KeralaNews

ഒരു രാഷ്ട്രം മുഴുവന്‍ പ്രധാനമന്ത്രിയെ അസഭ്യം പറയുന്നു -എം.സ്വരാജ്

തിരുവനന്തപുരം: മുന്നൊരുക്കമില്ലാതെ നോട്ട് അസാധുവാക്കിയതോടെ ഒരു രാഷ്ട്രം മുഴുവന്‍ പ്രധാനമന്ത്രിയെ അസഭ്യം പറയുകയാണെന്ന് എം സ്വരാജ് എംല്‍എ. പ്രധാനമന്ത്രിയെ രാജ്യത്തെ മുഴുവൻ ജനങ്ങളും ഒരുപോലെ അസംസ്‌കൃത പദാവലിയാല്‍ അഭിഷേകം ചെയ്യുകയാണ്. ഇന്ത്യയിൽ ഇപ്പോൾ പല ഭാഷയിലുള്ള തെറികള്‍ ഉച്ചത്തില്‍ മുഴങ്ങിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു ഗുജറാത്തി വീട്ടമ്മയുടെ പ്രതികരണം നവ മാധ്യമങ്ങളില്‍ കണ്ടുവെന്നും അത് കേട്ടാല്‍ ഹിന്ദി അറിയുന്നവര്‍ ബോധം കെട്ടു വീഴുമെന്നും അദ്ദേഹം പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എം സ്വരാജ് എം എൽ എ ഇക്കാര്യങ്ങൾ പറയുന്നത്.

പക്ഷെ അതിനോടൊന്നും തനിക്ക് യോജിപ്പില്ല. മകന്‍ സ്വന്തം ജനതയോട് യുദ്ധം പ്രഖ്യാപിച്ചതിന് പിതാവും അപ്പൂപ്പനുമൊക്കെ എന്തു പിഴച്ചുവെന്ന് എം സ്വരാജ് പോസ്റ്റില്‍ ചോദിക്കുന്നു. അതുകൊണ്ട് പ്രധാനമന്ത്രിക്ക് മാത്രമാണ് തെറി വിളികളെല്ലാം സമ്പൂര്‍ണമായും അര്‍ഹിക്കുന്നതെന്നും അദ്ദേഹത്തിന്റെ പരമാബദ്ധങ്ങളുടെ പേരില്‍ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോഡി മുതല്‍ പുറകോട്ടുള്ള തലമുറകളെ ദയവായി ആക്ഷേപിക്കരുതെന്നും സ്വരാജ് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

നോട്ടുകള്‍ പിന്‍വലിച്ചാല്‍ കള്ളപ്പണം തടയാന്‍ കഴിയില്ല. പ്രധാനമന്ത്രി മോദി ജനിക്കുന്നതിന് നാല് വര്‍ഷം മുമ്പ് ഇന്ത്യയില്‍ പതിനായിരം രൂപയുടെ നോട്ട് പിന്‍വലിച്ചിരുന്നു. അത് എന്തിനായിരുന്നുവെന്ന് ഇക്കൂട്ടര്‍ അന്വേഷിക്കണമെന്ന് എം സ്വരാജ് ഫെയ്സ്ബുക്കില്‍ കുറിച്ചു. ബ്രിട്ടീഷ് ഇന്ത്യയില്‍ അന്ന് അങ്ങനെയൊരു തീരുമാനമെടുത്തതും കള്ളപ്പണം ഇല്ലാതാക്കാനായിരുന്നുവെന്നും വലിയ നോട്ട് പിന്‍വലിച്ചാല്‍ കള്ളപ്പണം ഇല്ലാതാവുമെങ്കില്‍ അന്ന് ഇന്ത്യയിലെ കള്ളപ്പണം എന്നേക്കുമായി ഇല്ലാതാവേണ്ടതല്ലേയെന്നും എം സ്വരാജ് ചോദിക്കുന്നു.

പുതിയ നോട്ടുകള്‍ക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലെന്നാണ് തോന്നുന്നത്. പുതിയ നോട്ടിന്റെ കള്ളനോട്ടുകള്‍ എളുപ്പത്തില്‍ അച്ചടിക്കാവുന്നതാണെന്നും സ്വരാജ് ചൂണ്ടികാട്ടി. പരിഷ്‌കരണങ്ങളില്‍ പാവപ്പെട്ടവര്‍ ദുരിതമനുഭവിക്കുമ്പോള്‍ വന്‍കിടക്കാര്‍ സുരക്ഷിതരാണ്. സ്വിസ് ബാങ്കിലെ കള്ളപ്പണം പിടിച്ചെടുത്ത് വിതരണമെന്ന് പറഞ്ഞവര്‍ അത് എന്ന് വിതരണം ചെയ്യുമെന്ന് പറയണമെന്ന് കൂടി എം സ്വരാജ് കൂട്ടിച്ചേര്‍ത്തു. പുതിയ പരിഷ്‌കാരം നോട്ടുകള്‍ കെട്ടുകളായി സൂക്ഷിക്കുന്നവര്‍ക്ക് കൂടുതല്‍ സഹായകരമായി. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പറ്റിക്കല്‍ നാടകങ്ങളുമായി മോദി ഇറങ്ങുമ്പോള്‍ ജനം ക്യുവില്‍ നിന്ന് മരിച്ച് വീഴുകയാണെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button