ന്യൂഡൽഹ: രാജ്യത്ത് നോട്ടുകൾ അസാധുവാക്കിയതിനെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ സുപ്രീംകോടതി ഇടപെടുന്നു. കേന്ദ്രത്തിന്റെ നടപടിയിലെ ഭരണഘടനാ സാധുത പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. അതുപോലെ ജനങ്ങളുടെ ദുരിതം പരിശോധിക്കുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂർ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കേന്ദ്രസർക്കാർ സംഭവത്തിൽ വിശദീകരണം നൽകണം. കോടതിക്കു മുന്നിലെത്തിയ പൊതുതാൽപര്യ ഹർജികളിലാണ് നിരീക്ഷണം.
വിശദമായ വാദത്തിനായി അടുത്ത വെള്ളിയാഴ്ച പ്രത്യേകമായി കേസ് പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസിൽ ഹാജരായ കപിൽ സിബലും സർക്കാരിനായി ഹാജരായ അറ്റോർണി ജനറലും തമ്മിൽ ശക്തമായ വാദമാണ് കോടതിയിൽ നടന്നത്. നോട്ടുപ്രതിസന്ധിയെ തുടർന്നുണ്ടായ പ്രശ്നങ്ങൾ പരിഹരിച്ചുവരികയാണെന്നും ദുരിതത്തിന് വലിയരീതിയിൽ കുറവ് വന്നിട്ടുണ്ടെന്നും അറ്റോർണി ജനറൽ വാദിച്ചു. എന്നാൽ ജനങ്ങളുടെ ദുരിതം പരിഹരിക്കപ്പെട്ടിട്ടില്ലെന്നും പല എടിഎമ്മുകൾക്കും ബാങ്കുകൾക്കും മുന്നിൽ തിരക്കാണെന്നും കപിൽ സിബൽ വാദിച്ചു.
Post Your Comments