NewsIndia

ചരിത്രം ആവര്‍ത്തിച്ച് കരുണയില്ലാതെ വീണ്ടുമൊരു ഡിസംബര്‍

ചെന്നൈ : തമിഴ് മക്കള്‍ക്ക് കരുണയില്ലാത്ത ഒരു ഡിസംബര്‍ കൂടിയാണ് ഇത്. സെപ്റ്റംബര്‍ 22 ന് പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജയലളിത മരണത്തിലേയ്ക്ക് നീങ്ങവേ പതിയെ ജീവിതം തിരിച്ചുപിടിച്ച് വരികയായിരുന്നു. അതിനിടെ അപ്രതീക്ഷിതമായി വന്ന ഹൃദയാഘാതത്തില്‍ നിന്നും ജയ തിരിച്ചുവരുമെന്നു കരുതിയ തമിഴ് മക്കളെ ഞെട്ടിച്ചു കൊണ്ടാണ് ജയ വിട വാങ്ങിയത് . 29 വര്‍ഷം മുന്‍പത്തെ ഒരു ചരിത്രമാണ് ഇന്നലെ വീണ്ടും ആവര്‍ത്തിച്ചത്.

1987 ഡിസംബര്‍ 24 ന്റെ രാത്രിയിലും തമിഴ്മക്കള്‍ കണ്ണീരില്‍ നനഞ്ഞ പ്രാര്‍ഥനകളോടെ അപ്പോളോ ആശുപത്രിക്കുമുന്നില്‍ കാത്തുനിന്നിരുന്നു. ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തില്‍ നിന്നിരുന്ന പുരട്ചി തലൈവര്‍ക്ക് വൃക്ക നല്‍കാനെത്തിയവരായിരുന്നു അവര്‍. പ്രാര്‍ഥനകളെല്ലാം വിഫലമാക്കി അദ്ദേഹം ജീവിതത്തിന്റെ തിരയൊഴിഞ്ഞപ്പോള്‍ തമിഴകം ഒരു വലിയ പൊട്ടിക്കരച്ചിലായി. ഈ ഡിസംബറിലും അപ്പോളോയ്ക്കു മുന്നില്‍ നെഞ്ചിടിപ്പോടെ തമിഴ്‌നാട് പ്രാര്‍ഥിച്ചുനിന്നു. ജീവന്റെ നൂലിഴ പൊട്ടാതെ പൊരുതിയിരുന്നത് പുരട്ചി തലൈവിയായിരുന്നു; തമിഴ്മക്കളുടെ അമ്മ, എംജിആറിന്റെ പ്രിയ തോഴി. ഇത്തവണയും മരണം കനിവു കാട്ടിയില്ല.

ചരിത്രം ആവര്‍ത്തിക്കുകയായിരുന്നു. എംജിആറിന്റെ മരണം പുറംലോകത്തെ അറിയിച്ചത് പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു. ആരാധകരുടെ വൈകാരിക പ്രതികരണം അതിരുവിടുമെന്ന കണക്കുകൂട്ടലിലായിരുന്നു അത്. എന്നിട്ടും ആ മരണത്തെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ പലയിടത്തും കലാപസമാനമായ അവസ്ഥയായിരുന്നു. നിയന്ത്രണം വിട്ട ആരാധകരില്‍ ചിലര്‍ ആത്മഹത്യ ചെയ്തു. ചിലര്‍ കണ്ണില്‍ക്കണ്ടതിനെല്ലാം നേരേ അക്രമമഴിച്ചുവിട്ടു. ജയയുടെ മരണവിവരവും പുറത്തുവിട്ടത് രാത്രിയോടെയാണ്. എംജിആറിന്റെ മരണത്തിനു പിന്നാലെയുണ്ടായ അക്രമങ്ങളുടെ ഓര്‍മയിലാവണം, ജയയുടെ മരണവിവരം പുറത്തുവിടുന്നതിനു മുന്‍പ് അധികാരികള്‍ വേണ്ടത്ര മുന്‍കരുതലെടുത്തത്.
എം.ജി.ആറിനും ജയലളിതയ്ക്കും സമാനതകളുണ്ട്. അതിലേറെ ഭിന്നതകളുമുണ്ട്. സിനിമയും അധികാരവും ഇടകലര്‍ന്ന ഒരു ഫാന്റസി എംജിആറിന്റെ വ്യക്തിത്വത്തിലുണ്ടായിരുന്നു. അതോടൊപ്പംതന്നെ, ജനങ്ങളോടു ചേര്‍ന്നുനില്‍ക്കുന്ന രാഷ്ട്രീയ നേതാവുമായിരുന്നു എംജിആര്‍. എന്നാല്‍ ജനങ്ങളില്‍നിന്ന് അകലം പാലിച്ച്, അധികാരത്തിന്റെ വിരാട രൂപമായാണ് ജയലളിത ഭരിച്ചത്.
സിനിമയില്‍നിന്നു രാഷ്ട്രീയത്തിലേക്കും പിന്നീട് മുഖ്യമന്ത്രിപദത്തിലേക്കും എത്തിയ എംജിആര്‍ തന്നെയാണ് സിനിമയിലെ താരറാണിയിലേക്കും തമിഴകത്തിന്റെ അമ്മയിലേക്കുള്ള പാത ജയലളിതയ്ക്കും തുറന്നുകൊടുത്തത്. ജയലളിതയുടെ ആദ്യ തമിഴ്ചിത്രം ‘വെണ്‍നിറ ആടൈ’ കണ്ട എംജിആര്‍ തന്റെ ‘അടിമൈ പെണ്‍’ എന്ന അടുത്ത ചിത്രത്തിലേക്കു ജയയെ നിര്‍ദേശിച്ചു. അവിടെനിന്നാണ് ജയയും എംജിആറും തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത്. തുടര്‍ന്ന് 28 ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചു.

താരമായും ഭരണാധികാരിയായും തമിഴിന്റെ ഹൃദയം കവര്‍ന്ന ഇരുവരും തമിഴ്‌നാട് സ്വദേശികളല്ല എന്നുള്ളതും എടുത്തുപറയേണ്ട സമാനതയാണ്. തമിഴ്‌നാട്ടില്‍നിന്നു മൈസൂരിലേക്കു താമസം മാറ്റിയ അയ്യങ്കാര്‍ കുടുംബത്തില്‍ 1948 ഫെബ്രുവരി 24നായിരുന്നു ജയലളിതയുടെ ജനനം. എംജിആര്‍ ആകട്ടെ, ശ്രീലങ്കയില്‍ ജനിച്ച പാലക്കാട് സ്വദേശിയും.
ജയലളിത എന്ന സിനിമാനടിയില്‍നിന്ന് തമിഴകത്തെ അതീവസ്വാധീനശക്തിയായ ‘അമ്മ’യിലേക്കുള്ള അവരുടെ യാത്രയ്ക്ക് നാന്ദി കുറിച്ചതും എംജിആറുമായുള്ള ബന്ധമായിരുന്നു. എംജിആറിന്റെ ശവസംസ്‌കാരത്തിനായുള്ള യാത്രയ്ക്കിടെ വാഹനത്തില്‍നിന്ന് അദ്ദേഹത്തിന്റെ ബന്ധുക്കളും ചില എംഎല്‍എമാരും ജയലളിതയെ തള്ളിയിടുകയും അസഭ്യവര്‍ഷം നടത്തി അപമാനിക്കുകയും ചെയ്ത ചിത്രം തമിഴ്‌നാട്ടുകാര്‍ ഇന്നും മറക്കാനിടയില്ല.
1987ല്‍ അദ്ദേഹം മരിക്കുമ്പോള്‍ യാതൊരു വിവരവും ജയയെ അറിയിച്ചിരുന്നില്ല. ഒടുവില്‍ ചെന്നൈയിലെ രാജാജി ഹാളില്‍ മൃതദേഹത്തിനരികെ ഭക്ഷണം പോലുമില്ലാതെ നിന്ന ജയലളിതയെ പാര്‍ട്ടി അണികളായ വനിതകള്‍ ദേഹോപദ്രവം നടത്തി അവിടെ നിന്നു നീക്കാന്‍ ശ്രമിച്ചിരുന്നു. ഇന്ന് അതേ രാജാജി ഹാളില്‍ ജയലളിതയുടെ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ച്ചിരിക്കുന്നത്. എംജിആര്‍ അന്ത്യവിശ്രമം കൊള്ളുന്ന മറീന തന്നെയാകും ജയലളിതയുടെയും നിത്യനിദ്രയ്ക്കുള്ള വേദിയാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button