ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിനുശേഷം രാജ്യത്തെ ഓണ്‍ലൈന്‍ പണമിടപാടുകളില്‍ 400 മുതല്‍ 1000 ശതമാനം വരെ വര്‍ധനയുണ്ടായതായി കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ച നവംബര്‍ എട്ടുമുതലുള്ള കണക്കാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടത്. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇക്കാര്യം അറിയിച്ചത്. നവംബര്‍ എട്ടുമുതല്‍ ഇന്നുവരെ രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകള്‍ 400 മുതല്‍ 1000 ശതമാനം വരെ ഉയര്‍ന്നിട്ടുണ്ട്. മാസ്റ്റര്‍, വിസാ കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള പണമിടപാടുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ഡിജിറ്റല്‍ പണമിടപാടുകളുമായി ബന്ധപ്പെട്ട് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുള്ള ടെലിവിഷന്‍ ചാനലും വെബ്‌സൈറ്റും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഡിജിശാല’ എന്ന പേരിലുള്ള ഈ ചാനല്‍ ദൂരദര്‍ശന്‍ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്. ‘കാഷ്‌ലെസ്ഇന്ത്യ’ എന്ന പേരിലായിരിക്കും വെബ്‌സൈറ്റ് ജനങ്ങള്‍ക്ക് ലഭ്യമാകുക.
ഇവാലറ്റുകളിലൂടെയുള്ള പണമിടപാടുകള്‍ ദിനംപ്രതി 17 ലക്ഷമായിരുന്നത് 63 ലക്ഷമായി ഉയര്‍ന്നു. ഇവാലറ്റുകളിലൂടെ അനുദിനം 52 കോടി രൂപയുടെ പണമിടപാടുകള്‍ നടന്നിരുന്ന സ്ഥാനത്ത് ഇന്ന് 191 കോടി രൂപയുടെ ഇടപാടുകളാണ് നടക്കുന്നത്. റുപേ (Rupay) കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ പ്രതിദിനം 3.85 ലക്ഷം എന്നതില്‍നിന്ന് 16 ലക്ഷമായി ഉയര്‍ന്നു. അതുവഴി 39.17 കോടി രൂപയുടെ പ്രതിദിന ഇടപാടുകള്‍ നടന്നിരുന്ന സ്ഥാനത്ത് ഇന്ന് 236 കോടി രൂപയുടെ ഇടപാടുകളാണ് നടക്കുന്നത്. യുപിഐ ഇടപാടുകളുടെ എണ്ണം 3721ല്‍നിന്ന് 48,000 ആയി ഉയര്‍ന്നു. ഇതുവഴി 1.93 കോടിയുടെ ഇടപാടുകള്‍ നടന്നിരുന്ന സ്ഥാനത്ത് ഇന്ന് നടക്കുന്നത് 15 കോടി രൂപയുടെ ഇടപാടുകളാണെന്നും മന്ത്രി വെളിപ്പെടുത്തി.
ഡിജിറ്റല്‍ പണമിടപാട് വര്‍ധിക്കുന്നതിലൂടെ മുഴുവന്‍ പണത്തിനും നികുതി ലഭിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തും. കൂടുതല്‍ പണം ബാങ്കുകളിലേക്കെത്തുന്നതോടെ മികച്ച ജനക്ഷേമ പദ്ധതികള്‍ രൂപീകരിക്കുന്നതിന് സര്‍ക്കാരിനും അവസരം ലഭിക്കും മന്ത്രി പറഞ്ഞു.
ഭീകരവാദികള്‍ക്കുള്ള സഹായമെന്ന നിലയില്‍ എത്രത്തോളം കള്ളപ്പണമാണ് ഒഴുകുന്നതെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചോദിച്ചിരുന്നു. ഇത് ഏകദേശം 400 കോടി രൂപ വരുമെന്നാണ് സര്‍ക്കാരിന്റെ കണക്കെന്നും മന്ത്രി പറഞ്ഞു. മുംബൈ പോലൊരു സ്ഥലത്ത് അഞ്ചു കോടി രൂപ ചെലവഴിച്ച് ഭീകരര്‍ ഒരു ആക്രമണം നടത്തിയാല്‍ അതിലൂടെ രാജ്യത്തിന് സംഭവിക്കുന്ന നഷ്ടം 1000 കോടിയില്‍പരം രൂപയുടേതായിരിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Post Your Comments