India

കള്ളപ്പണത്തിന് ഇനി കനത്ത പിഴ: ആദായനികുതി നിയമഭേദഗതി ബില്‍ പാസാക്കി

ന്യൂഡല്‍ഹി: കള്ളപ്പണത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി ശക്തമാക്കുന്നു. കള്ളപ്പണത്തിന് ഇനി കനത്ത പിഴ നല്‍കേണ്ടി വരും. കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ആദായനികുതി നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ബഹളത്തിനിടെയാണ് ബില്‍ പാസാക്കിയത്.

നോട്ട് അസാധുവാക്കിയ ശേഷവും രാജ്യത്ത് കള്ളപ്പണം വെളുപ്പിക്കാന്‍ പലരും ശ്രമിച്ചു. ഈ സാഹചര്യത്തിലാണ് ആദായനികുതി ബില്‍ ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. രാജ്യത്തിന്റെ നല്ലതിനുവേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം നടത്തിയതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.

ബില്‍ നാളെ രാജ്യസഭയില്‍ അവതരിപ്പിക്കും. മണി ബില്‍ ആയതിനാല്‍ ഇത് ലോക്‌സഭ അംഗീകരിച്ചാല്‍ മാത്രം മതി. ആദായനികുതി നിയമഭേദഗതി ബില്‍ പാസാക്കുന്ന നടപടി സര്‍ക്കാരിന്റെ മര്യാദയില്ലാത്ത നടപടിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ബില്‍ അനുസരിച്ച് നോട്ട് പിന്‍വലിക്കലിന് ശേഷവും കണക്കില്‍പ്പെടാത്ത പണം ഉണ്ടെങ്കില്‍ ഇക്കാര്യം വെളിപ്പെടുത്തി 50 ശതമാനം നികുതി അടച്ച് ബാക്കി പണം സ്വന്തമാക്കാനാകും.

30 ശതമാനം നികുതിയും 20 ശതമാനം പിഴയും ഉള്‍പ്പെടെയാണിത്. അതും ഡിസംബര്‍ 30 വരെ മാത്രമേ ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഇനി കള്ളപ്പണം പിടിക്കപ്പെട്ടാല്‍ തുകയുടെ 75 മുതല്‍ 85 ശതമാനം വരെ നികുതി നല്‍കേണ്ടി വരും. നിയമപ്രകാരം വെളിപ്പെടുത്തുന്ന തുകയുടെ 25 ശതമാനം നാലു വര്‍ഷത്തേയ്ക്ക് പ്രധാനമന്ത്രിയുടെ ഗരീബ് കല്ല്യാണ്‍ യോജനയില്‍ നിക്ഷേപിക്കണം.

പദ്ധതിയില്‍ വെളിപ്പെടുത്തുന്ന സമ്പാദ്യത്തിന്റെ നാലിലൊന്ന് ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിക്കായി നിക്ഷേപിക്കണം. ഈ തുക നാല് വര്‍ഷത്തിന് ശേഷമേ തിരിച്ചെടുക്കാന്‍ സാധിക്കുകയുള്ളൂ. ഈ പദ്ധതിവഴി ലഭിക്കുന്ന പണം ജലസേചനം, പാര്‍പ്പിടം, ടോയ്ലറ്റ്, അടിസ്ഥാന സൗകര്യം, പ്രൈമറി വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ചെലവാക്കുന്നതായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button