സിഡ്നി: ഐസിസി ടി20 ലോകകപ്പിന്റെ എട്ടാം പതിപ്പിന് ഗീലോങ്ങില്‍ തുടക്കമായി. ഒക്ടോബര്‍ 16ന് ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ ഗീലോങ്ങില്‍ ശ്രീലങ്ക-നമീബിയ മത്സരത്തോടെയാണ് തുടക്കം. ഒക്ടോബർ 22 മുതൽ സൂപ്പർ 12 പോരാട്ടങ്ങൾക്ക് തുടക്കമാകും. നവംബര്‍ 13ന് മെല്‍ബണിലാണ് കലാശക്കൊട്ട്. ഹോബാര്‍ട്ട്, സിഡ്നി, പെര്‍ത്ത്, ബ്രിസ്ബേന്‍, അഡ്ലെയ്ഡ് എന്നിവയാണ് മറ്റ് ആതിഥേയ നഗരങ്ങള്‍.
ഒക്ടോബര്‍ 16ന് ആരംഭിച്ച് 21 വരെ നടക്കുന്ന ആദ്യ റൗണ്ട് മത്സരങ്ങളിലൂടെ 4 ടീമുകള്‍ സൂപ്പര്‍ 12ലെത്തും. ഇതാദ്യമായാണ് ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കുന്നത്. രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് സൂപ്പര്‍ 12 പോരാട്ടങ്ങൾ. ഗ്രൂപ്പ് 1ല്‍ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍. ഗ്രൂപ്പ് രണ്ടില്‍ ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളുമുണ്ട്. രണ്ട് ഗ്രൂപ്പുകളിലും രണ്ടുവീതം ടീമുകള്‍ ആദ്യ റൗണ്ട് മത്സരങ്ങളിലൂടെ യോഗ്യത നേടും.
നാല് വീതം ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളായാണ് ആദ്യ റൗണ്ട് മത്സരങ്ങള്‍ നടക്കുന്നത്. നെതര്‍ലന്‍ഡ്സ്, ശ്രീലങ്ക, യുഎഇ, നമീബിയ എന്നിവര്‍ ഗ്രൂപ്പ് എയിലും അയര്‍ലന്‍ഡ്, വെസ്റ്റിന്‍ഡീസ്, സ്‌കോട്ട്ലന്‍ഡ്, സിംബാബ്‌വെ എന്നിവ ഗ്രൂപ്പ് ബിയിലും ഉള്‍പ്പെടുന്നു. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകള്‍ സൂപ്പര്‍ 12 ഘട്ടത്തിലേക്ക് മുന്നേറുന്നു. ഗ്രൂപ്പ് എയിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി നമീബിയ ആദ്യ ജയം സ്വന്തമാക്കി. ഒരു മത്സരം കൂടി ജയിച്ചാൽ നമീബിയയ്ക്ക് സൂപ്പര്‍ 12ൽ ഇടം നേടാം. ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തിൽ യുഎഇയെ തകർത്ത് നെതര്‍ലന്‍ഡ്സ് പ്രതീക്ഷ നിലനിർത്തി.
ഗ്രൂപ്പ് ബിയിൽ ശക്തരായ വെസ്റ്റിന്‍ഡീസിനെ തകർത്ത് സ്‌കോട്ട്ലന്‍ഡ് പ്രതീക്ഷ നിലനിർത്തി. ഓസ്‌ട്രേലിയയാണ് നിലവിലെ ചാമ്പ്യന്മാര്‍. ഹോം ഗ്രൗണ്ടില്‍ തങ്ങളുടെ കിരീടം നിലനിര്‍ത്താന്‍ ഓസ്ട്രേലിയയ്ക്ക് അവസരമുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ ഓസ്ട്രേലിയയും ന്യൂസിലന്‍ഡും തമ്മില്‍ സിഡ്നിയില്‍ ആദ്യ സൂപ്പര്‍ 12 മത്സരത്തിനിറങ്ങും. ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം ഒക്ടോബര്‍ 23ന് എംസിജിയില്‍ 90,000 ത്തിലധികം ആരാധകര്‍ നിറഞ്ഞ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടും.
കഴിഞ്ഞ ലോകകപ്പില്‍ പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. 2007ലെ ആദ്യ ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യ 15 വര്‍ഷത്തിനുശേഷം മറ്റൊരു കിരീടം ലക്ഷ്യമാക്കിയാണ് കളത്തിലിറങ്ങുന്നത്. ആദ്യ ടൂര്‍ണമെന്റിലെ ഏതാനും കളിക്കാര്‍ ഇത്തവണയും കളിക്കുന്നുണ്ട്. ദിനേശ് കാര്‍ത്തിക്, രോഹിത് ശര്‍മ, ഷാക്കിബ് അല്‍ ഹസന്‍, സീന്‍ വില്യംസ് എന്നിവരാണ് ആ താരങ്ങൾ.
Read Also:- ക്രിക്കറ്റിൽ പാകിസ്ഥാന് തകർക്കാൻ കഴിയാത്ത അഞ്ച് ഇന്ത്യൻ റെക്കോർഡുകൾ
അതേസമയം, ഓസ്‌ട്രേലിയയിൽ നടക്കുന്ന ലോകകപ്പില്‍ ചില പുതിയ നിയമങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം ഒക്ടോബര്‍ ഒന്നിന് നിലവില്‍ വന്ന പുതിയ നിയമങ്ങള്‍ നടപ്പിലാക്കുന്ന ആദ്യ ടൂര്ണമെന്റാണിത്. അവയില്‍ ഏറ്റവും പ്രധാനം, ഓവര്‍ റേറ്റ് കൊണ്ട് മന്ദഗതിയിലായാല്‍ ടീമുകള്‍ക്ക് ഫീല്‍ഡിങ് പെനാല്‍റ്റി ലഭിക്കും എന്നതാണ്. ഐസിസി നടപ്പിലാക്കുന്ന പുതിയ പരിഷ്കാരങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ക്യാച്ചിനിടെ ക്രോസ് ചെയ്താലും കാര്യമില്ല
ക്യാച്ചെടുക്കുന്നതിനിടെ രണ്ട് ബാറ്റ്സ്മാൻമാര്‍ തമ്മില്‍ പരസ്പരം ക്രോസ് ചെയ്താലും അടുത്ത പന്ത് പുതിയ ബാറ്റ്സ്മാൻ തന്നെയാണ് നേരിടേണ്ടത്. നേരത്തെ ക്യാച്ച് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ബാറ്റ്സ്മാൻമാര്‍ ക്രോസ് ചെയ്തിട്ടുണ്ടെങ്കില്‍ പുതിയ ബാറ്റ്സ്മാന് നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍ നില്‍ക്കാമായിരുന്നു.
മങ്കാദിംദ് ഇല്ല, റണ്‍ ഔട്ട് മാത്രം
ബൗളര്‍ പന്തെറിയും മുമ്പ് നോണ്‍ സ്ട്രൈക്കര്‍ ക്രീസ് വിട്ടാല്‍ പുറത്താക്കുന്ന മങ്കാദിംഗ് രീതിയെ റണ്‍ ഔട്ട് എന്ന് പുനര്‍നാമകരണം ചെയ്തു. മങ്കാദിംഗ് മാന്യതയില്ലാത്ത കളിയായി വിലിയിരുത്തിയിരുന്നെങ്കില്‍ റണ്‍ ഔട്ടിന് അങ്ങനെയില്ല.
പന്തില്‍ തുപ്പല്‍ പുരട്ടാനാവില്ല
പന്തിന്‍റെ തിളക്കം കൂട്ടാനായി തുപ്പല്‍ പുരട്ടുന്നത് പൂര്‍ണമായും നിരോധിച്ചു. കൊവിഡ് കാലത്ത് കൊണ്ടുവന്ന നിയന്ത്രണമാണ് ഇപ്പോള്‍ നിയമമാകുന്നത്.
ടൈം ഔട്ട് ഒരു മിനിറ്റ് മാത്രം
ടെസ്റ്റിലും ഏകദിനത്തിലും ഒരു ബാറ്റ്സ്മാൻ പുറത്തായാല്‍ അടുത്ത ബാറ്റ്സ്മാൻ ക്രീസിലെത്താന്‍ മൂന്ന് മിനിറ്റ് വരെ സമയം അനുവദിച്ചിരുന്നത് ഒരു മിനിറ്റായി ചുരുക്കി. ടി20 ക്രിക്കറ്റില്‍ ഇത് ഒന്നര മിനിറ്റായി തുടരും.
ഫീല്‍ഡിലെ പിഴവിന് പെനല്‍റ്റി
ബൗളര്‍ പന്തെറിയാനായി എത്തുമ്പോള്‍ ഫീല്‍ഡര്‍മാര്‍ അവരുടെ പൊസിഷനില്‍ നിന്ന് നിയമവിധേയമല്ലാത്ത രീതിയില്‍ നീങ്ങിയാല്‍ ഫീല്‍ഡിംഗ് ടീമിന് അഞ്ച് റണ്‍സ് പെനല്‍റ്റി വിധിക്കും.
പിച്ചിന്‍റെ പരിധി വിട്ടാല്‍ നോ ബോള്‍
ഒരു പന്ത് കളിക്കാനായി ബാറ്റ്സ്മാൻ പിച്ചിന്‍റെ നിയന്ത്രണ രേഖക്ക് പുറത്ത് കടന്നാല്‍ പന്ത് ഡെഡ് ബോളായി പ്രഖ്യാപിക്കും. അതുപോലെ ബൗളര്‍ പിച്ചിന്‍റെ പരിധിക്ക് പുറത്ത് പന്തെറിഞ്ഞാല്‍ അത് നോ ബോളാവും. അടുത്ത പന്ത് ഫ്രീ ഹിറ്റാവും.
Read Also:-രാഷ്ട്രീയക്കാരെ മറന്നേക്കൂ, നമ്മളെല്ലാം ഒന്നാണ്: ഇന്ത്യ-പാക് സൗഹൃദം പ്രചരിപ്പിക്കുന്ന കായിക താരങ്ങൾ
ഓവര്‍ റേറ്റ് കുറഞ്ഞാല്‍ പണി പാളും
നിശ്ചിത സമയത്ത് എറിഞ്ഞു തീര്‍ക്കാത്ത ഓരോ ഓവറിലും 30 വാര സര്‍ക്കിളിന് പുറത്ത് നാല് ഫീല്‍ഡര്‍മാരെ മാത്രമെ അനുവദിക്കു. നിശ്ചിത സമയത്ത് അവസാന ഓവറിലെ ആദ്യ പന്തെറിയാന്‍ ഫീല്‍ഡിംഗ് തയ്യാറായിരിക്കണമെന്നാണ് നിയമം.
പന്തെറിയുന്നതിന് മുമ്പ് ബാറ്റ്സ്മാൻ ക്രീസ് വിട്ട് ഇറങ്ങിയാല്‍
പന്തെറിയുന്നതിന് മുമ്പ് ബാറ്റ്സ്മാൻ ക്രീസ് വിട്ട് ഇറങ്ങി വരുന്നത് കണ്ടാല്‍ നേരത്തെ ബൗളര്‍ക്ക് വിക്കറ്റിലേക്ക് ത്രോ ചെയ്ത് ബാറ്റ്സ്മാനെ റണ്ണൗട്ടാക്കാമായിരുന്നു. എന്നാല്‍, പുതിയ നിയമ പ്രകാരം പന്തെറിയുന്നതിന് മുമ്പ് ബൗളര്‍ ബാറ്റ്സ്മാനെ റണ്ണൗട്ടാക്കാനായി ഇങ്ങനെ ത്രോ ചെയ്താല്‍ അത് ഡെഡ് ബോളാവും.
Post Your Comments