ന്യൂഡല്‍ഹി: സംസ്ഥാനത്തെ മാളുകളിലും മള്‍ട്ടിപ്ലക്സുകളിലും വിമാനത്താവളങ്ങളിലും വില്‍ക്കുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് വില നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇവിടെങ്ങളിലെല്ലാം ഒരേ സാധനത്തിന് പല വില ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വില നിയന്ത്രണം
ഏര്‍പ്പെടുത്തുന്നത്. ഒരേ സാധനത്തിന് രണ്ട് എം.ആര്.പി. ഈടാക്കുന്ന രീതി ഇനിയുണ്ടാവില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന സൂചന.
ഒരേ സംസ്ഥാനത്ത് പാക്ക് ചെയ്തുവരുന്ന വസ്തുവിന് രണ്ട് എം.ആര്.പികള്‍ ഉണ്ടാവാന്‍ പാടില്ലെന്ന് കേന്ദ്ര ഉപഭോക്തൃ വകുപ്പ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി.
ബോട്ടില്‍ ചെയ്തുവരുന്ന മിനറല്‍ വാട്ടര്‍ മാത്രമല്ല, ശീതളപാനീയങ്ങള്‍ക്കും പാക്ക് ചെയ്തുവരുന്ന മറ്റു ഭക്ഷ്യവസ്തുക്കള്‍ക്കും ഈ നിയമം ബാധകമാണ്. വ്യത്യസ്ത വില ഈടാക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് അതത് സര്‍ക്കാറുകളുടെ ചുമതലയാണെന്നും വ്യത്യസ്ത വിലകള്‍ ഈടാക്കുകയാണെങ്കില്‍, അതിലെ കുറഞ്ഞ വില വസ്തുവിലയായി പരിഗണിക്കണമെന്നും ഉപഭോക്തൃവകുപ്പിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു.
വ്യത്യസ്ത വിലകള്‍ ഈടാക്കാന്‍ പാടില്ലെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍നിന്ന് നിര്‍ദ്ദേശങ്ങളുണ്ടെന്നും വകുപ്പുദ്യോഗസ്ഥരിലൊരാള്‍ പറഞ്ഞു. മാളുകളിലോ സിനിമാ തീയറ്ററുകളിലോ വിമാനത്താവളങ്ങളിലോ സാധാരണ കടകളിലോ ബോട്ടില്‍ഡ് മിനറല്‍ വാട്ടറിന് വ്യത്യസ്ത വിലകള്‍ ഈടാക്കാന്‍ പാടില്ല. ഈ നിയമം മറ്റു പാക്കേജ്ഡ് ഭക്ഷ്യവസ്തുക്കള്‍ക്കും ബാധകമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ബ്രെഡുകളുടെ നിര്‍മ്മാണ ഘട്ടത്തില്‍ത്തന്നെ അതിലെ ഘടകങ്ങളും തൂക്കവും പരിശോധിച്ചുറപ്പാക്കാനും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി. പാക്കറ്റില്‍ പറഞ്ഞിരിക്കുന്ന തൂക്കം പല ബ്രെഡുകള്‍ക്കും ഇല്ലെന്ന പരാതികളെത്തുടര്‍ന്നാണ് ഈ പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. പാക്കറ്റില്‍ പറഞ്ഞിരിക്കുന്നതും ഉല്‍പ്പന്നത്തിന്റെയും ഭാരത്തില്‍ നാലര ഗ്രാം വരെ വ്യത്യാസം അനുവദനീയമാണ്. അതില്‍ക്കൂടുതല്‍ വരുന്നുണ്ടെങ്കില്‍ നടപടികളെടുക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
Post Your Comments