റിയാദ് : സൗദി അറേബ്യയയിലെ നഗരസഭ സേവനങ്ങള്‍ക്കുളള ഫീസ് വർദ്ധിപ്പിച്ചതായി മുനിസിപ്പല്‍ മന്ത്രാലയം അറിയിച്ചു.
പുതിയ വർദ്ധനവ് മന്ത്രിസഭ അംഗീകരിച്ചതോടെ ഇന്നലെ മുതൽ തന്നെ നഗരസഭകളില്‍ പുതുക്കിയ ഫീസ് നിരക്ക് ഈടാക്കി തുടങ്ങി. വാണിജ്യ സ്ഥാപനങ്ങള്‍, പാര്‍പ്പിടം നിര്‍മാണം എന്നിവക്കുള്ള ലൈസൻസ് ഫീസ് വര്‍ധിപ്പിച്ചു. ജനവാസകേന്ദ്രങ്ങള്‍ക്ക് പുറത്ത് പ്രവര്‍ത്തിക്കുന്ന പെട്രോള്‍ ബങ്കുകള്‍ക്കുള്ള ഫീസും വാണിജ്യ സ്ഥാപനങ്ങളില്‍ നിന്നും പാര്‍പ്പിടങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള ഫീസും വര്‍ധിപ്പിച്ചവയില്‍ ഉള്‍പ്പെടുന്നു.വിവിധ ആവശ്യങ്ങള്‍ക്കും റോഡുകളില്‍ കുഴിയെടുക്കുന്നതിനുളള അനുമതി, കണ്‍സ്ട്രക്ഷന്‍ പ്ലാനുകള്‍ക്കുളള അംഗീകാരം എന്നിവക്കുളള വര്‍ധിപ്പിച്ച ഫീസ് നിരക്ക് നീട്ടിവെച്ചു.
നഗരസഭ കള്‍ സൗജന്യമായി നല്‍കുന്ന 90 സേവനങ്ങൾക്ക് ഫീസ് ബാധകമാക്കുന്നത് സമഗ്ര പഠനം നടത്തിയതിന് ശേഷം ആലോചിക്കുമെന്നു മന്ത്രാലയം വ്യക്തമാക്കി.
സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനായി നഗരസഭകളെ അഞ്ചു വിഭാഗങ്ങളായി തരംതിരിച്ചാണ് ഫീസ് വര്‍ധനവ് ബാധകമാക്കിയത്. റിയാദ്, മക്ക, മദീന, ജിദ്ദ, കിഴക്കന്‍ പ്രവിശ്യകള്‍ എന്നിവിടങ്ങളിലെ നഗര സഭകള്‍ ഒന്നാം വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ഒന്നാം വിഭാഗത്തിലെ നഗര സഭകള്‍ക്ക് ഈടാക്കുന്ന ഫീസ് നിരക്കിന്റെ അഞ്ചില്‍ ഒന്നു മാത്രമാണ് അഞ്ചാം വിഭാഗത്തിലെ നഗര സഭകളില്‍ ഈടാക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു.
Post Your Comments