IndiaNews

ജയലളിതയുടെ സഹോദരപുത്രി ദീപയെ കാണ്മാനില്ല

ചെന്നൈ● അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയോട് ശാരീരിക സാമ്യമുള്ള ജയയുടെ സഹോദരപുത്രി ദീപ ജയകുമാറിനെ കാണാതായി റിപ്പോര്‍ട്ട്. ദീപയുടെ കസിന്‍ അമൃത (35) നെ ഉദ്ധരിച്ച് ‘ബാംഗ്ലൂര്‍ മിറര്‍’ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ജയലളിതയുടെ മരണത്തിന് പിന്നാലെ തോഴി ശശികല നയിക്കുന്ന മാന്നാര്‍ഗുഡി കുടുംബത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ദീപ രംഗത്തെത്തിയിരുന്നു. ജയലളിതയുടെ സ്വത്തുക്കളും അധികാരവും ശശികലയും പാര്‍ട്ടി അനുയായികളും ചേര്‍ന്ന് കൈക്കലാക്കുകയാണെന്ന ദീപയുടെ ആരോപണത്തെ അമൃതയും പിന്തുണച്ചു. എന്നാല്‍ തിങ്കളാഴ്ച മുതല്‍ ദീപയെ കാണ്മാനില്ലെന്നാണ് അമൃത പറയുന്നത്.

ജയലളിതയുടെ പരേതയായ സഹോദരി ഷൈലജയുടെ മകളായ അമൃത ബംഗളൂരുവിലാണ് താമസം. തങ്ങള്‍ ഇരുവരും സ്ഥിരമായി ബന്ധപ്പെടാറുണ്ടായിരുന്നു. ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കൂടുതലായി ആശയവിനിമയം നടത്തിയിരുന്നു. ശശികലയ്ക്കെതിരെ ദീപ അഭിപ്രായം പ്രകടിപ്പിച്ച ശേഷം ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കാന്‍ ദീപ തന്നെ ചെന്നൈയിലേക്ക് ക്ഷണിച്ചതായി അമൃത പറയുന്നു. എന്നാല്‍ ചെന്നൈയിലെത്തിയ തനിക്ക് ദീപയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അമൃത മിററിനോട് പറഞ്ഞു.

തിങ്കളാഴ്ച ചെന്നൈയില്‍ എത്തിയ തനിക്ക് ദീപയെ കാണാനായില്ല. ഫോണിലും കിട്ടുന്നില്ല. ദീപയുടെ വീട് പൂട്ടിയിട്ട നിലയിലാണ്. വേലക്കാരിയെയും അവിടെയെങ്ങും കാണാനില്ല. ശശികലയ്ക്ക് എതിരേ രൂക്ഷ വിമര്‍ശനം നടത്തിയ സാഹചര്യത്തില്‍ തനിക്ക് ഭീതിയുണ്ടെന്നും ജയലളിതയുടെ സഹോദരിയുടെ മകള്‍ കൂടിയായ അമൃത പറഞ്ഞു. ദീപ സുരക്ഷിതയായിരിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

ജയലളിതയ്ക്ക് എന്താണ് അസുഖമെന്നോ എന്തു തരം ചികിത്സയാണ് നല്‍കിയതെന്നോ ഉള്ള കാര്യം ഇപ്പോഴും ദുരൂഹമനു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് പോലും ജയലളിതയെ കാണാന്‍ അനുമതി കിട്ടിയില്ല. ശശികലയുടെ ഉരുക്കുമുഷ്ടി തനിക്കും നേരിടേണ്ടി വന്നു. ആശുപത്രിയുടെ ഗേറ്റില്‍ വെച്ചു തന്നെ പോലീസ് തടഞ്ഞെന്നും അമൃത പറയുന്നു. 1996 നും 98 നും ഇടയില്‍ മൂന്ന് തവണ മാത്രമാണ് ജയലളിതയെ പോയസ് ഗാര്‍ഡനില്‍ ചെന്ന് കാണാന്‍ അനുമതി ലഭിച്ചത്. ശശികല പോയ ശേഷം ബന്ധുക്കളെ സെക്രട്ടറിയേറ്റിലാണ് കണ്ടിരുന്നതെന്നും അമൃത പറഞ്ഞു. 2015 ലായിരുന്നു ജയലളിതയുടെ സഹോദരിയും അമൃതയുടെ മാതാവുമായ ഷൈലജ മരിച്ചത്. ഷൈലജയുടെ മരണത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് ജയ ഔദ്യോഗിക മാര്‍ഗം തങ്ങളെ അറിയിച്ചിരുന്നതായും അമൃത പറഞ്ഞു.

ജയലളിതയുടെ സഹോദരന്‍ ജയകുമാറിന്റെ പുത്രിയാണ് ദീപ. ജയലളിതയുടെ അന്ത്യകര്‍മ്മ ചടങ്ങുകള്‍ക്ക് എത്തിയ, ജയയുമായി ഏറെ ശാരീരിക സാമ്യതകളുള്ള ദീപഅനേകരുടെ ശ്രദ്ധ കവര്‍ന്നിരുന്നു. പോലീസ് നിയന്ത്രണം മൂലം മൃതദേഹത്തിന് അടുത്തേക്ക് എത്താന്‍ കഴിയാതിരുന്ന ദീപ അകലെ നിന്നും അനുശോചനം രേഖപ്പെടുത്തുകയായിരുന്നു.

ജയലളിതയുമായി താന്‍ നടത്തിയ അവസാന സംഭാഷണം ഒരിക്കലും മറക്കാന്‍ കഴിയില്ല. 2014 ജൂണിലായിരുന്നു അത്. സാധാരണപോലെ കന്നഡയിലാണ് തങ്ങള്‍ ഇരുവരും സംസാരിച്ചത്. തനിക്ക് ഒരുപാട് അനുയായികളുണ്ട്‌. എങ്കിലും ഇപ്പോള്‍ ഒറ്റപ്പെട്ടപോലെ തോന്നുന്നതായും അമൃത പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button