KeralaNews

ജനപിന്തുണ നഷ്ടപ്പെട്ടവർ മോദി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുമ്പോൾ, എന്തൊരു ഗതികേടാണിത് ,മഹാരാഷ്ട്ര-ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലങ്ങളുടെ അർത്ഥം തിരിച്ചറിയാതെ പോകുന്നത്

 

ലോകസഭാ തിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ ഇന്ത്യ രാജ്യത്ത്‌ അധികാരത്തിലേറിയ സർക്കാരിനെ പ്രവർത്തിക്കാൻ അനുവദിക്കാതെ തോറ്റുതുന്നം പാടിയവർ. അധികാരം നഷ്ടമായിയെന്നും ജനങ്ങൾ തിരഞ്ഞെടുപ്പിൽ പിഴുതെറിഞ്ഞുവെന്നും തിരിച്ചറിയാൻ ഇനിയും കോൺഗ്രസുകാർക്ക് കഴിയുന്നില്ല. അവർക്കൊപ്പമാണ് സ്വന്തം ചിഹ്നത്തിൽ രണ്ടക്കം വരുന്ന അംഗങ്ങളെ ലോകസഭയിലെത്തിക്കാൻ കഴിയാതെപോയ സിപിഎമ്മും. ലോകസഭാ തിരഞ്ഞെടുപ്പിലെ തോൽവി മാത്രമല്ല, അതിനുശേഷം നടന്ന ഓരോ വോട്ടെടുപ്പിലും കോൺഗ്രസ് തറപറ്റുന്നതാണ് രാജ്യം കണ്ടത്. പക്ഷെ, ഇന്നും തങ്ങളാണ് കാര്യങ്ങൾ നിശ്ചയിക്കേണ്ടത് എന്നതാണ് പ്രതിപക്ഷത്തിന്റെ നിലപാട്. എന്തൊരു ഗതികേടാണിത്.

സുപ്രധാനമായ പല തീരുമാനങ്ങളും എടുക്കാൻ നരേന്ദ്ര മോഡി സർക്കാർ ഒരുങ്ങുമ്പോൾ അതൊക്കെ അട്ടിമറിക്കുക എന്നതായി പിന്നെയുള്ള ചിന്ത. കള്ളപ്പണത്തിനെതിരെ ശക്തമായ നിലപാടും നടപടിയും എടുത്തപ്പോൾ പലരുടെയും തനിനിറം നാമൊക്കെ കണ്ടു. എന്തൊരു വെപ്രാളമായിരുന്നു പ്രതിപക്ഷനിരക്കു് . നോട്ടു റദ്ദാക്കൽ പിൻവലിച്ചാൽ മാത്രം പോരാ എന്നും മോദിയെത്തന്നെ പുറത്താക്കണമെന്നുമാണ് ഇന്നിപ്പോൾ അവരിൽ ചിലരെല്ലാം പറയുന്നത്. അതിനായി രാജ്യമെന്പാടും അവർ നടത്തിയ ബന്ദ് , ഭാരത് ബന്ദ്‌ , എവിടെയെത്തി എന്നത് നാമൊക്കെ കണ്ടു. ബന്ദ്‌ എന്തെങ്കിലും ചലനമുണ്ടാക്കിയത് തൃപുരയിലും കേരളത്തിലും മാത്രം. മോദിക്ക് ഇനി രാജിവെക്കാതെ പറ്റുമോ?. സിപിഎമ്മിന്റെ തറവാടായ പശ്ചിമ ബംഗാളിൽ പോലും ബന്ദ് ഒരു ചലനവുമുണ്ടാക്കിയില്ല. എന്തൊരു നാണക്കേട്. ബംഗാളിലെ മുഖ്യമന്ത്രി കഴിഞ്ഞ കുറെ നാളുകളായി ഡൽഹിയിൽ സത്യാഗ്രഹം നടത്തുകയാണ്; കള്ളപ്പണം വെളുപ്പിക്കാനാണോ ആവൊ. അവരാണ് പറയുന്നത് , മോദിയെ നീക്കിയിട്ടേ ഇനി കൊൽക്കത്തയിലേക്കുള്ളൂ എന്ന്. സീതാറാം യെച്ചൂരിയും മറ്റും ഡൽഹിയിൽ എ ടിഎമ്മിന്റെ മുന്നിലെ ക്യൂവിന്റെ മുന്നിൽചെന്നുനിന്നു മുദ്രാവാക്യം വിളിക്കുന്നത് എന്തുകൊണ്ടാണ് എന്ന് ഇപ്പോഴാവും പലർക്കും തിരിച്ചറിയാനായത്. അതുതന്നെയാണ് ഇപ്പോൾ ‘യുവരാജാവ് ‘ രാഹുൽ ഗാന്ധിയും കൂട്ടരും ചെയ്യുന്നത് എന്നതും മറന്നുകൂടാ.

തിരഞ്ഞെടുപ്പിലെ പരാജയം ഒരു പ്രശ്‌നമല്ലെന്നും ജനങ്ങൾ തങ്ങൾക്കൊപ്പമാണ് എന്നും ഇപ്പോഴും കോൺഗ്രസും കൂട്ടാളികളും തുടർന്നും പറയുന്നു. നോട്ട് വിഷയത്തിൽ അവർ അതാണല്ലോ കരുതുന്നതും പറയുന്നതും. എന്നാൽ അടുത്തിടെ നടന്ന ചില തിരഞ്ഞെടുപ്പുകൾ കാണാതെ പോകാനാവില്ല. ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയമായി തോറ്റത് തന്നെയാണ് സൂചിപ്പിച്ചത്‌ . ബിജെപിക്ക് രണ്ടിടത്തും വലിയ്യ്‌ വിജയമാണ് നേടിയെടുത്തത്. നോട്ടു പിൻവലിച്ചത് ജനങ്ങൾക്കെതിരായിരുന്നുവെങ്കിൽ ബിജെപി ഇത്രവലിയ ജയം നേടുമായിരുന്നോ?. ഇതൊന്നും കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും മനസിലാക്കുന്നില്ല എന്നതാണ് കഷ്ടം. രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ നേരിട്ട തിരഞ്ഞെടുപ്പുകളിൽ എത്രയായി തുടർച്ചയായ പരാജയം എന്നത് കോൺഗ്രസ് ഇനിയും വിലയിരുത്തിയിട്ടില്ല. നാണമില്ലാതെ കോൺഗ്രസുകാർ ഇന്നിപ്പോഴും അതേ രാഹുലിന്റെ കാലിൽ തൂങ്ങി നടക്കുകയാണ്. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ദയനീയതയാണ് ഇവിടെ തെളിയുന്നത്. എകെ ആന്റണിയെപ്പോലുള്ളവർ ഇതൊക്കെ അറിയാതെ നടക്കുമ്പോൾ സങ്കടം തോന്നുന്നു. പണ്ട് ഗൗഹാത്തി എ ഐ സിസിയിൽ ഇന്ദിരാഗാന്ധിക്കെതിരെ സംസാരിച്ച ആന്റണിയെ ചിലരെങ്കിലും ഇപ്പോഴും ഓർക്കുന്നുണ്ട്. അതിൽനിന്ന്‌ എകെ ആന്റണി എത്രമാത്രം അകന്നുപോയി എന്നുവേണം വിലയിരുത്തേണ്ടത്.

ഇവിടെ കോൺഗ്രസും പ്രതിപക്ഷവും യഥാർഥത്തിൽ അബദ്ധം സമ്മതിക്കുകയാണ് വേണ്ടത്. ജനങ്ങൾ തങ്ങൾക്കൊപ്പമില്ല എന്നത് അവരെല്ലാം ഏറ്റുപറയേണ്ട സമയമാണിത്. കേന്ദ്രത്തിലെ ബിജെപി സർക്കാരിന് പിന്തുണ നൽകുകയാണ് ഇന്നിപ്പോൾ അവർ ചെയ്യേണ്ടത്. രാജ്യസഭയിലെ സാങ്കേതികമായ പിന്തുണയുടെ ബലത്തിൽ ജനകോടികൾ ഒപ്പമുള്ള ഒരു ഭരണകൂടത്തെ തകർക്കാനുള്ള ശ്രമം എന്തായാലും അംഗീകരിക്കപ്പെടാൻ പോകുന്നില്ല. അതവർ തിരിച്ചറിയുമെന്ന് കരുതാം.

അഴിമതി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി ബിജെപി എംപിമാരോട് ഈ നവംബർ എട്ടുമുതൽ ഇതുവരെ നടത്തിയ ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടതും ശ്രദ്ധേയമാണ്. സുതാര്യത ഉണ്ടാക്കാനുള്ള ശ്രമമാണിത്. അത് പാർട്ടി എംപിമാരിൽ മാത്രമായി ഒതുക്കരുത് എന്നതാണ് എനിക്കുതോന്നിയിട്ടുള്ളത്. എല്ലാ പാർട്ടി നേതാക്കളും ഇത്തരത്തിൽ ബാങ്ക് വിവരങ്ങൾ നല്കാൻ നിർദ്ദേശിക്കാവുന്നതാണ്. സുതാര്യത ഉറപ്പാക്കാൻ അത് സഹായിക്കും. കഴിയുമെങ്കിൽ ജില്ലാ തലത്തിൽ പ്രവർത്തിക്കുന്ന കാര്യകർത്താക്കൾ മുതലുള്ളവർക്കു അതിനു കഴിഞ്ഞാൽ ബിജെപിയിൽ വലിയ മാറ്റങ്ങൾക്കു വഴിവെക്കുമെന്നതിൽ സംശയമില്ല. അതിന്റെ ഫലം പൊതു രംഗത്തും അനുഭവേദ്യമാവും. സിപിഎമ്മിൽ ഒരു വ്യവസ്ഥയുണ്ട് ; പാർട്ടി നേതാക്കൾ അവരുടെ സ്വത്തു പ്രഖ്യാപിക്കണം എന്നതാണത്. എന്തുകൊണ്ട് അത് ബിജെപിക്ക് സ്വീകരിച്ചുകൂടാ?. നല്ല കാര്യം ആരുചെയ്താലും സ്വീകരിക്കുന്നതിലെന്താണ് തെറ്റ്?. പ്രത്യേകിച്ച് ഒരു തൊഴിലുമില്ലാത്ത, അതേസമയം സുഖമായി ജീവിക്കുന്ന അനവധിപേരെക്കുറിച്ചു, പൊതു പ്രവർത്തകരെക്കുറിച്ചു, പൊതുവെ പരാതികൾ ഉയരാറുണ്ട് . അവരെപ്പോലുള്ളവർ ബിജെപിയിലില്ല എന്നത് ജനകോടികളെ ബോധ്യപ്പെടുത്താനുള്ള ഒരു അവസരമായി ബിജെപിക്ക് ഇത് ഉപയോഗിക്കാൻ കഴിയുമല്ലോ. പാർട്ടി നേതാക്കളും കാര്യകർത്താക്കളും കൂടുതൽ ശ്രദ്ധാലുക്കളാവാനും ഇതൊക്കെ സഹായകരമാവും. മടിയിൽ ഖനമില്ലാത്തവർ ഭയപ്പെടേണ്ട കാര്യമില്ലല്ലോ.

shortlink

Related Articles

Post Your Comments

Related Articles


Back to top button