ന്യൂഡല്‍ഹി● 2016 സിവില്‍ സര്‍വീസസ് പരീക്ഷയില്‍ ഒന്നാംറാങ്കുകാരിയായ ടിന ദാബി നവംബറിലാണ് തൊട്ടടുത്ത റാങ്കുകാരനായ അമീര്‍-ഉള്‍ ഷാഫി ഷാഫി ഖാനുമായി താന്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ പോവുകയാണെന്നും ഫേസ്ബുക്കില്‍ പ്രഖ്യാപിച്ചത്. അതിന് മുന്‍പേ ഇരുവരുടെയും ഫോളോവാര്‍മാര്‍ക്ക് ഒരു പ്രണയകഥയുടെ സൂചനകള്‍ ലഭിച്ചിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്നതില്‍ ടിന മടി കാണിച്ചിരുന്നില്ല.
മേയ് 2016 ല്‍ യു.പി.എസ്.സി പരീക്ഷയില്‍ ഒന്നാംസ്ഥാനത്ത് എത്തിയതോടെയാണ് ടിന പ്രശസ്തയാകുന്നത്. പരീക്ഷയില്‍ അമീര്‍ രണ്ടാംസ്ഥാനത്തുമെത്തി. ഒരു പരിപാടിയ്ക്കിടെ മുസൂറിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഫോര്‍ അഡ്മിനിസ്ട്രേഷനില്‍ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയതും, എല്ലാത്തിനും തുടക്കമായതും.
എങ്കിലും, ടിന അമീറിനെ വിവാഹം കഴിക്കാന്‍ പോകുകയാണെന്ന പ്രഖ്യാപനം നടത്തിയതിന് പിന്നാലെ മിശ്രവിവാഹത്തിനെതിരെ വിമര്‍ശനവുമായി നിരവധിപേര്‍ രംഗത്തെത്തി. അതേസമയം, അഖില ഭാരതീയ ഹിന്ദു മഹാസഭ ഒരുപടികൂടി കടന്ന് ‘ലൗ ജിഹാദ്’ എന്ന ആരോപണവുമായാണ് രംഗത്തെത്തിയത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഹിന്ദു മഹാസഭ ടിന ദാബിയുടെ മാതാപിതാക്കള്‍ക്ക് ഒരു കത്തെഴുതി. കത്തിലെ ആവശ്യം ഇതായിരുന്നു, മിശ്ര-മത വിവാഹം റദ്ദാക്കുക, അല്ലെങ്കില്‍ അമീറിനെ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കുക. ടിനയുടെ നേട്ടത്തില്‍ അഭിമാനിക്കുന്നതായും എന്നാല്‍ അവള്‍ ഒരു മുസ്ലീം ചെറുപ്പക്കാരനെ വിവാഹം ചെയ്യാനെടുത്ത തീരുമാനം ‘വേദനിപ്പിക്കുന്ന’താണെന്നും സംഘടനയുടെ ദേശീയ ജനറല്‍ സെക്രട്ടറി മുന്ന കുമാര്‍ പറഞ്ഞു. മകളെ വിവാഹം ചെയ്യാനുള്ള ‘ഗൂഢാലോചന’യ്‌ക്കെതിരെ സംഘടിതമായി രംഗത്തുവരാനും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
ഇപ്പോള്‍, വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറാകാത്ത പക്ഷം, ടിനയുടെ കുടുംബത്തിനായി “ബുദ്ധി-ശുദ്ധി യജ്ഞം” നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
കഴിഞ്ഞ ചൊവ്വാഴ്ച മാതാപിതാക്കള്‍ക്ക് അയച്ച അതേകത്ത് ഇന്ന് ടിനയ്ക്കും അയച്ചിട്ടുണ്ടെന്ന് ഹിന്ദു മഹാസഭ ദേശീയ ജനറല്‍സെക്രട്ടറി മുന്ന കുമാര്‍ ശര്‍മ പറഞ്ഞു. ഉടനെ മറുപടി ലഭില്ലെങ്കില്‍ തങ്ങള്‍ “ബുദ്ധി-ശുദ്ധി യജ്ഞം” നടത്തുമെന്നും ആ കുടുംബത്തെ നേരില്‍ കണ്ട് അവരുടെ തെറ്റ് തിരുത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിവാഹിതരായാലും തങ്ങള്‍ ഇരുവരും അവരവരുടെ വിശ്വാസത്തില്‍ തുടരുമെന്ന് ടിനയും അമീറും വ്യക്തമാക്കിയിരുന്നു. പക്ഷേ, അത് അഭ്യൂഹമാണെന്ന് പറഞ്ഞ് ശര്‍മ ആ വാദം തള്ളി.
“അതെല്ലാം അഭ്യൂഹങ്ങളാണ്. ഒരു പെണ്‍കുട്ടിയെ ഒരു കുടുംബത്തിലേക്ക് വിവാഹം ചെയ്തയച്ചാല്‍ അവള്‍ പിന്തുടരേണ്ടത് അവിടുത്തെ സംസ്കാരവും മതവുമാണെന്നത് വ്യക്തമാണ്. ലൗ ജിഹാദ് നടക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല”-ശര്‍മ കൂട്ടിച്ചേര്‍ത്തു.
Post Your Comments