ഹൈദരാബാദ്: ഡിജിറ്റല്‍ പണമിടപാടില്‍ ഏര്‍പ്പെടാത്ത ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ശാസിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. മദ്യപാനികള്‍ പോലും കറന്‍സി രഹിത ഇടപാടുകളിലേയ്ക്ക് കടന്നു എന്നിട്ടും സർക്കാർ ജീവനക്കാർ അതിന് തയ്യാറാകുന്നില്ലെന്നു അദ്ദേഹം പറഞ്ഞു. വളരെ കുറച്ചു പേര്‍ മാത്രമേ കാര്‍ഡ് വഴി പണമിടപാട് നടത്തുന്നുള്ളൂ എന്നറിഞ്ഞപ്പോഴാണ് മുഖ്യമന്ത്രിയുടെ ശാസന. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ചന്ദ്രബാബു നായിഡു.
എല്ലാവരുടേയും മാനസികാവസ്ഥ മാറേണ്ടതുണ്ട്. മദ്യപിക്കാതെ ഒരു മദ്യപാനിക്ക് ജീവിക്കാനാകില്ല. മദ്യപിക്കണമെന്നതിനാല്‍ അയാള്‍ എങ്ങനെയെങ്കിലും പണരഹിത ഇടപാട് പഠിച്ചെടുക്കും. രാജ്യത്ത് ഏറ്റവും വേഗത്തില്‍ കറന്‍സി രഹിത ഇടപാടുകളിലേയ്ക്ക് കടക്കുന്നത് മദ്യശാലകളാണെന്നും ചന്ദ്രബാബു നായിഡു ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ജീവനക്കാരില്‍ 25 ശതമാനം പോലും കറന്‍സി രഹിത ഇടപാടുകള്‍ നടത്തുന്നില്ല. അപ്പോള്‍ എങ്ങനെയാണ് രാജ്യം കറന്‍സി രഹിത സമ്പദ് വ്യവസ്ഥയിലേയ്ക്ക് നീങ്ങുകയെന്നും അദ്ദേഹം ചോദിച്ചു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ സഖ്യകക്ഷിയാണ് ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടി. രാജ്യത്ത് ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പതിമൂന്ന് അംഗ കമ്മിറ്റിയുടെ തലവനാണ് ചന്ദ്രബാബു നായിഡു. കമ്മിറ്റിയില്‍ മറ്റ് അഞ്ച് മുഖ്യമന്ത്രിമാരുമുണ്ട്.
Post Your Comments