആദരിച്ചതും മറന്നുകൂടാ. അതിന്റെ പേരിലാണ് എ ബി വാജ്‌പേയി ഇന്ദിര ഗാന്ധിയെ ദുർഗയായി പരസ്യമായി വിശേഷിപ്പിച്ചത്. അതെ ദിനത്തിൽ, മറ്റൊരു കീഴടങ്ങലിന് ഇന്ത്യ മഹാരാജ്യം സാക്ഷ്യം വഹിച്ചു എന്നതാണ് ഇപ്പോഴത്തെ പ്രത്യേകത. . നരേന്ദ്ര മോഡി സർക്കാർ അധികാരത്തിലേറിയ നാൾ മുതൽ അതിനെ പിന്നാക്കം വലിക്കാനും രാജ്യത്തിൻറെ പുരോഗതി ലക്ഷ്യമാക്കിയുള്ള നടപടികൾക്ക് തുരങ്കം വെക്കാനും ശ്രമിച്ചുവെന്ന കോൺഗ്രസുകാർ അന്നാണ് തലകുനിക്കാൻ തയാറായത്. നരേന്ദ്രമോദിയെ ചെന്നുകണ്ട് ‘കീഴടങ്ങൽ ‘ അറിയിച്ച ദിവസം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതൊരു സുദിനമാണ് ; കോൺഗ്രസുകാർക്ക്, സോണിയ- രാഹുലാദികൾക്ക്‌ പക്ഷെ മറ്റൊരു ദുർദ്ദിനവും. എന്തായാലും ചരിത്രത്തിന്റെ ഭാഗമാവാൻ പോകുന്ന മറ്റൊരു ദിവസമാണ് അതെന്നുതന്നെ വേണം കരുതാൻ. ബാക്കിക്കായി നമുക്ക് കാത്തിരിക്കാം.
ഇവിടെ നാണം കേട്ടത് കോൺഗ്രസുകാർ മാത്രമല്ല, അവരുടെ ചേലയിൽ തൂങ്ങി നാണമില്ലാതെ കഴിഞ്ഞുകൂടിയിരുന്ന മറ്റുപ്രതിപക്ഷ കക്ഷികളും തല ഉയർത്താനാവാതെ നിൽക്കുന്നതാണ് രാഷ്ട്രം ഇന്നലെ കണ്ടത്. യെച്ചൂരി മായാവതി കേജിരിവാളുമാർ ഇനി എന്തുപറയുമെന്നതിന് കാതോർത്തിരിക്കുകയാണ് സർവരും.

ഇന്നലെ വെള്ളിയാഴ്ചയായിരുന്നല്ലോ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന്റെ അവസാന ദിനം. ഈ സമ്മേളനം തുടങ്ങുന്നതിനു തൊട്ടുമുന്പാണ് കറൻസി പിൻ വലിക്കളടക്കമുള്ള സുപ്രധാനമായ നടപടികൾ കേന്ദ്രം പ്രഖ്യാപിച്ചത്. ഇന്ത്യയെ മാത്രമല്ല ലോകരാഷ്ട്രങ്ങളെ മുഴുവൻ ഞെട്ടിച്ച സംഭവമായിരുന്നു അത്. കള്ളപ്പണക്കാരുടെ ചങ്കുതകർന്ന ദിവസം. അനവധിപേർക്കു ദിവസങ്ങളോളം ഉറക്കമില്ലാതായത് മറന്നുകൂടാ. കൂടാരങ്ങളിൽ സുരക്ഷിതമായി കെട്ടിവെച്ചിരുന്ന നോട്ടുകൾ ഇനി കത്തിക്കുക മാത്രമാണ് ഏക പോംവഴി എന്ന് ചിന്തിക്കാനെ അവർക്കൊക്കെ കഴിഞ്ഞിരുന്നുള്ളൂ. ഉറക്കം പോകാൻ വേറെ എന്തെങ്കിലും വേണോ?. കള്ളപ്പണക്കാരെ ഇതുപോലെ നേരിടാൻ കഴിയുമെന്നത് കേട്ടിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു തീരുമാനം ഉണ്ടാകുമെന്ന്‌ ആരും സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല. അതോടെ എങ്ങിനെയും ഈ തീരുമാനം റദ്ദാക്കിച്ചേ അടങ്ങൂ എന്നതായി പലരുടെയും ചിന്ത. രാജ്യത്തിൻറെ പലഭാഗങ്ങളിൽ നിന്നും രാഷ്ട്രീയ നേതാക്കൾ തലസ്ഥാന നഗരിയിലേക്ക് ഓടിയെത്തി. പിന്നെ കൂടിയാലോചനകൾ, ചർച്ചകൾ സമരങ്ങൾ………… എന്തൊക്കെയായിരുന്നു കോലാഹലം. എല്ലാ കണ്ണുകളും മോദിയിലേക്കു തിരിഞ്ഞ നിമിഷങ്ങളാണ്. പക്ഷെ കൂടുതൽ കരുത്തോടെ നടപടിയുമായി മുന്നോട്ടുപോകാൻ അദ്ദേഹം തയ്യാറായി.

നോട്ടുമാറിയെടുക്കാൻ ജനങൾക്ക് കൊടുത്ത സന്ദർഭവവും അവസരവും ദുർവിനിയോഗിച്ചവരെ കണ്ടെത്താനും അതിലുൾപ്പെട്ട ഉദ്യോഗസ്ഥരെ നിയമത്തിന്റെ മുന്നിലെത്തിക്കാനും ഒരു ഭാഗത്തു നീക്കം. കള്ള മാർഗങ്ങളിലൂടെ നോട്ടുമാറി വീണ്ടും ഗോഡൗണുകളിൽ കെട്ടിവെച്ചവരെ കണ്ടെത്താനും കൈകാര്യം ചെയ്യാനും മറുതലത്തിൽ നടപടികൾ. അക്ഷരാർഥത്തിൽ അനവധി കോടികളാണ് വഴിവിട്ട മാർഗത്തിലൂടെ മാറ്റപ്പെട്ടത്‌ . അതൊക്കെ പിടികൂടാൻ റിസർവ് ബാങ്കിനായി. എൻഫോഴ്‌സ്‌മെന്റ് ഡിപ്പാർട്മെൻറ് , ആദായ നികുതിക്കാർ എന്നിവരെല്ലാം രാപകലില്ലാതെ പണിയെടുക്കാൻ തയ്യാറായി. കള്ളപ്പണക്കാർ ഇതുപോലെ നെട്ടോട്ടമോടുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ മുന്പ് കണ്ടിട്ടുണ്ടാവില്ല.

എല്ലായിടത്തും എല്ലായിപ്പോഴും പ്രതിപക്ഷത്തിന് അവരുടെ റോൾ ഉണ്ടല്ലോ. വിമർശിക്കാൻ അവർക്കധികാരമുണ്ട്. എന്നാൽ ബഹുഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ സർക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ല എന്ന് പറയുന്നത് അസംബന്ധമാണ്‌ . പാർലമെന്റിൽ എന്തും ചർച്ചയാകാം എന്നതായിരുന്നു സർക്കാരിന്റെ ആദ്യമെമുതലുള്ള നിലപാട്. ഈ വിഷയത്തിൽ രാജ്യസഭയിൽ ചർച്ച തുടങ്ങുകയും ചെയ്തു. പക്ഷെ പിന്നീട് നരേന്ദ്ര മോഡി വന്ന്‌ ചർച്ചമുഴുവൻ കേൾക്കണം എന്നായി. ആദ്യമേ സൂചിപ്പിച്ചതുപോലെ, നരേന്ദ്ര മോഡി അധികാരത്തിലേറിയ നാൾ മുതൽ തുടർന്നുവരുന്ന ഒരു നിഷേധാത്മക, വൈരാഗ്യം നിറഞ്ഞ പ്രതിപക്ഷ നിലപാടിന്റെ ആവർത്തനമാണ് നാം ഇത്തവണയും പാർലമെന്റിൽ കണ്ടത്. അവർ എന്തുചെയ്യും എന്ന് നോക്കാം എന്നതായിരുന്നു പ്രതിപക്ഷ സമീപനം. എന്തൊക്കെ ചെയ്യാം എന്ന് സമ്മതിച്ചാലും, വഴങ്ങിയാലും സർക്കാരിനെ ഒരു അടിപോലും മുന്നോട്ടുനീങ്ങാൻ അനുവദിക്കില്ലെന്ന ഒരുതരം ഫാസിസ്റ്റ് നിലപാട്. കോൺഗ്രസിനൊപ്പം സ്വാഭാവികമായും എ എ പി, സമാജ്‌വാദി, മായാവതി, സിപിഎം,സിപിഐ എന്നിവരെല്ലാം കൂടി. അങ്ങിനെ സഭാസമ്മേളനത്തിന്റെ എല്ലാ ദിവസങ്ങളിലും ബഹളം. ഒന്നും നടന്നില്ല. രാജ്യസഭയിൽ കോൺഗ്രസുകാർ മുൻകയ്യെടുത്ത് ആരംഭിച്ച ചർച്ചകൾ പോലും ഇടക്കുവെച്ചു മുടക്കിയായിരുന്നു ‘വഴിതടയൽ’ സമരം. അവർക്കെല്ലാം വേണ്ടത് എന്താണ് എന്നത് സർക്കാരിന് നന്നായി അറിയാമായിരുന്നു. അത് കറൻസി റദ്ദാക്കൽ പിൻവലിക്കലാണ് . കള്ളപ്പണക്കാരുടെ ആവശ്യമാണ് പ്രതിപക്ഷത്തെ പലർക്കും. മായാവതിയും മമതയും കെജ്‌രിവാളും മറ്റും അത് മടികൂടാതെ തുറന്നുപറഞ്ഞുവെങ്കിലും കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും അതിനുള്ള ചങ്കൂറ്റം കാണിച്ചില്ല. പക്ഷെ കോൺഗ്രസുകാരുടെ മനസിലുണ്ടായിരുന്നത് അതുതന്നെയാണ് എന്നതിൽ ആർക്കും ഒരു സംശയവുമുണ്ടായിരുന്നില്ല. കേരളത്തിലെ യുഡിഎഫുകാർ ഡൽഹിയിലെത്തി തെരുവിൽ ധർണ നടത്തിയതും അവിടെ നടത്തിയ പ്രസംഗങ്ങളും മറക്കരുതേ……….

അതിനിടയിലാണ് സിബിഐ ഹെലികോപ്റ്റർ ഇടപാടുമായി ബന്ധപ്പെട്ട്‌ മുൻ വ്യോമസേനാ മേധാവി എസ്‌പി ത്യാഗിയെ അറസ്റ്റ് ചെയ്തത്. സിബിഐ കസ്റ്റഡിയിൽ വെച്ച് പലതും അയാൾ തുറന്നുപറഞ്ഞു. താനല്ല ഹെലികോപ്റ്റർ ഇടപാടിൽ വെള്ളം ചേർത്തത്; താനല്ല ഇറ്റലിയിൽ പരീക്ഷണ പാറക്കൽ തീരുമാനിച്ചത്. താനല്ല കൈക്കൂലി ചോദിച്ചതും വാങ്ങിയതും………… അങ്ങിനെ പലതും. അതിനൊപ്പം ഇറ്റാലിയൻ കണക്ഷൻ അടക്കം പലതും വെളിച്ചത്തുവന്നു. പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ ഓഫിസ് ആണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തതെന്ന് പറയാനും അയാൾക്കായി. ഇറ്റലി, മൻമോഹൻ സിംഗിന്റെ ഓഫിസ് , എകെ ആന്റണി ………… അങ്ങിനെ കുറെയേറെ വിവരങ്ങൾ സിബിഐക്കു ലഭിച്ചു.

മറ്റൊന്ന്, ഡൽഹിയിലും മറ്റും പഴയ കറൻസി മാറ്റിവാങ്ങിക്കൂട്ടിയതിലെ ചില കളികളും പുറത്തായി. ഒരു ന്യൂ ജനറേഷൻ ബാങ്കിലൂടെ രാജ്യത്തിന്റെ പലഭാഗങ്ങളിൽ നടത്തിയ തട്ടിപ്പുകൾ വെളിച്ചം കണ്ടത് ചെറിയ കാര്യമല്ല. ഏതാണ്ട് അഞ്ഞൂറുകോടി രൂപ ഒറ്റരാത്രിയിൽ മാറ്റിയെടുക്കാൻ കഴിയുന്നവർ രാജ്യത്തു വിരലിൽ എണ്ണാവുന്നവരാണ് എന്നത് ആർക്കാണ് അറിയാത്തതു് . കുറെ ബാങ്ക് ഉദ്യോഗസ്ഥർ പിടിയിലായപ്പോൾ കാര്യങ്ങൾ പച്ചവെള്ളം പോലെ പുറത്തേക്കൊഴുകി. ആരാണ് അതിനു പിന്നിൽ, എവിടെയാണ് പണം കൊണ്ടുവന്നത്, ആരാണ് മാറ്റിക്കൊടുക്കാൻ നിർദ്ദേശിച്ചത്…………. ഇതൊക്കെ ഇന്നിപ്പോൾ സർക്കാരിനറിയാം. അതും പലരുടെയും ഉറക്കം കെടുത്താൻ തുടങ്ങി.

അപ്പോൾ പിന്നെ ഒരേ ഒരു മാർഗ്ഗമേയുണ്ടായിരുന്നുള്ളൂ പ്രതിപക്ഷ്ത്തിന് മുന്നിൽ. എങ്ങിനെയെങ്കിലും കറൻസി റദ്ദാക്കൽ മുടക്കുക……….. അതിന്‌ നിലവിലെ ഏക മാർഗം സുപ്രീം കോടതിയിലെത്തുക. ഇന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കുറേനാളായി കേന്ദ്രത്തിനെതിരെ കിട്ടിയ അവസരത്തിലെല്ലാം എന്തും പറയുന്നയാളാണ് എന്നതും പലർക്കും പ്രതീക്ഷ നൽകിയിരിക്കണം. പിന്നെ കൂടുതലൊന്നും ആലോചിച്ചില്ല ; ഹർജിയുമായി കോടതിയിലേക്ക്. സത്യത്തിനുവേണ്ടിയും അഴിമതിക്കെതിരെയും ധർമ്മത്തിനുവേണ്ടിയും അണ്ണാ ഹസാരെക്ക്‌വേണ്ടിയും തെരുവിലിറങ്ങിയവരെല്ല്ലാം കോടതിയിലെത്തി. കോൺഗ്രസിന്റെ എല്ലാ പ്രമുഖ അഭിഭാഷകരും അവർക്കായി കറുത്ത കോട്ടണിഞ്ഞു. ഈ മാസം 31 നു മുൻപായി എങ്ങിനെയെങ്കിലും നോട്ടു പിൻവലിക്കൽ തീരുമാനം റദ്ദാക്കാൻ കഴിയുമെന്ന് അവരെല്ലാം പ്രതീക്ഷിച്ചു. സഹകരണ ബാങ്കിലൂടെ കള്ളപ്പണം വെളുപ്പിക്കാൻ ആഗ്രഹിച്ചവരും അക്കൂട്ടത്തിൽ കോടതിയിലെത്തി. എന്നാൽ ഇന്നലെയോടെ , അല്ല വ്യഴാഴ്ചയോടെ, കാര്യങ്ങൾ എല്ലാവര്ക്കും ബോധ്യമായി. സുപ്രീം കോടതി അങ്ങിനെയൊന്നും തങ്ങളെ രക്ഷിക്കാൻ പോകുന്നില്ലെന്ന് എല്ലാവർക്കും തീർച്ചയായി . ഈ പ്രശ്നം ഭരണഘടനാ ബെഞ്ചിലേക്കും മാറ്റി. അതായത് ഇനി തീരുമാനം ആകുമ്പോഴേക്കും നാട്ടിലുള്ള കള്ളനോട്ടുകളുടെ കാലാവധി പൂർത്തിയായിരിക്കും. അതുകഴിഞ്ഞു എന്ത് സമരം?. എല്ലാവർക്കും കയ്യിലിരിക്കുന്നത്‌ കത്തിച്ചുകളയാൻ കഴിയുമെന്നു മാത്രം. അതും പ്രതിപക്ഷത്തെ വല്ലാതെ വിഷമത്തിലാഴ്ത്തി എന്നതിൽ സംശയമില്ല. മോദിയെ ഇറക്കിയേ തന്റെ സംസ്ഥാനത്തിന്റെ തലസ്ഥാനത്തേക്ക് മടങ്ങൂ എന്ന് പ്രഖ്യാപിച്ചവരെയെല്ലാം കരഞ്ഞുകൊണ്ട് തലകുനിച്ചിരിക്കുന്നതും നാമൊക്കെ കണ്ടു.

ഇതിനിടയിൽ മറ്റൊരു നാടകവും രാജ്യം കണ്ടിരുന്നു. മോഡി അഴിമതി നടത്തിയെന്ന്‌ പറഞ്ഞുകൊണ്ട് തെരുവിലിറങ്ങി നടന്ന രാഹുൽ ഗാന്ധിയെ. താൻ വായ് തുറന്നാൽ ഭൂകമ്പമുണ്ടാകുമെന്ന്‌ അദ്ദേഹം നമ്മെ ബോധ്യപ്പെടുത്തി. തനിക്കു ഒന്ന് ലോകസഭയിൽ പ്രസംഗിക്കാൻ അവസരം നൽകൂ, അപ്പോൾ കാണിച്ചുതരാം …….. എന്നാൽ രാഹുൽ ഗാന്ധി പ്രസംഗിക്കാൻ ആവശ്യമുന്നയിച്ചില്ല. അഴിമതി ഉന്നയിക്കാൻ നിയമാനുസൃതം വേണ്ടുന്നതായ സ്പീക്കറുടെ അനുമതി തേടിയില്ല. നനഞ്ഞ പടക്കം കാണിച്ചുകൊണ്ട് എല്ലാവരെയും പേടിപ്പിക്കാനിറങ്ങിയ രാഹുലിന്റെ പിന്നാലെ നെഞ്ചുവിടർത്തി നടന്ന യെച്ചൂരിമാരും മായാവതിമാരും കെജ്രിവാളുമാരും മറ്റു പ്രതിപക്ഷക്കാരും നാണം കെട്ടു. ഇന്നലെ രാവിലെ ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ ഇതാദ്യമായി ഒരു കാര്യം മോഡി തുറന്നടിച്ചിരുന്നു. ” സൂക്ഷിച്ചു വെച്ചിരിക്കുന്ന കള്ളപ്പ ണം നഷ്ടപ്പെടുന്നതിലുള്ള ദു:ഖമാണ് ” പ്രതിപക്ഷം പ്രകടിപ്പിക്കുന്നത് എന്ന്. വാക്കുകൾ ഇതവണമെന്നില്ല; എന്നാൽ അതാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് വ്യക്തമാണ്. നോട്ടു വിഷയം ഉടലെടുത്തതുമുതൽ ഇങ്ങനെ ഒരാളും ഇതുവരെ പരസ്യമായി പറഞ്ഞതായി ഓർമ്മയില്ല. എല്ലാവരും അത് മനസിലാക്കിയിരുന്നു എന്നത് ശരിയാണ് . പക്ഷെ അത് മോഡി പറഞ്ഞയുടനെ എല്ലാ ടിവി മാധ്യമങ്ങളിലും വന്നു. അതിനും ശേഷമാണ് രാഹുൽ ഗാന്ധിയും ഗുലാം നബി ആസാദും ആനന്ദ് ശർമയും മല്ലികാർജുൻ ഖാർഗെയും കൂട്ടരും തലകുനിച്ചുകൊണ്ട്‌ മോദിയെ കാണാൻ അനുമതി തേടിയത്. ഇതിലേറെ എന്താണ് പറയാനുള്ളത്. കർഷകരുടെ കടം എഴുതിത്തള്ളാൻ ആവശ്യപ്പെടാനാണ് പോയതത്രെ. മോഡി അവരെ കാണാൻ തയ്യാറായി. ഒന്നിച്ചിരുന്നു ചായയും കുറ്റിച്ചിരിക്കണം,സ്വാഭാവികമായും. പിന്നെ മിണ്ടാട്ടമില്ലായിരുന്നു, ഒരാൾക്കും. നല്ല അനുസരണയുള്ള കുട്ടികളെ പോലെ അവരെല്ലാം മടങ്ങി; ഇന്നലെ തന്നെ രണ്ടു സഭകളിലും അത് പ്രകടമായിരുന്നല്ലോ. പ്രതിപക്ഷം ഏതാണ്ട് എൽപി സ്കൂളിൽ കുട്ടികൾ അധ്യാപകനുമുന്നിൽ ഇരിക്കുന്നതുപോലെയായിരുന്നു എന്ന് പറയാമെന്നു തോന്നുന്നു. ‘മോഡി മാജിക് ‘ ആണോ അതോ മുഖ്യ പ്രതിപക്ഷ കക്ഷിയുടെ മനസ് മാറിയതാണോ; അതല്ലെങ്കിൽ മനസ് മാറ്റിയതാണോ…….?. അതൊക്കെ പറയാൻ എനിക്കാവില്ല. എന്നാൽ പലർക്കും പലതും ഊഹിക്കാൻ കഴിയും; ചിന്തിക്കാനും വിലയിരുത്താനും കഴിയും. ” കളി നരേന്ദ്ര മോദിയോട് വേണ്ട” എന്ന് സാധാരണ ബിജെപിയിൽ പറയാറുണ്ട്; അതുതന്നെയാണ് ഓർമ്മയിൽ വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button