പത്തനംതിട്ട : ‘നാഡ’ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തെത്തിയെങ്കിലും ശക്തി കുറഞ്ഞ് ന്യൂനമര്‍ദ്ദമായി മാറി. . തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഇന്നു പരക്കെ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. ശക്തി കുറഞ്ഞ് ന്യൂനമര്‍ദമായി മാറിയ ‘നാഡ’, നാശനഷ്ടമൊന്നും ഉണ്ടാക്കാനിടയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തമിഴ്‌നാട് തീരത്തു കനത്ത മഴയെത്തിച്ച ‘നാഡ’ ചുഴലിക്കാറ്റ് കേരളത്തിന്റെ ചില ഭാഗങ്ങളിലും വെള്ളി, ശനി ദിവസങ്ങളില്‍ മഴയെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. വെള്ളി രാവിലെയോടെ കരയിലേക്കു കയറിയ ന്യൂനമര്‍ദ മേഘങ്ങളുടെ പ്രഭാവം കേരളത്തിലും കര്‍ണാകടയിലും മൂടലിന്റെയും നേരിയ മഴയുടെയും രൂപത്തില്‍ അനുഭവപ്പെടുമെന്നാണു കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍.
തുലാമഴ കാത്തുകഴിയുന്ന സംസ്ഥാനത്തിന് ഇത് ആശ്വാസമഴയായി മാറും. സംസ്ഥാനത്തു തുലാമഴയില്‍ 69 ശതമാനത്തിന്റെ കുറവാണു രേഖപ്പെടുത്തിയിരിക്കുന്നത്. തമിഴ്‌നാട് തീരത്തു ചുറ്റിനില്‍ക്കുന്ന ചുഴലിക്കാറ്റു സംബന്ധിച്ച മുന്നറിയിപ്പു കേരളത്തിനും കൈമാറിയിട്ടിട്ടുണ്ടെന്നു ചെന്നൈ സൈക്ലോണ്‍ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപമെടുക്കുന്ന ചുഴലിക്കാറ്റുകള്‍ക്കു നല്‍കാനായി തയാറാക്കിയ പേരുകളുടെ പട്ടികയിലേക്ക് ഒമാന്‍ നിര്‍ദേശിച്ച പേരാണ് നാഡ.
അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള തയാറെടുപ്പുകള്‍ ഇങ്ങനെ:
• പുതുച്ചേരിയില്‍നിന്ന് 20 കിലോമീറ്റര്‍ ദൂരത്തുള്ള കൂഡല്ലൂരില്‍ ദേശീയ ദുരന്തനിവാരണസേനയെ (എന്‍ഡിആര്‍എഫ്) വിന്യസിച്ചിട്ടുണ്ട്.
• മീന്‍പിടിത്തത്തിനു പോയിട്ടുള്ള മല്‍സ്യത്തൊഴിലാളികള്‍ എത്രയും വേഗം കരയിലെത്തണമെന്ന് നിര്‍ദേശം.
• ചെന്നൈ, നാഗപട്ടണം, കൂഡല്ലൂര്‍, പുതുച്ചേരി എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്ക് രണ്ടുദിവസത്തെ അവധി പ്രഖ്യാപിച്ചു.
• താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ ഒഴിപ്പിക്കണം. പുനരധിവാസ കേന്ദ്രങ്ങളും അടിയന്തര സഹായങ്ങളും തയാറാക്കി വയ്ക്കണം.
• അടിയന്തര സാഹചര്യമുണ്ടായാല്‍ ജനത്തെ മാറ്റിത്താമസിപ്പിക്കുന്നതിനായി സ്‌കൂളുകള്‍ തയാറാക്കിയിട്ടുണ്ട്.
• വൈദ്യുതി വിതരണത്തിനു തകരാറുണ്ടായാല്‍ എത്രയും വേഗം അതു പുനഃസ്ഥാപിക്കുന്നതിനായി 3000 വൈദ്യുത പോസ്റ്റുകള്‍ തയാറാണ്.
Post Your Comments