Uncategorized

കേരളവർമ്മ വീണ്ടും വിവാദത്തിൽ ; വനിതാ ഹോസ്റ്റലില്‍ മാംസാഹാരത്തിന് വിലക്ക്

തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ വനിതാ ഹോസ്റ്റലില്‍ മാംസാഹാര വിലക്ക്. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മാംസാഹാരം നൽകുമ്പോഴാണ് പെണ്‍കുട്ടികള്‍ക്ക് വിലക്ക് കല്‍പ്പിക്കുന്നത്. മൂന്നരയ്ക്ക് കോളെജ് വിട്ടാല്‍ നാല് മണിക്കകം ഹോസ്റ്റലില്‍ കയറണം, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ക്കെതിരെയും വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങി.
കേരളവര്‍മ്മ കോളെജിനുള്ളിലെ വനിത ഹോസ്റ്റലിലാണ് മാംസാഹാരത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഹോസ്റ്റലില്‍ പാകം ചെയ്യാന്‍ നേരത്തെ അനുവദിച്ചിരുന്നില്ലെങ്കിലും പുറത്തുനിന്നുമെത്തിക്കുന്ന മാംസാഹാരം കഴിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുവാദമുണ്ടായിരുന്നു.
കോളേജിനുള്ളിലെ വിഗ്രഹം ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ത്ഥിനികള്‍ക്ക് മാംസാഹാര വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്്. അതേസമയം കോളേജിന് പുറത്തുള്ള ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മാംസാഹാരത്തിന് വിലക്കില്ല. നേരത്തെ കോളെജിനുള്ളിലെ മാംസാഹാര വിലക്ക് വന്‍ വിവാദമായിരുന്നു.മൂന്നരയ്ക്ക് കോളെജ് വിട്ടാല്‍ നാല് മണിക്ക് ഹോസ്റ്റലില്‍ കയറണം. നേരത്തെ ആറ് മണിവരെ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റലില്‍ പ്രവേശനം അനുവദിച്ചിരുന്നു. വനിത ഹോസ്റ്റലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കനത്ത പിഴയാണ് അധികൃതര്‍ ഈടാക്കുക.
ഹോസ്റ്റലിനകത്തെ സുരക്ഷാ കാര്യങ്ങളിലും അധികൃതര്‍ക്ക് നിസംഗ സമീപനമാണുള്ളതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നുണ്ട്. ഈ സാഹചര്യത്തിന് മാറ്റം വരണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് പെണ്‍കുട്ടികള്‍ ഹോസ്റ്റലിന് മുന്നില്‍ സമരം ആരംഭിച്ചു. എസ്‌എഫ്‌ഐയുടെ പിന്തുണയോടെയാണ് സമരം.

shortlink

Post Your Comments


Back to top button