കോട്ടയം: മണ്ഡല മഹോത്സവത്തിനു ശബരിമല നട തുറന്നതോടെ പ്രധാന തീര്‍ഥാടന പാതകളെല്ലാം ശരണം വിളികളാല്‍ മുഖരിതം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള തീര്‍ഥാടകരെക്കൊണ്ട് കോട്ടയം, ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനുകളും കോട്ടയം, എരുമേലി, പത്തനംതിട്ട, ചെങ്ങന്നൂര്‍ കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡുകളും സജീവമായി. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് ആദ്യമെത്തിയ സംഘത്തിലേറെയും. ദീര്‍ഘദൂര ട്രെയിനുകളിലത്തെുന്ന തീര്‍ഥാടകര്‍ കോട്ടയത്തും ചെങ്ങന്നൂരും ഇറങ്ങി ബസുകളിലും ടാക്‌സി വാഹനങ്ങളിലുമാണ് തുടര്‍യാത്ര. ഇത്തവണ കൂടുതല്‍ സ്‌പെഷല്‍ ട്രെയിനുകളും റെയില്‍വേ ഓടിക്കും. ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളില്‍നിന്നാണ് സ്‌പെഷല്‍ ട്രെയിനുകള്‍ അധികവും. തിരക്കേറുന്നതോടെ ആന്ധ്ര-തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് സ്‌പെഷല്‍ ട്രെയിനുകള്‍ ആരംഭിക്കും. റിസര്‍വേഷന്‍ സംവിധാനവും വിപുലമാക്കി. റെയില്‍വേ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.
തമിഴ്‌നാട്ടില്‍നിന്നുള്ള അയ്യപ്പന്മാര്‍ കുമളി, വണ്ടിപ്പെരിയാര്‍, പുല്ലുമേട് വഴിയും സന്നിധാനത്തേക്ക് പോകുന്നുണ്ട്. എന്നാല്‍, തിരക്ക് വര്‍ധിച്ചിട്ടില്ല. ശബരിപാതകളിലെല്ലാം താല്‍ക്കാലിക കച്ചവടസ്ഥാപനങ്ങളും ആരംഭിച്ചു. മിക്ക റോഡുകളും ഗതാഗതയോഗ്യമാക്കിയതിനാല്‍ യാത്രാതടസ്സങ്ങളൊന്നും ഇത്തവണയില്ല. തൊടുപുഴ-പാലാ റോഡിലാണ് തിരക്കേറെ. എന്നാല്‍, എം.സി റോഡില്‍ പലയിടത്തും ഇനിയും നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടില്ല.
Post Your Comments