NewsIndia

കള്ളപ്പണം; ഗരീബ് കല്യാണ്‍ യോജന ഇന്നു മുതല്‍; പദ്ധതിയിൽ നിയമ നടപടിയില്ല

ന്യൂഡല്‍ഹി: കള്ളപ്പണം വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതിക്ക് ഇന്ന് തുടക്കം. പുതിയ പദ്ധതിയില്‍ നിയമ നടപടികള്‍ ഉണ്ടാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പദ്ധതി പ്രകാരം നല്‍കുന്ന വിവരങ്ങളുടെ പേരില്‍ കള്ളപ്പണം വെളിപ്പെടുത്തുന്നവര്‍ക്ക് നിയമനടപടി നേരിടേണ്ടി വരില്ലെന്ന് റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ പറഞ്ഞു. 2017 മാര്‍ച്ച് 31 വരെ പദ്ധതിയില്‍ കള്ളപ്പണം വെളിപ്പെടുത്താം. പദ്ധതി പ്രകാരം കള്ളപ്പണത്തിന്റെ 50% നികുതിയായി നല്‍കിയാല്‍ നിയമനടപടികളില്‍ നിന്ന് ഒഴിവാകാം.

നികുതിക്ക് പുറമെ ബാക്കിയുള്ളതിന്റെ 25 ശതമാനം തുക നാല് വര്‍ഷത്തേക്ക് മരവിപ്പിക്കും. പലിശരഹിത നിക്ഷേപത്തിലാണ് ഇത് നിക്ഷേപിക്കുക. നിഷ്‌ക്രിയ അക്കൗണ്ടുകളിലും ജന്‍ധന്‍ അക്കൗണ്ടുകളിലും പ്രതിദിനം നടക്കുന്ന നിക്ഷേപങ്ങളുടെ വിവരം സര്‍ക്കാര്‍ ശേഖരിക്കുന്നുണ്ടെന്നും പഴയതും പുതിയതുമായ നോട്ടുകളില്‍ സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം പിടികൂടാന്‍ വ്യാപകമായി റെയ്ഡുകള്‍ നടത്തുന്നുണ്ടന്നും റവന്യൂ സെക്രട്ടറി വ്യക്തമാക്കി. കണക്കില്‍പ്പെടാത്ത പണത്തിന്റെ ഉറവിടം വെളിപ്പെടുത്താതിരിക്കുകയും അധികൃതര്‍ കണ്ടെത്തുകയും ചെയ്താല്‍ നികുതിയും പിഴയും 85% ശതമാനം തുക ചുമത്തുകയും അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യും. പൊതുജനങ്ങള്‍ക്ക് കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ പുതിയ ഇമെയില്‍ വിലാസവും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. blackmoneyinfo@incometax.gov.in എന്ന വിലാസത്തിലാണ് വിവരങ്ങള്‍ അറിയിക്കേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button