തിരുവനന്തപുരം: കേരള ക്രിക്കറ്റ് താരം സഞ്‌ജു വി സാംസണെതിരെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ അന്വേഷണം ആരംഭിച്ചു. മത്സരത്തിനിടെ അനുമതിയില്ലാതെ ടീമില്‍ നിന്ന് വിട്ടു നിന്നുവെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് കെസിഎ സഞ്‌ജുവിന് കാരണം കാണിക്കൽ നോട്ടീസ് നൽകും. സഞ്‌ജുവിന്റെ പിതാവ് കെസിഎ ഭാരവാഹികളെ അസഭ്യം പറഞ്ഞതായുള്ള പരാതിയും അന്വേഷണത്തിന്റെ പരിധിയില്‍പ്പെടും. മൂന്നംഗ സമിതിയെ അന്വേഷണത്തിന് നിയോഗിച്ചു.
ഇത്തവണത്തെ രഞ്ജി സീസണിനിടെ സഞ്‌ജു നടത്തിയെന്ന് ആരോപിക്കപ്പെടുന്ന എല്ലാ അച്ചടക്ക ലംഘനങ്ങളും കെസിഎ നിയോഗിക്കുന്ന കമ്മിറ്റി അന്വേഷണ വിധേയമാക്കും. മുംബൈയിൽ ഗോവയ്ക്കെതിരായ രഞ്ജി ട്രോഫി മൽസരം നടക്കുന്നതിനിടെ സഞ്‌ജു അധികൃതരുടെ അനുമതിയില്ലാതെ പുറത്തുപോയെന്ന ആരോപണത്തേക്കുറിച്ചും അന്വേഷിക്കും. ചട്ടവിരുദ്ധമായി ഏറെ സമയം പുറത്ത് ചെലവഴിച്ച സഞ്‌ജു, ഏറെ വൈകിയാണ് ടീമിന്റെ താമസ സ്ഥലത്തേക്ക് മടങ്ങിയെത്തിയതെന്നാണ് ആരോപണം. പരാതിയുടെ അടിസ്ഥാനത്തില്‍ സഞ്‌ജുവിനെതിരെ പ്രഖ്യാപിച്ച അന്വേഷണത്തോട് താരം ഇതുവരേയും പ്രതികരിച്ചിട്ടില്ല. വിഷയം ബിസിസിഐയുടേയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
സഞ്‌ജുവിനെതിരെ നേരത്തേയും അച്ചടക്കലംഘന പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഗോവയ്ക്കെതിരായ മൽസരത്തിൽ പൂജ്യത്തിന് പുറത്തായ സഞ്‌ജു ഡ്രസിങ് റൂമിൽ മടങ്ങിയെത്തിയശേഷം പരുഷമായി പെരുമാറിയതായി ആരോപണമുണ്ട്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ മുന്‍ ഡയറക്ടറായ ചന്ദ്രകാന്ത് പണ്ഡിറ്റ് നേരത്തെ തന്നെ ഇതുസംബന്ധിച്ച പരാതികള്‍ ഉയര്‍ത്തിയിരുന്നു. നിലവില്‍ മുംബൈ ടീമിന്റെ പരിശീലകനാണ് ചന്ദ്രകാന്ത് പണ്ഡിറ്റ്.
Post Your Comments