NewsInternational

സ്വദേശിവത്ക്കരണം : ജി.സി.സി രാജ്യങ്ങള്‍ കൈകോര്‍ക്കുന്നു

റിയാദ്: തൊഴില്‍ പ്രശ്‌നങ്ങള്‍ നേരിടാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ കൈകോര്‍ക്കണമെന്ന് ജിസിസി രാജ്യങ്ങളിലെ തൊഴില്‍ മന്ത്രിമാര്‍. സ്വദേശികള്‍ക്ക് സുരക്ഷിതമായ തൊഴില്‍ ഉറപ്പ് വരുത്താന്‍ പദ്ധതി അടുത്ത മാസം പ്രഖ്യാപിക്കാന്‍ റിയാദില്‍ ചേര്‍ന്ന സമ്മേളനം തീരുമാനിച്ചു.
തൊഴില്‍ രംഗത്തെ പ്രശ്‌ന പരിഹാരത്തിനും പുരോഗതിക്കുമായി ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ യോജിച്ച ശ്രമം ആവശ്യമാണെന്ന് റിയാദില്‍ ചേര്‍ന്ന ജി.സി.സി തൊഴില്‍ മന്ത്രിമാരുടെ മുപ്പത്തിമൂന്നാമത് സമ്മേളനം നിര്‍ദേശിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാര്‍ക്കും ഭിന്ന ശേഷിയുള്ളവര്‍ക്കും സുരക്ഷിതമായ തൊഴില്‍സാമൂഹിക സാഹചര്യം സൃഷ്ടിക്കുക, പൊതു മേഖലയിലും സ്വകാര്യ മേഖലയിലുമുള്ള നിക്ഷേപങ്ങള്‍ക്ക് തുല്യമായ പ്രാധാന്യവും സുരക്ഷിതത്വവും നല്‍കുക തുടങ്ങിയവ ഉറപ്പ് വരുത്തേണ്ടതുണ്ടെന്നു സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച സൗദി തൊഴില്‍ സാമൂഹികകാര്യ മന്ത്രി മുഫ്രിജ് അല്‍ ഹഖബാനി പറഞ്ഞു. വിപണിയിലെ ഉത്പാദന ക്ഷമതയും ആരോഗ്യകരമായ മത്സരങ്ങളും വര്‍ധിപ്പിക്കുകയും പൊതു സ്വകാര്യ മേഖലകള്‍ക്കിടയില്‍ കൂടുതല്‍ സഹകരണം ഉറപ്പു വരുത്തുകയും വേണം. ജി.സി.സി രാജ്യങ്ങളില്‍ സ്വദേശീവല്‍ക്കരണ പദ്ധതികള്‍ കൂടുതല്‍ ശക്തമാക്കുന്നതിനെകുറിച്ചും, സ്വദേശീ വിദേശീ അനുപാതം കുറയ്ക്കുന്നതിനെ കുറിച്ചും സമ്മേളനം ചര്‍ച്ച ചെയ്തു. വ്യത്യസ്തമായ വെല്ലുവിളികള്‍ ആണ് ഓരോ രാജ്യവും അഭിമുഖീകരിക്കുന്നത് എങ്കിലും പരസ്പര സഹകരണത്തിലൂടെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകും എന്നാണു പ്രതീക്ഷ. അടുത്ത മൂന്ന്! വര്‍ഷത്തിനിടയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് മെച്ചപ്പെട്ട ജോലി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ എട്ടിന പദ്ധതി തയ്യാറാക്കിയതായി മുഫ്രിജ് അല്‍ ഹഖബാനി അറിയിച്ചു. അടുത്ത മാസം ബഹ്‌റൈനില്‍ നടക്കുന്ന ജി.സി.സി സമ്മേളനത്തില്‍ ഇത് സംബന്ധമായ പ്രഖ്യാപനം ഉണ്ടാകും. കൂടുതല്‍ സ്വദേശികള്‍ക്ക് ജോലി നല്‍കിയ ജിസിസി രാജ്യങ്ങളിലെയും യമനിലെയും ചില കമ്ബനികളെ സമ്മേളനത്തില്‍ വെച്ച് ആദരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button