Kerala

ചാരിറ്റി ട്രസ്റ്റിന്റെ മറവിലും കള്ളപ്പണം; കേരളത്തിലേക്ക് ഒഴുകിയത് 6700 കോടി

കോട്ടയം: കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനത്തിന്റെ ഭാഗമായി ചാരിറ്റി ട്രസ്റ്റുകളോടും സൊസൈറ്റികളോടും കണക്കു ബോധിപ്പിക്കാന്‍ ആദായ നികുതി വകുപ്പ് നിര്‍ദ്ദേശിച്ചു. ഈ മാസം എട്ടാം തീയതി വരെയുള്ള കണക്കു ബോധിപ്പിക്കാനായിരുന്നു നിര്‍ദ്ദേശം. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്.

ചില ട്രസ്റ്റുകളുടേയും സൊസൈറ്റികളുടേയും മറവില്‍ കള്ളപ്പണം വെളുപ്പിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി ആരംഭിച്ചത്. വിദേശത്തുനിന്നും കേരളത്തിലേക്ക് 6700 കോടിയോളം കള്ളപ്പണം എത്തിയെന്ന വിവരവും ലഭിച്ചിരുന്നു. തുടര്‍ന്നാണ് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ചത്. നവംബര്‍ എട്ടിനു ശേഷം സ്ഥാപനങ്ങള്‍ നടത്തിയിരിക്കുന്ന ബാങ്ക് നിക്ഷേപങ്ങള്‍ ഡിസംബര്‍ 30നു ശേഷം പരിശോധിക്കും. ഇനി 500, 1000 രൂപ നോട്ടുകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ഈ മാസം 18-നുള്ളില്‍ മറുപടി നല്‍കിയില്ലെങ്കില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടേണ്ടിവരുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍നിന്നു സംഭാവന സ്വീകരിക്കുന്ന ചില എന്‍ജിഒകളെ മറയാക്കിയാണ് ഇന്ത്യയിലേക്ക് കള്ളപ്പണം ഒഴികിയത്. ഉത്തരകൊറിയ, സിറിയ, ക്യൂബ, കിര്‍ഗിസ്ഥാന്‍, സ്വാസിലാന്‍ഡ്, ലക്സംബര്‍ഗ്, മാള്‍ട്ട തുടങ്ങിയ ചെറു രാജ്യങ്ങളില്‍നിന്നു സ്ഥിരമായി ഈ സംഘടനകള്‍ക്കു സംഭാവന ലഭിക്കുന്നതും ശ്രദ്ധയില്‍പെട്ടിരുന്നു.

ഇത്തരം എന്‍ജിഒകള്‍ നേതൃത്വം നല്‍കുന്ന ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ നികുതി ആനുകൂല്യങ്ങള്‍ കൈപ്പറ്റി വെളുപ്പിക്കുന്ന കള്ളപ്പണം ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. 2014-15 വര്‍ഷത്തില്‍ 1620 സ്ഥാപനങ്ങള്‍ സ്വീകരിച്ചിരിക്കുന്നത് 2511 കോടി രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button