രാജ്യത്തെ പൗരൻമാരുടെ വിവരങ്ങൾ രാജ്യത്തിനുള്ളിൽ തന്നെ സൂക്ഷിക്കണമെന്ന നിയമം ലംഘിച്ചതിനെ തുടർന്ന് പ്രൊഫഷണല്‍ സോഷ്യല്‍ നെറ്റ് വര്‍ക്കായ ലിങ്ക്ഡ്-ഇന്‍ ( LinkedIn ) സർവീസിനെ റഷ്യൻ ടെലികോം കമ്മ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റി ‘മോസ്‌കോമ്നാഡ്സോര്‍’ നിരോധനമേര്‍പ്പെടുത്തി. രാജ്യത്തെ എല്ലാ ഇന്റര്‍നെറ്റ് സേവനദാതാക്കളോടും ലിങ്ക്ഡ്-ഇന്‍ സൈറ്റിനെ ഇന്റര്‍നെറ്റില്‍ നിന്നും ബ്ലോക്ക് ചെയ്യാന്‍ റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതോടെ റഷ്യയിൽ 60 ലക്ഷം ലിങ്ക്ഡ്-ഇന്‍ ഉപയോക്താക്കളെയും, സൈറ്റിനെ ആശ്രയിക്കുന്ന നിരവധി കമ്പനികളേയും നിരോധനം കാര്യമായി ബാധിക്കും. നിരോധനത്തിനെതിരെ ലിങ്ക്ഡ്-ഇന്‍ മോസ്‌കോ സിറ്റി കോടതിയില്‍ നൽകിയ അപ്പീല്‍ നേരത്തെ തള്ളിയിരുന്നു.
ആഗോളതലത്തില്‍ 40 കോടി അക്കൗണ്ടുകളുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കാണ് ലിങ്ക്ഡ്-ഇന്‍. ഇതില്‍ 10 കോടി അക്കൗണ്ടുകള്‍ പ്രവര്‍ത്തനരഹിതമാണ്. 2620 കോടി ഡോളറിന് ഈ വര്‍ഷം ജൂണിൽ ലിങ്ക്ഡ്-ഇന്‍ സര്‍വീസിനെ മൈക്രോസോഫ്റ്റ് സ്വന്തമാക്കിയിരുന്നു.
Post Your Comments