കോബാർ ● ഗുരുതരമായ രോഗങ്ങൾ മൂലം വലഞ്ഞപ്പോഴും സ്‌പോൺസറുടെ നിസ്സഹരണം മൂലം നാട്ടിലേയ്ക്ക് മടങ്ങാനാകാതെ വലഞ്ഞ മലയാളി, നവയുഗം സാംസ്കാരിക വേദിയുടെയും, ഇന്ത്യൻ എംബസ്സിയുടെയും സഹായത്തോടെ, നിയമനടപടികൾ പൂർത്തിയാക്കി, നാട്ടിലേയ്ക്ക് മടങ്ങി.
കൊല്ലം സ്വദേശിയായ ശിവരാമൻ പിള്ള 1993 ലാണ് സൗദിയിൽ പ്രവാസിയായി എത്തുന്നത്. ഇരുപത്തിമൂന്നു വർഷം ഒരേ സ്‌പോൺസറുടെ കീഴിൽ ലേബറായി ജോലി നോക്കി. പലപ്പോഴും മോശം അവസ്ഥകളെ നേരിടേണ്ടി വന്നപ്പോഴും, നാട്ടിലുള്ള കുടുംബത്തെ ഓർത്ത് ജോലിയിൽ പിടിച്ചു നിന്നു.
എന്നാൽ കാര്യങ്ങൾ കൂടുതൽ മോശമായികൊണ്ടിരുന്നു. കഴിഞ്ഞ ആറു വർഷമായി നാട്ടിൽ പോകാൻ സ്പോൺസർ ശിവരാമൻപിള്ളയെ അനുവദിച്ചിട്ടില്ല. ആറു മാസമായി ശമ്പളം കിട്ടാതെയായി. ഒടുവിൽ ശമ്പളത്തിന് വേണ്ടി തർക്കിച്ചപ്പോൾ, 65 വയസ്സുള്ള പിള്ളച്ചേട്ടനെ താമസിക്കുന്ന സ്ഥലത്തു നിന്നും സ്പോൺസർ ഇറക്കി വിട്ടു.
ജീവിതം വഴി മുട്ടിയ അവസ്ഥയിൽ, ശിവരാമൻ പിള്ള, ചില സുഹൃത്തുക്കളുടെ ഉപദേശപ്രകാരം നവയുഗം ജീവകാരുണ്യപ്രവർത്തകനായ സക്കീർ ഹുസൈനെ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചു. നവയുഗം കോബാർ തുഗ്‌ബ യൂണിറ്റ് പിള്ളച്ചേട്ടന് അഭയം നൽകുകയും, സക്കീറിന്റെ സഹായത്തോടെ കോബാർ ലേബർ കോടതിയിൽ സ്പോൺസർക്കെതിരെ പരാതി നൽകുകയും ചെയ്തു. എന്നാൽ സ്പോൺസർ തുടർച്ചയായി ഹാജരാകാത്തതിനെത്തുടർന്ന് കേസ് അസീസിയ കോടതിയിലേക്ക് മാറ്റി. അവിടെയും സ്പോൺസർ ഹാജരാകാത്ത അവസ്ഥ വന്നപ്പോൾ, കേസ് ദമ്മാമിലെ ഹൈകോടതിയിലേക്ക് എത്തപ്പെട്ടു. ഇതിനിടെ സക്കീർ ഹുസൈന് നാട്ടിൽ പോകേണ്ടി വന്നതിനാൽ, പിള്ളച്ചേട്ടന്റെ കേസിന്റെ ചുമതല നവയുഗം ജീവകാരുണ്യപ്രവർത്തകൻ ഷിബു കുമാർ ഏറ്റെടുത്തു.
കേസ് നീണ്ടു പോകുന്നതിനിടയിൽ, പിള്ളച്ചേട്ടന് ഹൃദയാഘാതം ഉണ്ടായി. വിവരമറിഞ്ഞ് പെട്ടെന്ന് സ്ഥലത്ത് എത്തിയ ഷിബു കുമാർ, അദ്ദേഹത്തെ കൊണ്ടുപോയി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീവൻ രക്ഷപ്പെട്ടെങ്കിലും, ഡോക്റ്റർമാർ പരിശോധിച്ചതിൽ നിന്നും പിള്ളച്ചേട്ടന്റെ കിഡ്നിയും തകരാറിൽ ആണെന്നും, കൂടുതൽ ചികിത്സയ്ക്കായി നാട്ടിൽ കൊണ്ട് പോകണമെന്നും വിധിയെഴുതി.
തുടർന്ന് ഷിബുകുമാർ പിള്ളച്ചേട്ടന്റെ മെഡിക്കൽ രേഖകളും, ഡോക്റ്ററുടെ സർട്ടിഫിക്കറ്റുമായി ദമ്മാം തർഹീലിൽ പോയി, സാമൂഹ്യപ്രവർത്തകരായ നാസ് വക്കം, വെങ്കിടേഷ് എന്നിവരുടെ സഹായത്തോടെ തർഹീൽ അധികാരികളോട് വിവരം പറഞ്ഞ്, പിള്ളച്ചേട്ടനെ നാട്ടിലേയ്ക്ക് അയയ്ക്കാൻ സഹായിയ്ക്കണമെന്ന് അഭ്യർത്ഥിച്ചു. കാര്യം ബോധ്യമായപ്പോൾ മനുഷ്വത്വമുള്ള തർഹീൽ അധികാരികൾ, പിള്ളച്ചേട്ടന് എക്സിറ്റ് അടിച്ചു നൽകി.
പാസ്പോർട്ട് സ്പോൺസർ നൽകാത്തതിനാൽ, ഷിബു കുമാർ റിയാദിലെ ഇന്ത്യൻ എംബസ്സിയിൽ പോകുകയും, എംബസ്സി അധികൃതരുടെ സഹായത്തോടെ പിള്ളച്ചേട്ടന് ഔട്ട്പാസ്സ് അടിച്ചു വാങ്ങുകയും ചെയ്തു. തുഗ്‌ബ നവയുഗം യൂണിറ്റ് പ്രവർത്തകരുടെ മുൻകൈയിൽ പിരിവെടുത്ത് പിള്ളച്ചേട്ടന് വിമാന ടിക്കറ്റ് നൽകി.
അങ്ങനെ നിയമനടപടികൾ പൂർത്തിയാക്കി, തന്നെ സഹായിച്ച നവയുഗത്തിനും, എംബസ്സിയ്ക്കും, സൗദി അധികാരികൾക്കും, സാമൂഹ്യപ്രവർത്തകർക്കും ഒരായിരം നന്ദി പറഞ്ഞ്, പിള്ളച്ചേട്ടൻ നാട്ടിലേയ്ക്ക് മടങ്ങി.
Post Your Comments