കാസര്‍ഗോഡ്: ഏക സിവില്‍ കോഡിനെതിരായ റാലിക്കിടെ മോദി വിരുദ്ധ മുദ്രാ വാക്യം മുഴക്കിയെന്നാരോപിച്ച് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. നവംബര്‍ 14നാണ് ശരിഅ നിയമം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഹോസ്ദുര്‍ഗ്ഗില്‍ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ പ്രവര്‍ത്തകര്‍ റാലി സംഘടിപ്പിച്ചത്.
റാലിയില്‍ മോദി വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് ജാഥ നയിച്ച ഐ.യു.എം.എല്‍ ഹോസ്ദുര്‍ഗ്ഗ് പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത്, ഇസ്മയില്‍ മൗലവി ഇവരെ കൂടാതെ കണ്ടാലറിയുന്ന നൂറോളം ആളുകള്‍ക്കെതിരെയാണ് കേസ്.
ഐപിസി സെക്ഷന്‍ 143,147,145,283,153,149 എന്നിവ പ്രകാരം നിയമ വിരുദ്ധമായി റാലി നടത്തിയെന്നാരോപിച്ചാണ് ഇവര്‍ക്കെതിരെ പോലീസ് സ്വമേധയാ കേസെടുത്തത്.
ജാഥയില്‍ പങ്കെടുത്തവര്‍ മോദിക്കെതിരെ മുദ്രാവാക്യം മുഴക്കുകയും ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തുവെന്നാണ് ഹോസ്ദുര്‍ഗ്ഗ് പോലീസ് പറയുന്നത്.
അതേസമയം ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ ശ്രമത്തിനെതിരായ പ്രതിഷേധ റാലിയായിരുന്നു 14ാം തിയതി ഞങ്ങള്‍ സംഘടിപ്പിച്ചത്, തീര്‍ത്തും സമാധാനപരമായാണ് റാലി നടത്തിയതെന്നും ബഷീര്‍ വെള്ളിക്കോത്ത് അറിയിച്ചു.
Post Your Comments