കോട്ടയം: കോളേജുകളിലെ റാഗിങ് നിയമവിരുദ്ധമായിട്ടും ഇന്നും വിദ്യാര്‍ത്ഥികള്‍ ക്രൂര റാഗിങിന് ഇരയാകുന്നു. നാട്ടകം ഗവണ്‍മെന്റ് പോളി ടെക്‌നിക്കില്‍ നടന്ന അക്രമം ആരെയും ഞെട്ടിക്കുന്നതാണ്. റാഗിങിനിരയായ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ വൃക്ക തകര്‍ന്നു. ഇരിങ്ങാലക്കുട സ്വദേശി അവിനാശ് ആണ് കഴിഞ്ഞ ദിവസം റാഗിങിനിരയായി ആശുപത്രിയിലായത്.
സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അവിനാശിനെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ആറ് മണിക്കൂറോളം നഗ്നനാക്കി വ്യായാമ മുറകള്‍ ചെയ്യിപ്പിച്ചു. പിന്നീട് വിഷം കലര്‍ന്ന മദ്യം കുടിപ്പിക്കുകയായിരുന്നു. മദ്യത്തിലെ വിഷാംശമാണ് വിദ്യാര്‍ത്ഥിയുടെ വൃക്ക തകരാറിലാക്കിയതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മൂന്ന് തവണ അവിനാശിനെ ഡയാലിസിസിന് വിധേയനാക്കി.
ഡിസംബര്‍ രണ്ടാം തീയതിയാണ് സംഭവം നടന്നത്. ഹോസ്റ്റല്‍ മുറിയില്‍ വെച്ചായിരുന്നു റാഗിങ്. അവിനാശ് അടക്കം ഒമ്പത് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് റാഗിങ്ങിന് ഇരയായത്. ഹോസ്റ്റല്‍ മുറിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം ഒമ്പത് പേരുടേയും വസ്ത്രങ്ങള്‍ അഴിപ്പിക്കുകയും പുഷ്അപ്പ് അടക്കമുള്ള വ്യായാമങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
വിദ്യാര്‍ത്ഥികളെ എല്ലാവരേയും ഒരു മണിക്കൂറോളം ഒറ്റക്കാലില്‍ നിര്‍ത്തി. ചെയ്യാന്‍ വിസമ്മതിച്ചപ്പോള്‍ മര്‍ദ്ദിക്കുകയും ചെയ്തു. ഒരു മണിക്കൂറോളം നേരം നിലത്ത് നീന്തുന്ന വിധത്തില്‍ ഇഴയാന്‍ ആവശ്യപ്പെട്ടു. ഭീഷണിപ്പെടുത്തിയും ചീത്ത വിളിച്ചുമാണ് ഇതെല്ലാം തങ്ങളെകൊണ്ട് ചെയ്യിപ്പിച്ചതെന്ന് അവിനാശ് പറയുന്നു.
Post Your Comments