ന്യൂഡല്‍ഹി: നോട്ട് പ്രതിസന്ധി വിഷയത്തിൽ പാർലമെന്റിൽ സംസാരിക്കാൻ പ്രതിപക്ഷം തന്നെ അനുവദിച്ചില്ലെന്ന് പ്രധാനമന്ത്രി. ഉത്തരഗുജറാത്തിലെ ദീസയില്‍ അമൂലിന്റെ പുതിയ ഡയറി പ്ലാന്റ് ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി പൊതുറാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവേയാണ് നോട്ട് അസാധുവാക്കലിനെ പറ്റി സംസാരിച്ചത്. പ്രതിപക്ഷത്തിന്റെ നിലപാടു കൊണ്ടാണ് പൊതുവേദിയിൽ കാര്യങ്ങൾ പറയേണ്ടിവരുന്നത്. ചർച്ചയ്ക്കു തയാറാണെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ നിലപാട് രാഷ്ട്രപതിയെപ്പോലും രോഷാകുലനാക്കിയെന്നും അദ്ദേഹം പറഞ്ഞു.
50 ദിവസങ്ങളാണ് ഞാൻ ആവശ്യപ്പെട്ടതെന്നും അഴിമതിയിൽനിന്ന് നമ്മുടെ രാജ്യമെങ്ങനെ മാറുന്നുവെന്ന് ഈ ദിവസങ്ങലൂടെ താൻ കാണിച്ചുതരാമെന്നും മോദി പറഞ്ഞു. ബാങ്കിലോ എടിഎമ്മിലോ വരിനിന്നു സമയം കളയേണ്ട ആവശ്യമില്ല. എല്ലാവരും ഇ–വോലറ്റുകളിലൂടെയും ഇ–ബാങ്കിലൂടെയും ഇടപാടുകൾ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാവരും ഇന്ന് നോട്ട് ഭൗർലഭ്യത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. രാജ്യത്തെ പാവങ്ങളുടെ കൈകൾക്ക് ശക്തി പകരുന്നതിനാണ് നോട്ട് അസാധുവാക്കുന്നതിന് തീരുമാനിച്ചത്. 100, 50 നോട്ടുകളുടെ മൂല്യം അതുവഴി ഉയർന്നു. വ്യാജ കറൻസി റാക്കറ്റുകളുടെയും ഭീകരരുടെയും ശക്തി ചോർത്തിക്കളയാൻ ഇതിലൂടെ സാധിച്ചു. നമ്മെക്കുറിച്ച് ചിന്തിക്കാതെ വരും തലമുറയ്ക്കുവേണ്ടി ചിന്തിക്കുന്നവരുടെ രാജ്യമാണിതെന്നും മോദി പറഞ്ഞു.
Post Your Comments