KeralaHealth & Fitness

എച്ച്.ഐ.വി. ബാധിതരുടെ എണ്ണം : കേരളത്തിന് ആശ്വാസം

കണ്ണൂർ : എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ 2006 മുതല്‍ 2016 വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് പുതിയ എച്ച്.ഐ.വി. ബാധിതരുടെ എണ്ണം 54 ശതമാനം കുറഞ്ഞതായി കണ്ടെത്തി. എന്നാല്‍ പരിശോധനയ്‌ക്കെത്തുന്നവരുടെ എണ്ണത്തില്‍ ദിനം പ്രതി വന്‍ വര്‍ധനവാണുള്ളത്.

ഒരുമാസം ശരാശരി 100 കേസുകള്‍വരെ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ പുതുതായി അണുബാധ ഏല്‍ക്കുന്നവരുടെ എണ്ണം കുറയ്ക്കുക എന്നതാണ് സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ ലക്ഷ്യം. കൂടാതെ കേരളത്തിലെ എയ്ഡ്‌സ് മരണനിരക്ക് പകുതിയായും, അമ്മമാരില്‍നിന്ന് കുഞ്ഞുങ്ങളിലേക്കുള്ള എച്ച്.ഐ.വി. വ്യാപനം അഞ്ച് ശതമാനത്തില്‍ താഴെയായി കുറയ്ക്കുവാനും സാധിച്ചു.

എച്ച്,ഐ.വി തടയാന്‍ വേണ്ടി നടത്തിയ ബോധവത്കരണ പ്രവര്‍ത്തനങ്ങളും ചികിത്സാസൗകര്യങ്ങളുമാണ് അണുബാധിതരുടെ നിരക്കും മരണനിരക്കും കുറയാന്‍ ഇടയാക്കിയത്. ശരിയായ ചികിത്സ, വ്യായാമം,ഭക്ഷണരീതി എന്നിവയിലൂടെ എച്ച്.ഐ.വി. ബാധിതര്‍ക്ക് ശരാശരി മനുഷ്യജീവിതം നയിക്കാനാകുമെന്നും സൊസൈറ്റി ജോയിന്റ് ഡയറക്ടര്‍ ജി.സുനില്‍കുമാര്‍ പറഞ്ഞു.

29,221 പേരെ എച്ച്.ഐ.വി. അണുബാധിതരായി സംസ്ഥാനത്ത് കണ്ടെത്തിയിരുന്നു. 2015ലെ കണക്കനുസരിച്ച് സംസ്ഥാനത്തെ ഉഷസ് ചികിത്സാ കേന്ദ്രങ്ങളില്‍ 20,954 എച്ച്.ഐ.വി. അണുബാധിതരാണ് രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്‌. ഇതില്‍ 15,071 പേരിൽ 11,236 പേരാണ് നിലവിൽ എ.ആര്‍.ടി ചികിത്സ ആരംഭിച്ചിട്ടുള്ളത്. കൂടാതെ 4,673 പേര്‍ എച്ച്.ഐ.വി. അണുബാധ മൂലം മരണപെട്ടതായും പുറത്തു വന്ന കണക്കുകൾ വ്യക്തമാക്കുന്നു.

21.17 ലക്ഷം പേർക്ക് ഇന്ത്യയിൽ എച്ച്.ഐ.വി ബാധിച്ചതായാണ് ദേശീയ എയ്ഡ്‌സ് നിയന്ത്രണ ഓര്‍ഗനൈസേഷന്‍റെ കണ്ടെത്തല്‍. ഇതില്‍ 39 ശതമാനം സ്ത്രീകളും 6.54 ശതമാനം കുട്ടികളുമാണ്. 2015ലേക്ക് നോക്കുമ്പോൾ എച്ച്.ഐ.വി. അണുബാധിതരുടെ എണ്ണം 86,000മാണ് ഇതില്‍ മുതിര്‍ന്നവരുടെ എണ്ണം 88 ശതമാനവും, 12 ശതമാനം കുട്ടികളുമാണ്.

2002 മുതൽ 2016 ഒക്ടോബർ വരെയുള്ള കണക്കുകൾ പ്രകാരം തിരുവനന്തപുരം ജില്ലയില്‍ 6,65,136 പേര്‍ പരിശോധന നടത്തിയപ്പോൾ 5,649 പേര്‍ക്ക് അണുബാധ സ്ഥിരീകരിച്ചു. ഓരോ ജില്ലയിലും അണുബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ചുവടെ:
കൊല്ലം-1075,
പത്തനംതിട്ട-683,
ആലപ്പുഴ-1269,
കോട്ടയം-2484,
ഇടുക്കി-431,
എറണാകുളം-1934,
തൃശ്ശൂര്‍-4843,
പാലക്കാട്-2580,
മലപ്പുറം-567,
കോഴിക്കോട്-4423,
വയനാട്-266,
കണ്ണൂര്‍-1641,
കാസര്‍കോട്-1376. വിവിധ ജില്ലകളിലെ എച്ച്.ഐ.വി. പരിശോധനാകേന്ദ്രങ്ങളില്‍നിന്നുള്ള കണക്കാണിത്

shortlink

Related Articles

Post Your Comments

Related Articles


Back to top button