പുരട്‍ച്ചി തലൈവി ജയലളിതയുടെ മരണത്തിനു ശേഷം തങ്ങളെ തുറിച്ചു നോക്കുന്ന രാഷ്ട്രീയ ശൂന്യത അഐഡിഎംകെ നേതൃത്വം എങ്ങനെ നികത്തുമെന്ന ചോദ്യങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ജയലളിതയുടെ മരണം ഔദ്യോഗികമായി പ്രഖ്യാപിച്ച് 2 മണിക്കൂറുകള്‍ക്കകം തമിഴ്നാടിന്‍റെ ഭരണസാരഥ്യമേറ്റെടുത്ത ഒ പനീര്‍ശെല്‍വത്തിന് ജയയുടെ വ്യക്തിപ്രഭാവത്തിന് അടുത്തെങ്ങുമെത്താനാവില്ലെന്നത് യാഥാര്‍ഥ്യമാണ്. ജയയുടെ പിന്‍ഗാമികളായി നേരത്തെ ഉയര്‍ന്നു കേട്ട പേരുകളില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ഒന്നായിരുന്നു തമിഴ് സൂപ്പര്‍താരം അജിതിന്‍റേത്. ജയലളിത തന്‍റെ പിന്‍ഗാമിയായി അജിതിനെ നിശ്ചയിച്ചുവെന്നും എഐഡിഎംകെ നേതൃത്വത്തിന് ഇത് സംബന്ധമായ അറിവുണ്ടെന്നും ഒക്ടോബറില്‍ ഒരു കന്നഡ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് അഭ്യൂഹങ്ങള്‍ വ്യാപകമായത്. മുതിര്‍ന്ന നേതാവായ പനീര്‍ശെല്‍വം അജിതിന് ഭരണസാരഥ്യമേറ്റെടുക്കാനാവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുമെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തമിഴ് ജനതയുടെ വികാരമായിരുന്ന എംജിആര്‍ 1987ല്‍ മരണമടഞ്ഞതിനു ശേഷം എഐഡിഎംകെയെ നിലനിര്‍ത്തിയത് ജയലളിതയുടെ താരപരിവേഷമായിരുന്നു. മറ്റൊരു താരത്തിനു മാത്രമേ ജയലളിതയുടെ മരണമുണ്ടാക്കുന്ന ശൂന്യത നികത്താനാവുമെന്ന് കരുതുന്നവര്‍ തമിഴകത്ത് ഏറെയാണ്. വ്യക്തികേന്ദ്രീകൃത പാര്‍ട്ടിയായ എഐഡിഎംകെയില്‍ ജയയുടെ വ്യക്തിപ്രഭാവത്തിന്‍റെ അടുത്തെങ്ങുമെത്തുന്ന ഒരു നേതാവു പോലുമില്ല. അങ്ങനെയൊരാള്‍ പാര്‍ട്ടിക്കകത്തു നിന്ന് ഉയര്‍ന്നുവരാനുള്ള സാധ്യത ഇപ്പോഴില്ല താനും. ജയലളിത അജിതിനെ തന്‍റെ മാനസപുത്രനായി കണക്കാക്കിയിരുന്നു കരുതുന്ന ധാരാളം പേര്‍ അജിത് ആരാധകര്‍ക്കിടയിലുമുണ്ട്. തന്നെ മകനെ പോലെയാണ് അമ്മ കണക്കാക്കിയിരുന്നതെന്ന് അജിതും ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. “എന്‍റെയും ശാലിനിയുടേയും വിവാഹത്തില്‍ പങ്കെടുത്തു ജയലളിത ഞങ്ങളെ അനുഗ്രഹിച്ചത് ഞാനൊരിക്കലും മറക്കില്ല. ഞാനും ശാലിനിയും അമ്മയുടെ പോയസ് ഗാര്‍ഡനില്‍ പലപ്പോഴും പോയിട്ടുണ്ട്. സ്വന്തം മകനെ പോലെയാണ് അവര്‍ എന്‍റെ മേല്‍ സ്നേഹം ചൊരിഞ്ഞത്.” എഐഡിഎംകെയുടെ നേതൃത്വത്തിലേക്ക് അജിത് എത്തുകയാണെങ്കില്‍ എംജിആര്‍, ജയലളിത യുഗത്തിനു ശേഷം തല യുഗത്തിന് തമിഴകത്ത് തുടക്കമാകും. സ്നേഹപൂര്‍വം അജിത് ആരാധകര്‍ അദ്ദേഹത്തിനു നല്‍കിയ വിളിപ്പേരാണ് തലവന്‍ എന്നര്‍ത്ഥം വരുന്ന തല.
Post Your Comments