ഡൽഹി: മുന്ന് സ്‌ത്രീകൾ ഉള്‍പ്പെടെ ആറ് നക്‌സലൈറ്റുകള്‍ സുരക്ഷാ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിലെ മതേമ്പാറ, ഗോണ്ഡാപാള്ളി വാനന്തരങ്ങളില്‍ ഇന്നലെ നടന്ന ഏറ്റുമുട്ടലിലാണ് സ്‌ത്രീകൾ ഉള്‍പ്പെടെയുള്ള നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. ഈ വനാന്തരങ്ങളില്‍ നക്‌സലൈറ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സൈന്യം നീക്കം നടത്തിയതെന്ന് ദന്ദേവാഡ പോലീസ് സുപ്രണ്ടന്റ് കംലോച്ച കശ്യപ് ഒരു ദേശീയ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ദന്ദേവാഡ ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ്, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ്, സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്, സുഖ്മ ഡിആര്‍ജി എന്നീ സുരക്ഷാ സൈന്യങ്ങള്‍ സംയുക്തമായാണ് നക്‌സലൈറ്റുകള്‍ക്കെതിരായ നീക്കം നടത്തിയത്. പോലീസിന്റെ സാന്നിധ്യം മനസിലാക്കിയതിനെത്തുടർന്ന് നക്‌സലൈറ്റുകള്‍ പോലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് കശ്യപ് പറഞ്ഞു. എന്നാല്‍ ശക്തമായ പോലീസ് തിരിച്ചടിയില്‍ നക്‌സല്‍ സംഘം പിന്‍വാങ്ങുകയായിരുന്നു. ഏറ്റുമുട്ടലിന് ശേഷം നടത്തിയ പരിശോധനയിലാണ് കൊല്ലപ്പെട്ട ആറ് നക്‌സലൈറ്റുകളുടെ മൃതദേഹം കണ്ടെടുത്തത്. കൊല്ലപ്പെട്ടവരില്‍ നിന്നും 303, 315, ഡബിള്‍ ബാരല്‍ റൈഫിളുകള്‍ കണ്ടെടുത്തതായും പോലീസ് കൂട്ടിചേര്‍ത്തു.
Post Your Comments