NewsIndia

പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കിയില്ല : മോദിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

തിരുവനന്തപുരം നോട്ടു നിരോധവുമായി ബന്ധപെട്ട് സഹകരണ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയ്ക്ക് പോകാനിരുന്ന സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കിയില്ല. ധനമന്ത്രിയെ കാണാനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തോട് പ്രധാനമന്ത്രി അങ്ങേയറ്റത്തെ അനാദരവാണ് കാണിച്ചത്. ഇക്കാര്യത്തില്‍ കടുത്ത പ്രതിഷേധമുണ്ട്. നിയമസഭ പാസാക്കിയ പ്രമേയത്തിന്റെ അന്തസത്ത പ്രധാനമന്ത്രി ഉള്‍ക്കൊള്ളുന്നില്ല. കേന്ദ്രം ഭരിക്കുന്ന ഹിറ്റ്ലറേയും മുസോളിനിയേയും മാതൃകയക്കിയവരില്‍ നിന്നും ജനാധിപത്യ മര്യാദ പ്രതീക്ഷിക്കുന്നില്ല. ധനകാര്യ മന്ത്രിയെ കാണാനായി മാത്രം സര്‍വകക്ഷി സംഘം ഡല്‍ഹിയ്ക്ക് പോകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ ഓഫീസിനെ രേഖാമൂലം പ്രതിഷേധം അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നടപടി സംസ്ഥാനത്തോടുള്ള കടുത്ത അനീതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു. ഏറ്റവും വലിയ ഏകാധിപതിയാണ് താനെന്ന് വരുത്താനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി. കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചത് അപലപനീയമാണ്. തന്റെ പ്രതിഷേധം അറിയിച്ചുകൊണ്ട്‌ പ്രധാനമന്ത്രിയ്ക്ക് കത്തയ്ക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

പ്രധാനമന്ത്രിയ്ക്ക് ധാര്‍ഷ്ട്യമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.

ഫെഡറല്‍ സംവിധാനത്തിന്റെ അടിത്തറയിളക്കുന്നതാണ്‌ പ്രധാനമന്ത്രിയുടെ നടപടിയെന്ന് മുന്‍ മന്ത്രി കെ.എം മാണി പറഞ്ഞു.

പ്രധാനമന്ത്രിയുടെ നടപടി അങ്ങേയറ്റം ധിക്കാരപരമാണെന്ന് മുസ്ലിം ലീഗ് ജനറല്‍സെക്രട്ടറി കെ.പി.എ മജീദ്‌ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button