
കൊച്ചി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ചതിനെ തുടര്‍ന്നുള്ള പ്രതിസന്ധി ഏതാണ്ട് അവസാനിക്കുകയാണ്. ഈ സാഹചര്യത്തില്‍ കച്ചവടം തിരിച്ചുപിടിക്കാന്‍ വ്യാപാരികളുടെ തീവ്രശ്രമം ലക്ഷ്യത്തിലെത്തുമെന്നാണ് പ്രതീക്ഷ. ബാങ്കില്‍ നിന്ന് നോട്ട് പിന്‍വലിക്കാനുള്ള പരിധി റിസര്‍വ്വ് ബാങ്ക് എടുത്തുകളഞ്ഞത് ഏവര്‍ക്കും ആശ്വാസമാണ്. എടിഎമ്മിലെ ക്യൂ കുറയ്ക്കാനും ആവശ്യത്തിന് കാശ് വിപണയിലെത്താനും ഇത് കാരണമാകും. ഈ തീരുമാനം വരുന്നതിന് മുമ്പ് തന്നെ എടിഎമ്മുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലായിരുന്നു.
500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുകയും പുതിയ 2000 രൂപ നോട്ടിന് ബാക്കികൊടുക്കാന്‍ മാത്രം ചില്ലറ കറന്‍സികള്‍ ഇല്ലാതാവുകയും ചെയ്തതോടെ വെട്ടിലായത് ചെറുകിട, ഇടത്തരം വ്യാപാരികളാണ്. നോട്ട് നിരോധനം നിലവില്‍വന്നതോടെ ഇടത്തരം കടകളെ ആശ്രയിച്ചിരുന്നവരില്‍ നല്ലൊരു പങ്കും എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്ന കടകളിലേക്കും ഹൈപര്‍ മാര്‍ക്കറ്റുകളിലേക്കും തിരിഞ്ഞു. ഇതോടെ കച്ചവടം കുത്തനെ കുറഞ്ഞു. ഇത് ഗുണകരമായത് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കായിരുന്നു. അവിടെ കച്ചവടം ഇരട്ടിയായി. ഇതിനിടെ ബാങ്ക് അക്കൗണ്ടുള്ള ഇടത്തരം കച്ചവടക്കാരും കാര്‍ഡ് കച്ചവടത്തിലേക്ക് കടന്നു. എന്നാല്‍ ചെറുകിടക്കാര്‍ സമ്പൂര്‍ണ്ണ പ്രതിസന്ധിയിലായി. നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ വിപണയിലേക്ക് കാശ് കൂടുതലായി എത്തും. ഇതോടെ ചെറുകിടക്കാരുടെ പ്രശ്‌നവും പരിഹരിക്കുമെന്നാണ് പ്രതീക്ഷ.
നേരിട്ടുള്ള പണമിടപാട് മാറ്റിനിര്‍ത്തിയാല്‍ ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണമടക്കുന്നതിനുള്ള പോയന്റ് ഓഫ് സെയില്‍ (പി.ഒ.എസ്) ടെര്‍മിനല്‍ സംവിധാനത്തെയാണ് സൂപ്പര്‍മാര്‍ക്കറ്റുകളും ഇടത്തരം കച്ചവടക്കാരും ആശ്രയിച്ചിരുന്നത്. ഇത് ഏര്‍പ്പെടുത്താന്‍ പതിനായിരത്തിലധികം രൂപ ചെലവ് വരുമെന്നതും കറന്റ് അക്കൗണ്ട് തുടങ്ങണം, പ്രതിമാസം 300 മുതല്‍ 800 രൂപവരെ വാടക നല്‍കണം, ഇതുവഴിയുള്ള വിറ്റുവരവിന്റെ രണ്ടുശതമാനംവരെ ബാങ്കിന് കമീഷനായി നല്‍കണം തുടങ്ങിയ കടമ്പകളും ഉണ്ടായി. ഇതാണ് ചെറുകിടക്കാരെ പ്രതിസന്ധിയിലാക്കിയത്.
ഇതിനിടെയാണ് നോട്ടിലെ നിയന്ത്രണങ്ങള്‍ വന്‍തോതില്‍ പിന്‍വലിക്കുന്ന വാര്‍ത്തയെത്തുന്നത്. ഇതിനെ പ്രതീക്ഷയോടെയാണ് കച്ചവടക്കാര്‍ കാണുന്നത്. ഇതോടെ ജനജീവിതം സാധാരണ നിലയിലാകുമെന്നാണ് വിപണിയുടെ പ്രതീക്ഷ. നിക്ഷേപിച്ച തുക ബാങ്കില്‍നിന്നു പിന്‍വലിക്കാന്‍ കൂടുതല്‍ ഇളവുകളുമായി റിസര്‍വ് ബാങ്ക് എത്തിയതാണ് ഇതിന് കാരണം ഇന്നു മുതല്‍ നടത്തുന്ന നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ നിയന്ത്രണം ഉണ്ടാവില്ല. ബാങ്കില്‍നിന്നു സ്ലിപ് എഴുതി എപ്പോള്‍ വേണമെങ്കിലും ആവശ്യത്തിനു പണം എടുക്കാം. മുന്‍ നിക്ഷേപങ്ങള്‍ക്കുള്ള നിയന്ത്രണം തുടരുമെന്നും ആര്‍ബിഐ അറിയിച്ചു. എടിഎം നിയന്ത്രണവും ഉടന്‍ പിന്‍വലിക്കുമെന്ന് സൂചനയുണ്ട്. ഇതോടെ ക്രയവിക്രയങ്ങള്‍ പഴയ പടിയിലാകും.
Post Your Comments