ചെന്നൈ: ഡിസംബര്‍ രണ്ട്, മൂന്ന് ദിവസങ്ങളില്‍ തമിഴ്‌നാട്ടില്‍ ഭീമന്‍ ചുഴലിക്കാറ്റ് ആഞ്ഞ് വീശുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ചുഴലിക്കാറ്റിന്റെ വരവറിയിച്ച് തമിഴ്‌നാട്ടില്‍ കനത്ത മഴ. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്ന് രൂപപ്പെട്ട നാഡ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് അടുത്തുക്കൊണ്ടിരിക്കുകയാണെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.
ചെന്നൈയുടെ 270 കിലോമീറ്റര്‍ മാത്രം അകലെയാണ് ചുഴലിക്കാറ്റ് ഇപ്പോള്‍. ശക്തമായ ചുഴലിക്കാറ്റ് തീരത്തേക്ക് ആഞ്ഞുവീശാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിലുണ്ടാകുന്ന കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തീരപ്രദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. മത്സ്യബന്ധനത്തിന് പോകരുതെന്നുള്ള നിര്‍ദേശം കഴിഞ്ഞദിവസം തന്നെ നല്‍കിയിരുന്നു.
ചെന്നൈയിലും സംസ്ഥാനത്തിന്റെ മറ്റ് പ്രദേശങ്ങളിലും അടുത്ത രണ്ടു മൂന്നു ദിവസം കനത്ത മഞ്ഞും ശക്തമായ മഴയും ഉണ്ടായേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സൂചിപ്പിച്ചു. തമിഴ്നാട്ടിലും പുതുച്ചേരിയിലും സ്‌കൂളുകള്‍ക്ക് രണ്ടുദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments