NewsInternational

വടക്കൻ അലപ്പോയില്‍ വെടിനിര്‍ത്തല്‍ കരാർ ലംഘിച്ചു

അലപ്പോ:വെടിനിര്‍ത്തല്‍ കരാർ ലംഘിച്ച് സിറിയയിലെ വടക്കന്‍ അലപ്പോയില്‍ അസദ് സൈന്യം വീണ്ടും ആക്രമണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. വടക്കൻ അലപ്പോയില്‍ ശക്തമായ വ്യോമാക്രമണമാണ് നടക്കുന്നത്. ഇതെതുടര്‍ന്ന് വിമതപോരാളികളേയും ജനങ്ങളേയും അലപ്പോയില്‍ നിന്നും ഒഴിപ്പിക്കുന്നത് തടസ്സപ്പെട്ടു. വടക്കന്‍ അലപ്പോ വിമതരില്‍ നിന്നും തിരിച്ചുപിടിക്കുന്നതിനായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി അസദ് സൈന്യം റഷ്യന്‍ സേനയുടെ സഹായത്തോടെ ശക്തമായ ആക്രമണമാണ് നടത്തിവന്നിരുന്നത്. വടക്കന്‍ അലപ്പോ പൂര്‍ണ്ണമായും നിയന്ത്രണത്തിലാക്കാൻ സിറിയന്‍ സൈന്യത്തിന് കഴിഞ്ഞിരുന്നുവെങ്കിലും സാധാരണക്കാരെ കൊന്നൊടുക്കിക്കൊണ്ടുള്ള സിറിയന്‍ സൈന്യത്തിന്റെ മുന്നേറ്റത്തിന് എതിരെ വലിയ പ്രതിഷേധമാണ് രാജ്യാന്തരസമൂഹത്തില്‍ നിന്നും ഉയര്‍ന്ന് വന്നത്.

അതുപോലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച്ച ചേര്‍ന്ന യുഎന്‍ രക്ഷ സമിതിയില്‍ അമേരിക്കയും ബ്രിട്ടനും അടക്കമുള്ള രാഷ്ട്രങ്ങള്‍ കടുത്ത വിമര്‍ശനമാണ് സിറിയക്ക് എതിരെ ഉന്നയിച്ചത്. എന്നാല്‍ അലപ്പോയിലെ ആക്രമണങ്ങള്‍ പൂര്‍ണ്ണമായും അവസാനിപ്പിച്ചുവെന്നായിരുന്നു രക്ഷാസമിതിയെ റഷ്യ അറിയിച്ചത്. ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് വിമതരുമായി ധാരണയില്‍ എത്തിയെന്നും റഷ്യ വ്യക്തമാക്കിയിരുന്നു.

ഇന്ന് പുലര്‍ച്ചെ മുതല്‍ വിമതര്‍ക്കും സാധാരണ ജനങ്ങള്‍ക്കും അലപ്പോയില്‍ നിന്നും ഒഴിഞ്ഞുപോകുന്നതിനുള്ള സാഹചര്യം ഒരുക്കാനും ധാരണയായിരുന്നു. പക്ഷെ ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം സ്ഥിതിഗതികൾ മാറിമറിഞ്ഞു. ഇന്ന് രാവിലെ മുതല്‍ തന്നെ അസദ് സൈന്യം വീണ്ടും ശക്തമായ ഷെല്ലാക്രമണം ആരംഭിച്ചു. ഇതെതുടര്‍ന്ന് വടക്കന്‍ അലപ്പോയില്‍ കുടുങ്ങിയ ജനങ്ങളെ പുറത്തേക്ക് എത്തിക്കുന്നതും തടസ്സപ്പെട്ടു.വിമതര്‍ ധാരണതെറ്റിച്ചതിനെ തുടര്‍ന്നാണ് ആക്രമണം പുനരാരംഭിച്ചത് എന്നാണ് സിറിയന്‍ സേന വ്യക്തമാക്കുന്നത്. ഇതോടുകൂടി ആഴ്ച്ചകളായി ഭക്ഷണവും ഇന്ധനവും ഇല്ലാതെ വടക്കന്‍ ആലപ്പോയില്‍ കുടുങ്ങിയ സാധാരണക്കാരാണ് കൂടുതല്‍ പ്രതിസന്ധയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button