ഈജിപ്റ്റിലെ അലക്സാന്‍ഡ്രിയയില്‍ സര്‍ക്കസിനിടെ പരിശീലകനെ സിംഹം കടിച്ചു കീറി കൊന്നു. പത്ത് വര്‍ഷമായി സര്‍ക്കസ് പരിശീലകനായിരുന്ന 35 കാരനായ ഇസ്ലാം ഷഹീനാണ് സിംഹത്തിന്റെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. ആഫ്രിക്കയില്‍ നിന്നും പുതിയതായി കൊണ്ടുവന്ന സിംഹമാണ് ആക്രമിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ സിംഹത്തെ പരിപാടിയില്‍ നിന്നും ഒഴിവാക്കിയതായും സര്‍ക്കസ് വൃത്തങ്ങള്‍ അറിയിച്ചു.
സിംഹം പരിശീലകനെ ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഷഹീന് കയ്യിലൊരു വടിയുമായി സിംഹത്തിനരികിലേക്കു നീങ്ങുന്നതും മൂന്നു സിംഹങ്ങളില്‍ രണ്ടെണ്ണം ഏണിയില്‍ കയറുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പെട്ടെന്നാണ് യാതൊരു പ്രകോപനവും കൂടാതെ മൂന്നാമത്തെ സിംഹം ഷഹീനെ ആക്രമിച്ചത്.
അക്രമാസക്തനായ സിംഹമാണ് പരിശീലകനെ കാണികളുടെ മുന്നില്‍ കടിച്ചു കീറി കൊന്നത്. മറ്റു പരിശീലകരെത്തി സിംഹത്തിന്റെ പിടിയില്‍ നിന്നും മാറ്റാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പെട്ടെന്നു തന്നെ ഷഹീനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മുറിവുകള്‍ മാരകമായതിനാല്‍ ജീവന് രക്ഷിക്കാനായില്ല.
Post Your Comments