IndiaNews

ശശികലയ്ക്ക് പിന്നാലെ അവകാശമുന്നയിച്ച് പുതിയ ഒരാൾ കൂടി രംഗത്ത്

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ പിന്‍ഗാമിയെച്ചൊല്ലിയുള്ള തര്‍ക്കം നിലനില്‍ക്കെ ജയലളിതയുടെ സഹോദര പുത്രി ദീപാ ജയകുമാര്‍ രംഗത്ത്. നിയമപരമായി ജയലളിതയുടെ പിന്‍ഗാമി താനാണെന്നാണ് ദീപ പറയുന്നത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ദീപയുടെ ഈ പ്രസ്താവന. ജനങ്ങളുടെ പാര്‍ട്ടിയാണ് എഐഎഡിഎംകെ. ഇത്തരത്തിൽ ജനാധിപത്യ രീതിയിലുള്ള പാര്‍ട്ടിയെ പെട്ടെന്നൊരു ദിവസം ഒരാള്‍ക്ക് സ്വന്തമായി ഏറ്റെടുക്കാനാവില്ല. ജനങ്ങളാണ് അയാളെ തിരഞ്ഞെടുക്കേണ്ടതെന്നും ദീപ പറഞ്ഞു.

എഐഎഡിഎംകെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വി.കെ ശശികലയെ പാര്‍ട്ടി നേതൃത്വം കൊണ്ടുവരാനിരിക്കെയാണ് ദീപയുടെ രംഗപ്രവേശനം. തെരഞ്ഞെടുപ്പില്‍ വിജയിക്കാത്തിടത്തോളം കാലം ശശികലയെ യഥാര്‍ത്ത നേതാവായി അംഗീകരിക്കപ്പെടില്ല. രാഷ്ട്രീയ പ്രവേശനത്തിന് തയ്യാറെടുത്തിട്ടില്ലെങ്കിലും ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ രാഷ്ട്രീയത്തിൽ ഇറങ്ങുമെന്നും ദീപ അഭിപ്രായപ്പെട്ടു. മറീന ബീച്ചില്‍ വെച്ചുണ്ടായ സംഭവം തന്നെ മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്നും ദീപ പറഞ്ഞു. കഴിഞ്ഞ ദിവസം മറീന ബീച്ചില്‍ ജയലളിതയുടെ ശവകുടീരം സന്ദര്‍ശിക്കാനെത്തിയ ദീപയെ ജനങ്ങള്‍ പൊതിഞ്ഞിരുന്നു. മാത്രമല്ല ദീപയുടെ മുഖത്ത് അവരുടെ അമ്മയെ കാണാം എന്ന് പറഞ്ഞ് ജനങ്ങള്‍ ആശ്ചര്യവും പ്രതീക്ഷയും പ്രകടിപ്പിക്കുകയും ചെയ്തു. സ്വത്തധികാരത്തെ ചൊല്ലി ശശികലക്കെതിരെ വ്യാപകമായ ആരോപണവും ദീപ ഉന്നയിച്ചു

നിയമപരമായി തനിക്കുള്ള പിന്തുടര്‍ച്ചാവകാശം ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ലെന്നും ദീപ അഭിമുഖത്തില്‍ പറഞ്ഞു. ശശികല അണ്ണാ ഡിഎംകെയുടെ തലപ്പത്ത് എത്തുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ദീപ രംഗത്തെത്തിയത്. മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം അടക്കം പാര്‍ട്ടി നേതൃത്വത്തിലെ ഭൂരിപക്ഷം നേതാക്കളും ശശികല പാര്‍ട്ടിയെ നയിക്കണമെന്ന് ആവശ്യപ്പെട്ടു. പോയസ് ഗാര്‍ഡനില്‍ ശശികല വിളിച്ചുചേര്‍ത്ത പാര്‍ട്ടി മന്ത്രിമാരുടെയും നേതാക്കളുടെയും യോഗത്തില്‍ ഭിന്നാഭിപ്രായം ഇല്ലാതെ എല്ലാവരും എത്തിയതോടെ, ശശികലയുടെ സ്ഥാനാരോഹണത്തിന് തടസങ്ങളില്ലെന്ന് ഉറപ്പായി. അതേസമയം ശശികലക്കെതിരെ പ്രതിഷേധവുമായി പാര്‍ട്ടിയിലെ വനിതാ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button