ന്യൂയോർക്ക് : ഏറ്റവും കൂടുതൽ ഇന്റർനെറ്റ് ഉപഭോക്താക്കളും,എന്നാൽ കടുത്ത ഇന്റർനെറ്റ് സെന്‍സര്‍ഷിപ്പുമുള്ള രാജ്യമാണ് ചൈന. ഏതാണ്ട് 1.4 ബില്ല്യണ്‍ ജനങ്ങളാണ് ചൈനയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. ഇത്രയും ഉപഭോക്താക്കൾ ഉള്ള ചൈനയിലേക്ക് ഇന്‍റര്‍നെറ്റ് കമ്പനികളെ ഏറെ ആകര്‍ഷിക്കുമെങ്കിലും സെന്‍സര്‍ഷിപ്പ് അതിജീവിച്ച് പിടിച്ചു നിൽക്കാൻ കമ്പനികള്‍ ബുദ്ധിമുട്ടുന്ന സ്ഥിതിയാണ് നില നിൽക്കുന്നത്. എന്നാൽ ഇവയെല്ലാം മറികടന്നു ചൈനയിൽ പിടിച്ചു നില്ക്കാൻ പുത്തൻ തന്ത്രം മെനയുകയാണ് ലോകത്തിലെ പ്രമുഖ സോഷ്യൽ നെറ്റവർക്കിങ് സൈറ്റായ ഫേസ്ബുക്ക്.
2009 മുതല്‍ ഫേസ്ബുക്ക് ചൈനയില്‍ നിരോധിച്ചിരിക്കുകയാണ്. ഈ നിരോധനം അതിജീവിക്കാനുള്ള ഒരു സോഫ്റ്റ്‌വെയര്‍ ഫേസ്ബുക്ക് വികസിപ്പിച്ചെന്ന് പ്രമുഖ മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയില്‍ ഒരു ബിസിനസ് പങ്കാളിയുണ്ടെങ്കില്‍ ചൈനയില്‍ നിരോധിച്ച ഉള്ളടക്കങ്ങള്‍ ഒഴിവാക്കി ഫേസ്ബുക്ക് ന്യൂസ്ഫീഡ് നല്‍കുന്നതാണ് സോഫ്റ്റ്‌വെയര്‍ എന്നാണ് പ്രാഥമിക വിവരം. ഒരു മൂന്നാം പാര്‍ട്ടി ടൂള്‍ ആയിരിക്കും ഇതെന്നും, സോഫ്റ്റ്‌വെയറിന്റെ പരീക്ഷണങ്ങള്‍ നടത്തിയതായും ഫേസ്ബുക്കിന്റെ അടുത്ത വൃത്തങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.
വര്‍ഷങ്ങളായി ചൈനീസ് മാര്‍ക്കറ്റില്‍ എത്താന്‍ കഠിനമായ ശ്രമത്തിലാണ് ഫേസ്ബുക്ക്. ഇതിനായി മാര്‍ക്ക് സുക്കര്‍ബര്‍ഗ് ചൈനീസ് ഭാഷവരെ പഠിച്ചു എന്നും, ബിസിനസ് ആവശ്യങ്ങൾക്കല്ലെങ്കിലും സക്കര്‍ബര്‍ഗ് ഏറ്റവും കൂടുതല്‍ സന്ദര്‍ശനങ്ങള്‍ നടത്തിയ ഒരു രാജ്യം ചൈനയാണ് എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്തൊക്കെയായാലും ഫേസ്ബുക്കിന്‍റെ പുതിയ നീക്കം ചൈന എങ്ങനെ പ്രതികരിക്കും എന്നതാണ് ടെക് ലോകത്തെ വിദഗ്ധർ ഇപ്പോൾ ഉറ്റു നോക്കുന്നത്.
Post Your Comments