കൊച്ചി: യൂബര്‍ ടാക്സി വിളിച്ച യാത്രക്കാരിക്കും ടാക്സി ഡ്രൈവര്‍ക്കും നേരെ ഒാട്ടോറിക്ഷാ ഡ്രൈവര്‍മാരുടെയും ടാക്സി ജീവനക്കാരുടെയും ഭീഷണി. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. യൂബര്‍ ഓണ്‍ലൈന്‍ ടാക്സി വിളിച്ച വിദ്യ ഗോപാലകൃഷ്ണനെ ആ ടാക്സിയില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നാണു ഒരു സംഘം ഓട്ടോ-ടാക്സി തൊഴിലാളികള്‍ നിലപാടെടുത്തത്. സംഭവങ്ങള്‍ ഷൂട്ട് ചെയ്തു വിദ്യ യൂട്യൂബില്‍ അപ്ലോഡ് ചെയ്തു. നിരവധി പേരാണ് ഈ വീഡിയോ കണ്ടത്. ബുധനാഴ്ച എറണാകുളം സൗത്ത് റയില്‍വേ സ്റ്റേഷനില്‍ എത്തിയ യാത്രക്കാരിയായ വിദ്യാ ഗോപാലകൃഷ്ണനാണ് ഇത്തരത്തിലൊരു അനുഭവം ഉണ്ടായത്.
സംഭവത്തെക്കുറിച്ച് വിദ്യാ ഗോപാലകൃഷ്ണന്‍ പറയുന്നതിങ്ങനെ. ബെംഗളൂരുവില്‍ നിന്നുള്ള യാത്രയ്ക്കു ശേഷം രാവിലെ 7.15നാണു എറണാകുളം സൗത്ത് റയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയത്. കാക്കനാട്ടെ ഫ്ലാറ്റിലേക്കാണു പോകേണ്ടിയിരുന്നത്. യൂബര്‍ ടാക്സി വിളിച്ചപ്പോള്‍ത്തന്നെ കിട്ടി. കാറില്‍ ലഗേജുകള്‍ അടക്കം കയറി യാത്ര ആരംഭിക്കാന്‍ തുടങ്ങിയപ്പോള്‍ കുറച്ചു ഓട്ടോറിക്ഷാക്കാര്‍ എത്തി ഇതില്‍ യാത്ര ചെയ്യാന്‍ സാധിക്കില്ലെന്നും വേറെ വാഹനത്തില്‍ പോകണമെന്നും അറിയിച്ചു.
കാര്‍ ഡ്രൈവറോടു മോശമായാണ് ഇവര്‍ സംസാരിച്ചത്. എന്നാല്‍ ഇതേ കാറില്‍ മാത്രമേ യാത്ര ചെയ്യുവെന്നു ഞാന്‍ അറിയിച്ചു. യാത്ര കഴിഞ്ഞ് എത്തിയതിനാല്‍ എന്റെ കയ്യില്‍ ലിക്വിഡ് ആയി പൈസ ഉണ്ടായിരുന്നില്ല. പേടിഎമ്മില്‍ മാത്രമേ പൈസ ഉണ്ടായിരുന്നുള്ളു. ഇതു പറഞ്ഞപ്പോള്‍ കാക്കനാട്ടെ ഏതെങ്കിലും എടിഎമ്മില്‍ നിര്‍ത്തിത്തരാം. അവിടെ നിന്നു തന്നാല്‍ മതിയെന്നായി. കാറില്‍ നിന്നിറങ്ങിയേ പറ്റൂ എന്നായിരുന്നു അവരുടെ പ്രതികരണം. ബഹളം വീണ്ടും തുടര്‍ന്നപ്പോള്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു.
തുടർന്ന് ഒരു പൊലീസുകാരന്‍ അവിടെ എത്തി. എന്നാല്‍ അദ്ദേഹവും കാറില്‍ നിന്നിറങ്ങി അവിടെ നിന്നു ടാക്സി വിളിച്ചു പോകണമെന്നാണു പറഞ്ഞത്. വീണ്ടും കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു പറഞ്ഞു. കുറച്ചു കഴിഞ്ഞ് ഒരു പൊലീസ് ജീപ്പില്‍ ആളെത്തി. അവരും കാറില്‍ നിന്നിറങ്ങി ടാക്സി വിളിക്കാനാണ് ആവശ്യപ്പെട്ടത്. അതില്‍ ഒരു പൊലീസ് ഓഫിസര്‍ മാത്രമാണ് അനൂകൂലമായി സംസാരിച്ചത്.
ടാക്സിക്കാര്‍ തമ്മിലുള്ള പ്രശ്നത്തില്‍ ഞാന്‍ എന്തിനാണ് ഇടപെടുന്നെന്നാണു അവിടെ എത്തിയവര്‍ ചോദിച്ചത്. കുറെ നേരത്തെ തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ അതേ യൂബര്‍ കാറില്‍ത്തന്നെ ഞാന്‍ കാക്കനാട്ടേക്കു പോയി. പോരുമ്പോള്‍ ഇനി ഈ കാര്‍ ഇവിടെ വന്നു ആളെയെടുക്കരുതെന്നു അവര്‍ പറയുന്നുണ്ടായിരുന്നു.
Post Your Comments