പാലക്കാട് : കേരളത്തില്‍ ശക്തി പ്രാപിച്ച മാവോയിസ്റ്റുകള്‍ക്കെതിരേ 2013 നുശേഷം ആറുതവണ വെടിവെയ്പുണ്ടായെന്ന് പോലീസിന്റെ കണക്കുകൾ പുറത്ത്. 2014 ഡിസംബര്‍ എട്ടിന് വയനാട്ടിലെ കുഞ്ഞോം വനത്തിലാണ് ആദ്യ വെടിവയ്പ്പ് നടന്നത്. തുടർന്ന് പാലക്കാട്, മലപ്പുറം ജില്ലകളിലായി നാലിടത്തുകൂടി വെടിവയ്പുണ്ടായി. ഒടുവില്‍ നിലമ്പൂര്‍ കരുളായിയിലുണ്ടായ വെടിവെയ്പിലാണ് രണ്ടുജീവനെടുത്തത്. മലപ്പുറം ജില്ലയിലെ ടി.കെ. കോളനി, മുണ്ടക്കടവ് കോളനി, പാലക്കാട്ട് കടുകമണ്ണ, അമ്പലപ്പാറ എന്നിവിടങ്ങളാണു വെടിവെയ്പുണ്ടായ മറ്റിടങ്ങള്‍.
കരുളായിയില്‍ പോലീസ് സാന്നിധ്യമറിഞ്ഞതോടെ മാവോയിസ്റ്റ് താവളത്തില്‍ ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ ആദ്യം വെടിവെച്ചെന്നാണ് പോലീസ് ഭാഷ്യം. ഒരാള്‍നിന്ന് വെടിയുതിര്‍ത്ത് മറ്റുള്ളവര്‍ക്ക് രക്ഷപ്പെടാന്‍ അവസരം ഒരുക്കുന്നത് മാവോയിസ്റ്റുകളുടെ പതിവുരീതിയാണെന്നും പറയുന്നു. പശ്ചിമഘട്ടത്തിലെ ചുവപ്പ് ഇടനാഴിയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ബേസ് ക്യാമ്പാണ് കരുളായിയിലേതെന്നാണ് പോലീസ് നിഗമനം. 2007 ഡിസംബര്‍ 17ന് അങ്കമാലിയില്‍നിന്നു മല്ലരാജ റെഡ്ഡിയും ഭാര്യ സുഗുണയും പിടിക്കപ്പെട്ടതിനുശേഷം കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന കൊല്ലപ്പെട്ട കുപ്പുദേവരാജ് ആണ്. ഒരുകോടിയിലധികം രൂപയാണ് വിവിധ സര്‍ക്കാരുകള്‍ 1989 ല്‍ ഒളിവില്‍ പോയ കുപ്പുദേവരാജിന്റെ തലയ്ക്ക് ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മെയ്മാസം മുതലാണ് കൊല്ലപ്പെട്ട അജിത എന്ന കാവേരി ഈ സംഘത്തിലെത്തിയതെന്നാണ് വിവരം. കര്‍ണാടകയില്‍ അടുത്തിടെ അറസ്റ്റിലായ ചിന്ന രമേഷ് നല്‍കിയ മൊഴിയിലാണ് ഇതുസംബന്ധിച്ച സൂചനയുള്ളത്.
മല്ലരാജ റെഡ്ഡിക്ക് ഒത്താശ ചെയ്തതിന്റെ പേരില്‍ രൂപേഷും ഭാര്യഷൈനയും അറസ്റ്റിലാവുകയും പിന്നീട് ഒളിവില്‍ പോവുകയുമായിരുന്നു. ഇതിനുശേഷമാണ് മാവോയിസ്റ്റുകൾ കേരളത്തില്‍ ശക്തമായത്. വയനാട്ടില്‍ കബനിദളവും പാലക്കാട്ട് ഭവാനിദളവും നിലമ്പൂരില്‍ നാടുകാണിദളവും രൂപീകരിച്ചു.2013 ല്‍ മലപ്പുറം എടക്കരയില്‍നിന്നു മാവോയിസ്റ്റ് ബന്ധം സംശയിച്ച് കസ്റ്റഡിയിലെടുത്ത സി.പി. ഇസ്മയിലെ പിന്നീട് ജാമ്യത്തില്‍ വിട്ടു. 2015 ല്‍ മുബൈ എ.ടി.എസ് പൂനെയില്‍ നിന്നും മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം കണ്ണമ്പള്ളി മുരളിയെ പിടികൂടുമ്പോള്‍ കൂടെ സി.പി. ഇസ്മയിലും ഉണ്ടായിരുന്നു. ഇതേ ഇസ്മയിലിന്റെ ജേഷ്ഠനാണ് പാലക്കാട് ചന്ദ്രനഗറിലെ കെ.എഫ്.സി ആക്രമണക്കേസില്‍ പിടികിട്ടാപ്പുള്ളിയായ മലപ്പുറം പാണ്ടിക്കാട് സ്വദേശി മൊയ്തീന്‍. മൊയ്തീന്റെ ഭാര്യ മലമ്പുഴ സ്വദേശി ലത ഇപ്പോള്‍ മാവോയിസ്റ്റ് സായുദ്ധ സംഘത്തിനൊപ്പമുണ്ടെന്നാണ് പോലീസ് ലുക്ക്ഔട്ട് നോട്ടീസിലുള്ളത്.
2013 നുശേഷം നിരവധി ആക്രമണങ്ങള്‍ മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്നുണ്ടായെന്നാണ് പോലീസ് കേസുകളിലുള്ളത്. 2013 ല്‍ വിലങ്ങാട് ക്രഷറി യൂണിറ്റ് തകര്‍ത്തത്, 2014 ല്‍ പ്രമോദ് എന്ന പോലീസുകാരന്റെ മാനന്തവാടിയിലെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്, എറണാകുളം നീറ്റാ ജലാറ്റിന്‍ ഓഫീസ് ആക്രമണം, വയനാട് അഗ്രഹാര റിസോര്‍ട്ട് ആക്രമണം,സൈലന്റ് വാലിയിലെ മുക്കാലി ഫോറസ്റ്റ് റേഞ്ച് ഓഫീസ് ആക്രമണം, വയനാട് വെള്ളമുണ്ട ഫോറസ്റ്റ് ഔട്ട്‌പോസ്റ്റ് ആക്രമണം, 2015 ല്‍ അട്ടപ്പാടിയിലെ ക്യാമ്പ് ഷെഡ് തകര്‍ത്തത്, കണ്ണൂര്‍ നെടുംപൊയില്‍ ക്വാറി തകര്‍ത്തത്, കെ.ടി.ഡി.സിയുടെ വയനാട്ടിലെ റസ്റ്റ്‌റ്റോറന്റിനു നേരെയുള്ള ആക്രമണം, കളമശ്ശേരിയിലെ ദേശീയപാത പ്രൊജക്റ്റ് ഓഫീസ് ആക്രമണം തുടങ്ങിയവ അതില്‍പ്പെടും.ഇതിലൊന്നും ആളപായമില്ലെങ്കിലും തീവ്രവാദ വിരുദ്ധ നിയമപ്രകാരമാണ് കേസ്.
വെടിവെയ്പിനെ തുടര്‍ന്നു മാവോയിസ്റ്റ് താവളത്തില്‍നിന്നും പോലീസ് കണ്ടെടുത്ത രേഖകളില്‍ മാവോയിസ്റ്റ് യുദ്ധമുറകള്‍, റിക്രൂട്ട് ചെയ്യുന്ന രീതി, മാവോയിസ്റ്റ് കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍, എന്നിവ ലഭിച്ചതായി അന്വേഷണോദ്യോഗസ്ഥര്‍ റിപ്പോർട്ട് ചെയ്തു. പോലീസ് പിടിച്ചെടുത്ത 32 പെന്‍ ഡ്രൈവ്, 42 സിം കാര്‍ഡ്, ലാപ്‌ടോപ്, ഐ പാഡ്, 16 മൊെബെല്‍ ഫോണുകള്‍, മാഗസിനുകള്‍, പത്രങ്ങള്‍ എന്നിവയുടെ പരിശോധനയാണു അന്വേഷണസംഘം ആദ്യഘട്ടത്തില്‍ നടത്തുന്നത്.
മാവോയിസ്റ്റ് സംഘം എ.കെ-47 ഉപയോഗിച്ചതിനുള്ള വ്യക്തമായ തെളിവുകള്‍ തങ്ങള്‍ക്കു ലഭിച്ചിട്ടുണ്ടെന്നും എ.കെ -47ന്റെ രണ്ട് കാലിക്കേസുകള്‍ പിന്നീടുനടത്തിയ പരിശോധനയില്‍ സംഭവസ്ഥലത്തുനിന്നു ലഭിച്ചതായും അന്വേഷണോദ്യോഗസ്ഥര്‍ വ്യക്തമാക്കി. കേരളത്തില്‍ സായുധ വിപ്ലവം നടത്തുന്നതിന്റെ വ്യക്തമായ പദ്ധതിയോടെയാണ് മാവോയിസ്റ്റ് സംഘങ്ങള്‍ നിലമ്പൂരില്‍ തമ്പടിച്ചതെന്നാണു പോലീസ് കണക്കുകൂട്ടുന്നത്. മാവോയിസ്റ്റ് സംഘം തമ്പടിച്ച കരുളായി വനമേഖലയില്‍ ഇവര്‍ക്കു ജീവിക്കാന്‍ ആവശ്യമായ എല്ലാ സൗകര്യവും ഉണ്ടായിരുന്നുവെന്നും ഇവിടെ മാവോയിസ്റ്റുകള്‍ സ്ഥിരതാവളമാക്കാന്‍ ഒരുങ്ങിയിരുന്നതായി സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റയും വ്യക്തമാക്കി. കൊല്ലപ്പെട്ട കുപ്പു ദേവരാജിന്റെ പക്കല്‍നിന്നു പിടിച്ചെടുത്തതു ബ്രിട്ടീഷ് നിര്‍മിത പിസ്റ്റളായിരുന്നു. ഇതിനുപുറമെ സംഭവ സ്ഥലത്തുനിന്നും 4.65 ലക്ഷം രൂപ, 12 പേര്‍ക്ക് താമസിക്കാവുന്ന തരത്തിലുള്ള നാലു ഷെഡ്ഡുകള്‍, കുഴിബോംബ് നിർമിക്കാൻ സഹായിക്കുന്ന സേഫ്റ്റി ഫ്യൂസ്, ബാറ്ററി, വയര്‍, സോളാര്‍ പാനല്‍, വലിയ പാത്രങ്ങളും നിത്യോപയോഗ സാധനങ്ങളും, കണ്ടെടുത്തു.
Post Your Comments