
അസംഗഢ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് സമാജ് വാദി പാര്‍ട്ടി എം.പി. അമര്‍സിങ്ങിനെതിരെ കേസ് രജിസ്റ്റര്‍ചെയ്തു. അമര്‍സിങ്ങിനെതിരെയും മറ്റൊരു വ്യക്തിക്കെതിരെയും കറന്‍സി അസാധുവാക്കിയ വിഷയത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഐ.ടി. ആക്ട് സെക്ഷന്‍ 66 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. സാമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ കൈമാറിയതിനും ക്രിമിനല്‍ വകുപ്പായ ഐ.പി.സി. 506 പ്രകാരവുമാണ് കേസ്. പരാതി നൽകിയത് ബി.ജെ.പി. സംസ്ഥാന വക്താവ് ഐ.പി. സിങ്ങാണ്.
പ്രധാനമന്ത്രിക്കെതിരെയും കുടുംബത്തിനെതിരെയും അജ്ഞാതനായ വ്യക്തി നടത്തിയ പരാമര്‍ശങ്ങള്‍ കേട്ട് അമര്‍സിങ് ചിരിക്കുന്ന വീഡിയോദൃശ്യങ്ങള്‍ സാമൂഹ മാധ്യമത്തിലൂടെ തനിക്ക് ലഭിച്ചതായി ഐ.പി. സിങ് പറഞ്ഞു. സിങ് പോലീസില്‍ പരാതി നല്‍കിയത് ചൊവ്വാഴ്ചയാണ്.
എന്നാല്‍, ഈ സംഭവത്തെ അമര്‍സിങ് തള്ളിപ്പറഞ്ഞു. ഹോട്ടലിന് പുറത്ത് വാഹനം കാത്തുനിന്ന തന്റെയടുത്ത് ഒരു വ്യക്തിയെത്തുകയും സെല്‍ഫിയെടുക്കുകയും ചെയ്തുവെന്നും തുടര്‍ന്ന് ഇയാള്‍ പ്രധാനമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ രീതിയില്‍ സംസാരിക്കുകയും ചെയ്‌തെന്ന് അമര്‍സിങ് വ്യക്തമാക്കി. ഈ വീഡിയോ ദൃശ്യങ്ങളാണ് സാമൂഹ മാധ്യമങ്ങളില്‍ വൈറലായത്.
Post Your Comments