കൊച്ചി: മൂന്നു തീവ്രവാദ സ്ഫോടന ഭീഷണിയാണ് 16 ദിവസത്തിനിടെ കൊച്ചിയിൽ എത്തിയത്. മലപ്പുറം കോടതി വളപ്പില്‍ സ്‌ഫോടനം നടന്നതിന്റെ പിന്നാലെ മൂന്നാമത്തെ ഭീഷണി എത്തിയത് ചൊവ്വാഴ്ചയാണ്. പി.ഡി.പി. നേതാവ് അബ്ദുല്‍ നാസര്‍ മഅദനി അടക്കമുള്ളവര്‍ പ്രതികളായ കേസ് പരിഗണിക്കുന്നതിനിടെ എറണാകുളം ജില്ലാ കോടതി സമുച്ചയത്തിനാണു ബോംബു ഭീഷണി വന്നത്. ഒരു അജ്ഞാതൻ പോലീസ് കണ്‍ട്രോള്‍ റൂമിലേക്കു വിളിച്ചാണ് ഭീഷണി സന്ദേശം പോലീസിനെ അറിയിച്ചത്.
ഇതേത്തുടര്‍ന്നു ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ജില്ലാ കോടതിയുടെ കെട്ടിടങ്ങളില്‍ പരിശോധന നടത്തി. പക്ഷെ സംശയകരമായ ഒന്നും കണ്ടെത്താനായില്ല. നവംബര്‍ ഒന്നിന് ആര്‍മി ആസ്ഥാനം, സൈനിക സ്‌കൂളുകള്‍, നേവല്‍ ബേസ്, കേന്ദ്രീയ വിദ്യാലയങ്ങള്‍, പാര്‍ലമെന്റ് മന്ദിരം തുടങ്ങിയ സ്ഥലങ്ങളില്‍ സ്‌ഫോടനം നടത്തുമെന്ന് ബേസ് മൂവ്‌മെന്റിന്റെ വാട്‌സ് ആപ് സന്ദേശം ഉണ്ടായിരുന്നു. എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ ഇതു സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. വാട്‌സ് ആപ് സന്ദേശം വന്നത് വിദേശനമ്പറില്‍ നിന്നാണ്. കൊല്ലം, മൈസൂരു, ചിറ്റൂര്‍ അടുത്തത് ഏതെന്ന ചോദ്യചിഹ്നഹ്‌നമിട്ടാണ് ഭീഷണി സന്ദേശം ലഭിച്ചത്.
ഖത്തറില്‍നിന്നു ഫോണ്‍ സന്ദേശമായാണു രണ്ടാമത്തെ ഭീഷണി വന്നത് പതിനാലു ജില്ലകളിലും ഒരേ സമയം സ്‌ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി. കൊച്ചി സിറ്റി പോലീസിന്റെ കണ്‍ട്രോള്‍ റൂം നമ്പറിലേക്ക് അല്‍ക്വയ്ദയുടെ കേരള ഘടകമായ ബേസ് മൂവ്‌മെന്റിന്റേ പേരിലാണ് ഭീഷണി കോള്‍ വന്നത്.
വിദേശ നമ്പറില്‍നിന്നും വന്ന ഫോണ്‍ കോള്‍ സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഭീഷണി കോളിന്റെ പശ്ചാത്തലത്തില്‍ സിറ്റി പോലീസ് അന്വേഷണം തുടങ്ങി. മതസ്പര്‍ധ വളര്‍ത്തുന്ന വിധം പ്രവര്‍ത്തിച്ചതായി ആരോപിച്ചു 1995 ല്‍ മഅദനിക്ക് എതിരേ രജിസ്റ്റര്‍ ചെയ്ത കേസാണ് ചൊവ്വാഴ്ച മജിസ്‌ട്രേട്ട് കോടതി പരിഗണിച്ചത്.പുതിയ കെട്ടിടത്തില്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്ന താഴത്തെ നിലയിലാണ് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയത്. മലപ്പുറം സ്‌ഫോടനത്തെത്തുടര്‍ന്ന് നിരവധി തീവ്രവാദക്കേസുകളില്‍ വിചാരണ നടക്കുന്ന കോടതികളില്‍ സുരക്ഷ ശക്തമാക്കണമെന്ന് ശുപാര്‍ശ നല്‍കിയിരുന്നു.
Post Your Comments