IndiaNews

അണ്ണാ ഡി.എം.കെ പുകയുന്നു : അമ്മയുടെ മരണത്തോടെ അണ്ണാ ഡി.എം.കെയുടെ പതനവും ആരംഭിച്ചു എന്ന സൂചന

ചെന്നൈ : ജയലളിതയുടെ സ്വത്തും അണ്ണാ ഡി.എം.കെ ജനറല്‍ സ്ഥാനവും ലക്ഷ്യമിട്ട് ശശികല കരുനീക്കങ്ങള്‍ ആരംഭിച്ചു. എന്നാല്‍ അണികളുടെ എതിര്‍പ്പ് അതിശക്തമാണ്. അതിനിടെ സ്വത്തിന് വേണ്ടി സ്വന്തം കുടുംബം മൂന്നായി പിരിയുന്നതും ശശികലയ്ക്ക് വെല്ലുവിളിയാണ്. അധികാരവും സ്വത്തും മന്നാര്‍ഗുഡി മാഫിയയുടെ കൈകളിലെത്തുമ്പോള്‍ ള്‍ പ്രതിസന്ധിയിലാകുന്നത് അണ്ണാ ഡിഎംകെ രാഷ്ട്രീയമാണ്. ജയലളിതയുടെ വിയോഗത്തോടെ പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലായി. പാര്‍ട്ടിയെ നയിക്കാന്‍ ജനസമ്മതിയുള്ള ആരെങ്കിലും എത്തിയില്ലെങ്കില്‍ പ്രശ്‌നം അതിരൂക്ഷമാകും.

രജനികാന്തോ അജിത്തോ പാര്‍ട്ടിയെ കൈപിടിച്ചുയര്‍ത്തുമെന്ന് പ്രതീക്ഷിക്കുകയാണ് ഇപ്പോഴും അണ്ണാ ഡിഎംകെ അണികള്‍.
എംജിആറിന്റെ മരണ സമയത്തും ഇതേ പ്രതിസന്ധിയുണ്ടായിരുന്നു. അന്ന് നേതാക്കളെല്ലാം എംജിആറിന്റെ ഭാര്യ ജാനകിയ്‌ക്കൊപ്പം. അങ്ങനെ അവര്‍ മുഖ്യമന്ത്രിയായി. പക്ഷേ അണികള്‍ ജയലളിതയ്‌ക്കൊപ്പം നിലകൊണ്ടു. അങ്ങനെ ഭാവിയിലെ അണ്ണാ ഡിഎംകെ നേതാവായി ജയലളിത മാറി. ഇതിനുമപ്പുറത്തേക്കാണ് ഇപ്പോഴത്തെ പ്രതിസന്ധി. സ്വത്തും അധികാരവും കൈക്കലാക്കാന്‍ ശശികല ശ്രമിക്കുമ്പോള്‍ ജയലളിതയുടെ മരണം തന്നെ വിവാദമാക്കിയാണ് അണികളുടെ പ്രതിഷേധം. ജയലളിതയുടെ മരണത്തിനു പിന്നലെ ദുരൂഹത നീക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. നടി ഗൗതമിയുടെ കത്ത് സാധാരണക്കാരന്റെ സംശയമാണെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

അതിനിടെ പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍ പോയസ് ഗാര്‍ഡനിലെ ജയലളിതയുടെ വസതിയില്‍ പോയി നേതൃസ്ഥാനം ഏറ്റെടുക്കണമെന്നു ശശികലയോട് അഭ്യര്‍ത്ഥിച്ചു. പ്രവര്‍ത്തകര്‍ക്കിടയില്‍ ചെറിയ എതിര്‍പ്പുകളുണ്ടെങ്കിലും നേതാക്കള്‍ ഒറ്റക്കെട്ടായി ശശികലയ്ക്കു പിന്നില്‍ ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ രജനികാന്തോ അജിത്തോ ഉടന്‍ നേതൃത്വം ഏറ്റെടുക്കണമെന്നാണ് അണികളുടെ ആഗ്രഹം. എന്നാല്‍ ഇരുവരും ഇതുവരെ മനസ്സ് തുറന്നിട്ടില്ല. ഇതിനിടെയാണ് സ്വത്തിനും അധികാരത്തിനും വേണ്ടി ശശികലയുടെ കുടുംബത്തില്‍ പോര് തുടങ്ങുന്നത്. മൂന്ന് ചേരികളായി ഇവര്‍ മാറിയെന്നാണ് റിപ്പോര്‍ട്ട്.

മന്നാര്‍ഗുഡി മാഫിയയെന്ന് അറിയപ്പെടുന്ന വിഭാഗത്തില്‍ ഒരു കൂട്ടര്‍ ശശികലയ്‌ക്കൊപ്പമാണ്. ശശികലയെ മുഖ്യമന്ത്രിയാക്കുകയാണ് ലക്ഷ്യം. ശശികലയുടെ മരുമകനും രാജ്യസഭാ അംഗവുമായി ടിടിവി ദിനകരനാണ് മറ്റൊരു ഗ്രൂപ്പിലെ പ്രധാനി. അധികാരത്തിനും സ്വത്തിനുമായി ശശികലയുടെ സഹോദരന്‍ വി ദിവാകരനും കരുനീക്കവുമായി സജീവമാണ്.

താന്‍ അധികാരം പിടിച്ചതിന് ശേഷം ബാക്കിയുള്ളതെല്ലാം ശരിയാക്കാമെന്നാണ് ശശികല ഏവരോടും പറയുന്നത്. ജയലളിതയുടെ മരണത്തില്‍ ദുരൂഹത നിറയുന്നതു കൊണ്ടാണ് ഇത്. തനിക്കൊപ്പമുള്ള ഒരാള്‍ കളം മാറിയാല്‍ അത് പ്രതിസന്ധി രൂക്ഷമാക്കുമെന്ന് അവര്‍ക്ക് അറിയാം. ഇത് പ്രതിഷേധങ്ങള്‍ക്ക് പുതിയ തലം നല്‍കും. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുമായും സര്‍ക്കാരുമായും ഒരുതരത്തിലും ബന്ധപ്പെടരുതെന്ന് കുടുംബാംഗങ്ങള്‍ക്കു ശശികല നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.

അതിനിടെ സ്ത്രീകള്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ ശശികലയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ജയലളിത 75 ദിവസമാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞത്. ഇക്കാലമത്രയും ആശുപത്രിയില്‍ എന്താണ് നടന്നതെന്ന കാര്യത്തില്‍ ദുരൂഹത തുടരുകയാണെന്ന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടു മതി ശശികലയുടെ സ്ഥാനാരോഹണമെന്നാണ് പ്രതിഷേധമുയര്‍ത്തുന്ന പ്രവര്‍ത്തകരുടെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button