ശബരിമല : ശബരിമലയിലെ സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കുന്നു. വരും ദിനങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണം ഉള്‍പ്പെടെ ശബരിമലയിലെ സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കുകയാണ്. ഇന്റലിജന്‍സ് വിഭാഗം, ഷാഡോ പൊലീസ്, തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകള്‍ എന്നിവക്കു പുറമെ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് ഉള്‍പ്പെടെ കേന്ദ്രസേനയും ജാഗരൂകരാണ്. എല്ലാ എന്‍ട്രി പോയന്റുകളിലും ബോംബ് ഡിറ്റക്ഷന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഒരു മിനിറ്റില്‍ 90 അയ്യപ്പന്മാരാണ് പതിനെട്ടാംപടി കയറിയെത്തുന്നതെന്നാണ് പൊലീസ് കണക്ക്.
ഡിസംബര്‍ ഒന്നു മുതല്‍ ആറിടങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തും. നടപ്പന്തലിലെ സ്‌ക്രീനില്‍ ഡ്രോണിലൂടെ ലഭിക്കുന്ന ദൃശ്യങ്ങള്‍ നിരീക്ഷിച്ച് അനന്തര നടപടികള്‍ സ്വീകരിക്കും. ഇതിനകം 35 സ്ഥലങ്ങളില്‍ സി.സി ടി.വി കാമറകള്‍ സ്ഥാപിച്ച് പമ്പ സ്‌പെഷല്‍ ഓഫിസറുടെ നേതൃത്വത്തില്‍ നിരീക്ഷണം നടത്തുന്നു. പമ്പ, മരക്കൂട്ടം, ശരംകുത്തി, യുടേണ്‍, നടപ്പന്തല്‍, പതിനെട്ടാംപടി, സോപാനം, മാളികപ്പുറം, പാണ്ടിത്തടം എന്നിവിടങ്ങളില്‍ സി.സി ടി.വി സ്ഥാപിച്ചിട്ടുണ്ട്.
പൊലീസ് അയ്യപ്പന്മാരുടെ രണ്ടാം ബാച്ചിന്റെ ഡ്യൂട്ടി തിങ്കളാഴ്ച ഉച്ചക്ക് 12ന് ആരംഭിച്ചു. 980 പേര്‍ അടങ്ങിയതാണ് സംഘം. ആദ്യ സംഘത്തെക്കാള്‍ 200 പേരെ അധികമായി നിയോഗിച്ചു. മൂന്നു ദിവസത്തിലൊരിക്കല്‍ ഒരു ഐ.ജിയുടെ നേതൃത്വത്തില്‍ സുരക്ഷാ നടപടികള്‍ വിലയിരുത്തുന്നു. എ.ഡി.ജി.പി നിതിന്‍ അഗര്‍വാളാണ് സുരക്ഷാ ചുമതലകളുടെ ചീഫ് കണ്‍ട്രോളര്‍.
Post Your Comments