ഇന്ത്യയുടെ പാർലമെന്റ് ഇങ്ങനെ സ്തംഭിക്കുന്നതിനെ, അല്ലെങ്കിൽ സ്തംഭിപ്പിക്കുന്നതിനെ എങ്ങിനെ കാണണമെന്നത് എല്ലാ തലത്തിലും ചർച്ചചെയ്യപ്പെടേണ്ടുന്ന വിഷയമാണ് എന്നതിൽ സംശയമില്ല. ഇവിടെ ഇപ്പോൾ പ്രതിപക്ഷം സഭയിലെത്തുന്നതുതന്നെ സ്തംഭിപ്പിക്കാനാണ് എന്നതായിരുന്നു അവസ്ഥ. ശരിയാണ്, പ്രശ്നങ്ങളുണ്ട്. അത്തരം വിഷമങ്ങൾ അല്ലെങ്കിൽ പ്രശ്നങ്ങൾ മുൻപും ഇവിടെ ഉണ്ടായിട്ടുണ്ട്. എന്നാൽ അതൊക്കെ പരിഹരിക്കാൻ കഴിയുന്നവർ ഭരണ – പ്രതിപക്ഷ ബെഞ്ചുകളിൽ ഉണ്ടായിരുന്നു. ഇന്ന് അത് കാണുന്നില്ല എന്നതാണ് ഏറ്റവും വിഷമമുണ്ടാക്കുന്നത് . ” ആരോടാണ് സംസാരിക്കേണ്ടത് എന്നറിയില്ല. കാര്യങ്ങൾ ഇങ്ങനെ പൊയ്ക്കൂടാ എന്ന് കരുതുന്നവരരും സ്വകാര്യ സംഭാഷണങ്ങളിൽ അക്കാര്യം സമ്മതിക്കുന്നവരും പ്രതിപക്ഷ നിരയിലുണ്ട്. പക്ഷെ, ചിലരെ കാണുമ്പൊൾ അവർക്ക് അതൊക്കെ മറക്കേണ്ടിവരുന്നു…………. “. ഇതാണ് കേന്ദ്രത്തിലെ ഭരണകക്ഷിയായ ബിജെപിയുടെ നേതൃനിരയിലുള്ള ഒരാൾ പറഞ്ഞത്. അദ്ദേഹം ഉദ്ദേശിച്ചത് രാഹുൽ ഗാന്ധിയെയും പിന്നെ ചില വേളകളിൽ സോണിയ ഗാന്ധിയെയുമാണ് എന്നത് മനസിലാക്കാനാവും. ഭയപ്പാടിലാണ് കോൺഗ്രസുകാരുടെ നേതാക്കൾ എന്നതാണ് ബിജെപിയുടെ വിലയിരുത്തൽ എന്നും പറയേണ്ടിയിരിക്കുന്നു.
ഞാൻ എത്രയോ വർഷമായി നമ്മുടെ പാർലമെന്റ് നടപടികൾ വീക്ഷിക്കുന്ന ഒരാളാണ്. പക്വതയുടെ ഒരു പ്രശ്നം ഇന്നിപ്പോൾ പ്രകടമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സാമാന്യം ഭേദപ്പെട്ട കോൺഗ്രസുകാരെല്ലാം പരാജയപ്പെട്ടിരിക്കുന്നു. പിന്നെയുള്ളത് നാമിപ്പോൾ കാണുന്നവരാണ്. മല്ലികാർജുൻ ഖാർഗെയെ അവർക്ക് ലോകസഭയിൽ നേതാവാക്കേണ്ടിവന്നുവെങ്കിൽ ബാക്കിയൊന്നും പറയേണ്ടതില്ലല്ലോ. ഇവിടെ ഒരു കാര്യം കൂടിയുണ്ട്. സാധാരണനിലക്ക് സഭയിലെ നിലപാടുകൾ സ്വീകരിക്കുമ്പോൾ പ്രതിപക്ഷ നേതാവിന് ഒരു നിലപാട് ഉണ്ടാവും; അത് പരിഗണിക്കപ്പെടും ചെയ്യും. ഇവിടെ ഇന്ന് അതും നടക്കുന്നില്ല എന്നതാണത്രേ ബിജെപിയുടെ വിലയിരുത്തൽ. ചുരുക്കത്തിൽ അധികാരം നഷ്ടപ്പെട്ട ഒരു പാർട്ടിക്ക് പുതിയ സാഹചര്യവുമായി ഇനിയും ഒത്തുപോകാൻ കഴിയുന്നില്ല. കേന്ദ്രത്തിൽ അധികാരത്തിൽ നിന്ന് പുറന്തള്ളപ്പെട്ടു എന്നുമാത്രമല്ല, അനവധി സംസ്ഥാനങ്ങളിലും അവർ ഒന്നുമല്ലാതായി. ഇതിനൊക്കെശേഷവും തങ്ങളാണ് ഇന്ത്യ ഭരിക്കാൻ അർഹരായ ഏക വിഭാഗമെന്ന് സ്വയം കരുതുകയും അതിനായി ജീവിക്കുകയും ചെയ്താലോ?. കഷ്ടം എന്നേ പറയാൻ കഴിയൂ. എന്നാൽ എന്നതാണ് ഇന്ത്യയിൽ നടക്കുന്നത്.
നമ്മുടെ പാർലമെന്റിന് പ്രധാനമായും മൂന്ന് സമ്മേളനങ്ങളാണ് ഉള്ളത്. ഫെബ്രുവരി – മെയ് കാലഘട്ടത്തിലെ ബജറ്റ് സമ്മേളനം. ജൂലൈ – സെപ്തംബര് കാലത്തുള്ള മൺസൂൺ സമ്മേളനം, പിന്നെ ഇപ്പോൾ നടക്കുന്ന, അതായത് നവംബര്– ഡിസംബർ മാസങ്ങളിലെ ശൈത്യകാല സമ്മേളനം. ഇതെല്ലം കൂടി ഏതാണ്ട് നൂറ് ദിവസം പാർലമെന്റ് സമ്മേളിക്കാറുണ്ട് എന്നാണ് പറയാറുള്ളത്; അല്ലെങ്കിൽ അതാണ് ഒരു കണക്ക് . എന്നാലിന്നിപ്പോൾ, അല്ല കഴിഞ്ഞ കുറച്ചുകാലമായി അതൊക്കെ നിശ്ചയിക്കാറുണ്ടെങ്കിലും സമ്മേളനം അത്രയൊന്നും ദിവസം നടക്കാറില്ല. ബഹളങ്ങൾ കൊണ്ടുതന്നെയാണ് അത് നടക്കാതെ വരുന്നത്. നൂറുദിവസത്തെ പാർലമെന്റ് സമ്മേളനത്തിനായി ചിലവാക്കുന്നത് ഏതാണ്ട് 600 കോടി രൂപയാണ് എന്നാണ് ഒരു പൊതുവായ കണക്ക് . അതിൽ അല്ലറ ചില്ലറ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. പക്ഷെ പൊതുവെ അങ്ങിനെയാണ് പറയാറുള്ളത്. അതായത് ഒരു നാൾ സഭകൾ സമ്മേളിക്കാൻ വേണ്ടിവരിക ഏതാണ്ട് ആറ് കോടിയാണ്. ഇന്ത്യയെ പോലുള്ള ഒരു രാജ്യത്തെസംബന്ധിച്ചിടത്തോളം എത്ര വലിയ തുകയാണിത് എന്നത് ഓർക്കണം. നമ്മുടെ ഖജനാവിൽ നിന്നാണ് ഇതൊക്കെ ചിലവാക്കപ്പെടുന്നത്. നമ്മുടെ ജനാധിപത്യം സംരക്ഷിക്കാനുള്ള വിലയാണിത്. അതൊക്കെ നമ്മുടെ രാഷ്ട്രീയ നേതൃത്വം കണക്കിലെടുക്കേണ്ടതല്ലേ?.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്നതുപോലെ ലോകസഭയിൽ ഇപ്പോഴും കോൺഗ്രസുകാർ ബഹളമുണ്ടാക്കി; സഭ സ്തംഭിപ്പിച്ചു. മൻമോഹൻ സിങ് സർക്കാരിന്റെ കാലഘട്ടത്തിൽ നടന്ന ഹെലികോപ്റ്റർ ഇടപാടിനെ സംബന്ധിച്ച് മുൻ വ്യോമസേനാ മേധാവി നടത്തിയ വെളിപ്പെടുത്തൽ സംബന്ധിച്ച് ഒരു ബിജെഡി അംഗം ഭർത്തൃഹരി മെഹ്‌താബ് ബുധനാഴ്ച ഉന്നയിച്ച ഉപക്ഷേപം കേൾക്കാൻ തയ്യാറാവാതിരുന്ന കോൺഗ്രസുകാർ സഭയുടെ നടുത്തളത്തിലിറങ്ങുകയായിരുന്നു. പ്രശ്നത്തിന്റെ ഗൗരവത്തിലേക്കാണ് അദ്ദേഹം ശ്രദ്ധ ക്ഷണിച്ചത്. ഒരു ആക്ഷേപവും ഉന്നയിച്ചില്ല; രാഷ്ട്രീയ പ്രസംഗവുമായിരുന്നില്ല അത്. പക്ഷെ, അതിനിടയിൽ സ്പീക്കറുടെ റൂളിങ്ങിനെ പ്രതിപക്ഷ നേതാവ് പരസ്യമായി ചോദ്യം ചെയ്യാൻ പോലും തയ്യാറായത് കാണാമായിരുന്നു. കുറേനാളുകൾക്കുശേഷം സോണിയ ഗാന്ധി ഇന്ന് സഭയിലെത്തിയിരുന്നു . പ്രധാനമന്ത്രിയും സഭയിലുണ്ടായിരുന്നു. ബിജെഡി അംഗത്തിന്റെ ഉപക്ഷേപത്തിനുശേഷം കറൻസി റദ്ദാക്കൽ സംബന്ധിച്ച ചർച്ചയാകാമെന്നതായിരുന്നു നിലപാട്. എന്നാൽ സഭ സ്തംഭിപ്പിക്കലാണ് കോൺഗ്രസ് ആഗ്രഹിച്ചത്. ഇതൊക്കെ കഴിഞ് , പതിവുപോലെ, എനിക്ക് സഭയിൽ സംസാരിക്കാൻ അവസരം കിട്ടിയില്ലെന്നു രാഹുൽ പറയുന്നതുകേട്ടു. എന്താണ് രാഹുലിനോട് പറയുക. സ്വന്തം പാർട്ടിക്കാർ സഭ സ്തംഭിപ്പിച്ചിട്ട് പുറത്തിറങ്ങി വന്ന് എനിക്ക് സംസാരിക്കാൻ അവസരം തന്നില്ലെന്നു വിലപിക്കുന്ന പാവം. ഹാ, കഷ്ടം…………… പറയുക. തിരഞ്ഞെടുപ്പിൽ തോറ്റുതൊപ്പിയിട്ടവർ നാണമില്ലാതെ വിലപിക്കുകയാണ്. തിരഞ്ഞെടുക്കപ്പെട്ട, ജനപിന്തുണയുള്ള ഒരു ഭരണകൂടത്തെ ‘മസിൽ പവർ ‘ കൊണ്ട് നേരിടാൻ ശ്രമിക്കുകയാണ്.
ഹെലികോപ്റ്റർ ഇടപാടിൽ കോൺഗ്രസ് നേതാക്കൾക്കു ള്ള റോൾ സംബന്ധിച്ച സൂചനകൾ ഇറ്റാലിയൻ കോടതി നൽകിയതാണ്. കോഴ നൽകിയതും അതിൽ പങ്കാളിത്തമുള്ളവരെക്കുറിച്ചും ഒക്കെ കോടതിവിധിയിൽ പരാമർശമുണ്ട്. വിധിന്യായത്തിൽ കോൺഗ്രസുകാരുടെ പേരുമുണ്ട് എന്നാണ് കേട്ടിരുന്നത്. രാഹുലിന്റെ വിശ്വസ്തരുടെയും ബന്ധുക്കളുടെയും. ഇറ്റലിയുമായി ആർക്കാണ് എന്തൊക്കെയാണ് ബന്ധമുള്ളത് എന്നതൊക്കെ ഞാനിവിടെ പറയേണ്ടതുണ്ടോ?. അതാണല്ലോ അവസാനം തീരുമാനങ്ങൾ എടുത്തത് താനല്ല, മറിച്ചു പ്രധാനമന്ത്രിയുടെ ഓഫിസ് ആണ് എന്ന് മുൻ വ്യോമസേനാ മേധാവി പറഞ്ഞത്. ഇവിടെ ഒരു കാര്യം തീർച്ചയാണ്. ഇതിൽ തട്ടിപ്പു നടന്നിരുന്നു. അത് ഏറ്റവുമധികം വ്യക്തമായി അറിയുന്നയാൾ എകെ ആന്റണി എന്ന അന്നത്തെ പ്രതിരോധ മന്ത്രിയാണ്. അദ്ദേഹമാണല്ലോ അഴിമതി നടന്നതിന്റെ പേരിൽ കരാർ റദ്ദാക്കാൻ തയ്യാറായത്. എല്ലാ പ്രശ്നവും ഇവിടെ തീരും, ആന്റണി ഒരു വാക്ക് പറഞ്ഞാൽ മതി. ആര് കാശുവാങ്ങി എന്നത് മനസിലാക്കിയപ്പോഴാണ് കരാർ റദ്ദാക്കിയത് എന്ന്.
ഇന്നിപ്പോൾ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ കൈവിട്ടുപോകുന്ന സ്ഥിതിയാണ്. മൻമോഹൻ സിംഗിനെ മാത്രമല്ല ആന്റണിയെയും ചോദ്യം ചെയ്യേണ്ടതായി വരും. മൻമോഹൻ സിംഗിന്റെ ഓഫീസിലുണ്ടായിരുന്നവരും പ്രതിക്കൂട്ടിലാവും. നൂറുകണക്കിന് കോടികളാണ് രാജ്യത്തെ പറ്റിച്ചത് എന്നത് ചെറിയ കാര്യമല്ലല്ലോ. ഒരു പക്ഷെ സോണിയ ഗാന്ധി തല്ക്കാലം രക്ഷപ്പെട്ടേക്കാം. അല്ലെങ്കിൽ അവരെ ഇപ്പോൾ ചോദ്യം ചെയ്തേക്കില്ലായിരിക്കാം. തൽക്കാലത്തേക്ക് എന്നത് അടിവരയിട്ടുവായിക്കുക. പക്ഷെ ഈ തട്ടിപ്പിൽ അവർക്കനുകൂലമായി, കാര്യം മനസിലാക്കാതെയോ മനസിലാക്കിക്കൊണ്ടോ, തലയാട്ടിയ പലർക്കും തിഹാറിലെ സൗകര്യങ്ങൾ നേരിട്ടറിയേണ്ടതായി വരും. അതാണ് ഇന്ന് സഭയിൽ ഒരു ബിജെഡി അംഗം ഉന്നയിച്ചത്. മൻമോഹൻ സിങ് അഴിമതി നടത്തിയെന്ന് ആരും ഇപ്പോഴും പറയുന്നില്ല. പക്ഷെ കോടികൾ വരുന്ന തട്ടിപ്പു നടന്നിട്ടുണ്ട്. കോഴ നൽകിയെന്ന ഇറ്റാലിയൻ കോടതിവിധി കാണാതെ പോകാനാവില്ലല്ലോ. കൽക്കരി തട്ടിപ്പുകേസിൽ മൻമോഹൻ ഇപ്പോൾത്തന്നെ പ്രതിക്കൂട്ടിലാണ്. അന്ന് അദ്ദേഹം തന്നെ വകുപ്പ് കൈകാര്യം ചെയ്യുമ്പോഴാണ് പലതും വഴിവിട്ടുനടന്നതു് . എന്തൊരു ഗതികേടാണ് അല്ലെ?. വയസുകാലത്ത് വന്നുചേരുന്ന ഓരോ തലവേദനകൾ.
ലോകസഭയിൽ നോട്ട് വിഷയം ചർച്ചചെയ്യാൻ എന്നെ സർക്കാർ തയ്യാറായിരുന്നു. പക്ഷെ പ്രതിപക്ഷം സമ്മതിച്ചില്ല. രാജ്യസഭയിൽ അവർ ചർച്ച തുടങ്ങിയതാണ്. പിന്നെ അവിടെ എന്തെങ്കിലും നടന്നത് മൻമോഹൻ സിങ് സഭയിലെത്തിയ ദിവസമാണ് . മൻമോഹൻ പ്രസംഗിച്ചുകഴിഞ്ഞതോടെ കോൺഗ്രസുകാർ പഴയ പരിപാടി തുടർന്നു …….. സഭ സ്തംഭനം തന്നെ. അന്നും രാജ്യസഭയിൽ പ്രധാനമന്ത്രി ഉണ്ടായിരുന്നു. ചർച്ചയിൽ പങ്കെടുത്തുസംസാരിക്കാനാണ് അദ്ദേഹം അവിടെയെത്തിയതും. എന്നാൽ അത് അനുവദിച്ചില്ല. ഇന്നിപ്പോൾ രാഹുലിനെ പ്രസംഗിപ്പിക്കനാണ് കോൺഗ്രസുകാർ ചർച്ചയാകാം എന്ന് പറയുന്നത്. അതുകഴിഞ്ഞു കുഴപ്പമുണ്ടാക്കാൻ തുടരുകതന്നെ ചെയ്യുമെന്നാവണം ബിജെപി കരുതുന്നത്. എന്തൊക്കെയോ അഴിമതി ആരോപണമാണ് രാഹുൽ ഗാന്ധി ഉന്നയിക്കുന്നത് . അത് എന്തുകൊണ്ട് പത്രസമ്മേളനത്തിൽ പറയുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം പത്രലേഖകരെ കണ്ടതാണല്ലോ. എന്നിട്ടും മിണ്ടിയില്ലല്ലോ. പുറത്തുപറഞ്ഞാൽ മാനനഷ്ടക്കേസ് നേരിടേണ്ടിവരും എന്നതുകൊണ്ടാണ് ആ ഒളിച്ചോട്ടം എന്നത് വ്യക്തമാണല്ലോ. അരവിന്ദ് കെജ്‌രിവാൾ ഇന്നിപ്പോൾ കോടതികയറി നടക്കുകയാണ്. രാഹുലിനും കോടതികയറേണ്ടിവന്നു; ആർ എസ് എസ് പ്രശ്നത്തിൽ. ഇനി അതൊക്കെ വയ്യ എന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ കരുതിയിരിക്കണം. അതാണല്ലോ സഭയിൽ മാത്രം ആക്ഷേപം ഉന്നയിക്കാൻ നോക്കുന്നത്. സഭ നൽകുന്ന സംരക്ഷണം ഉറപ്പാക്കാനുള്ള ശ്രമമാണ് അതെന്നു വ്യക്തം. അവരുടെ ഒരു ഗതികേട് ; സത്യവിരുദ്ധമല്ലെങ്കിൽ എന്തുകൊണ്ടാണ് പുറത്തു പറഞ്ഞുകൂടാത്തത് എന്ന ചോദ്യത്തിൽ നിന്ന് കോൺഗ്രസുകാർ ഒളിച്ചോടുകയാണ്.
പിന്നെ നേരത്തെ സൂചിപ്പിച്ചതുപോലെ രണ്ടു പക്ഷത്തും ചില പുനർചിന്തകൾ നല്ലതാണ് . എൽകെ അഡ്വാനി ചിലതൊക്കെ പറഞ്ഞിരുന്നു. മുൻപൊക്കെ സഭ സമ്മേളിക്കുമ്പോൾ പ്രധാനമന്ത്രിയും മന്ത്രിമാരും തലസ്ഥാനം വിട്ടുപോകാറില്ല. കഴിയുന്നത്ര ദിവസം അവരെല്ലാം സഭയിലുണ്ടാവും. വാജ്‌പേയിയും അഡ്വാനിയുമൊക്കെ ആ പാരമ്പര്യം വെച്ചുപുലർത്തിയവരാണ്. അതല്ല നരേന്ദ്ര മോദിയുടെ ശൈലി എന്നത് ശരിയാണ്. അദ്ദേഹം അങ്ങിനെയായതു എന്തുകൊണ്ട് എന്നതറിയില്ല. പക്ഷെ പ്രതിപക്ഷത്തെ നിരുത്തരവാദിത്വവും അതിനു കരണമായിട്ടുണ്ടാവാം. സഭകളിൽ കൂവലും ബഹളവും നടക്കുമ്പോൾ താനെന്തിന് വിലപ്പെട്ട സമയം അവിടെ ചെന്നിരുന്നുകളയണം എന്ന് ചിന്തിക്കുന്നതുമാവാം. അതൊക്കെ ശരിയാണ്; പക്ഷെ, നമ്മുടെ ജനാധി പത്യ സംവിധാനത്തിന് കരുത്തുപകരാൻ പ്രധാനമന്ത്രിക്കും വലിയ ഉത്തരവാദിത്വമുണ്ട് എന്നത് പറയാതെ വയ്യ.
Post Your Comments